ശനിയാഴ്‌ച

മോന്റെ പിറന്നാള്‍




ഞാന്‍ സച്ചൂട്ടന്‍,
അങ്ങനാ അച്ഛനുമമ്മയും
വിളിക്കാറ്.
ശരിക്കും ഞാന്‍ നിരഞ്ജനാ.
ഈ ജൂണ്‍മാസം 13നു സച്ചൂട്ടന്റെ അഞ്ചാം പിറന്നാളാണ്.
എനിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണേ…..

സച്ചൂട്ടന്റെ ഇഷ്ടങ്ങള്‍ അറിയണമെങ്കില്‍..

ഏറ്റവും ഇഷ്ടമുളളത് - അച്ഛനെ (ചുമ്മാ അമ്മയെ പിണക്കാനാ കേട്ടോ) സത്യത്തില്‍ അമ്മയെത്തന്നെയാണെന്ന് അച്ഛനറിയാമല്ലോ...പിന്നെന്താ?
ഇഷ്ട കളിപ്പാട്ടം - ചിന്നുവാവ (സച്ചൂട്ടന്റെ അനിയത്തിക്കുട്ടിയാണേ) വെറും പാവമാ ...,സച്ചൂട്ടനെ പ്പോലെ!
ഇഷ്ടവിനോദം - സൈക്കിള്‍ ചവിട്ടലും,ദോശചുടലും പിന്നെ അമ്മയായിട്ട് വഴക്കിടലും
ഇഷ്ടഭക്ഷണം - മുളകുചമ്മന്തിക്കൂട്ടി എന്തു തന്നാലും.ഹൊ, പറയാന്‍ മറന്നു...ചിക്കന്‍ബിരിയാണീം ഇഷ്ടമാ...
ഉറക്കം - അച്ഛനുണ്ടെങ്കില്‍ നെഞ്ചിന്റെ മുകളില്‍
അല്ലെങ്കില്‍ അമ്മയ്ക്കും ചിന്നൂനും ഇടയ്ക്ക്
ഇഷ്ടപാട്ട് - യേശുദാസ് മാമന്റെ പാട്ടെല്ലാം സച്ചൂട്ടനിഷ്ടാ.
അനുരാഗിണി ഇതാ ഒക്കെ ഞാന്‍ മുഴുവനും പാടൂല്ലോ
പിന്നെ പിന്നെ,കോടക്കാറ്റിലൂഞ്ഞാലാടും കായല്‍ ത്തീരോം കൊടിയവേനല്‍ ക്കാലോം.പിന്നെ അച്ഛന്‍ പാടുന്നാ “സച്ചുവെന്നൊരു കുഞ്ഞുണ്ട്,ചക്കരവാവ കുഞ്ഞുണ്ട്…“അതും ഇഷ്ടമാ.
ഇഷ്ട വേഷം - മുണ്ടും ഷര്‍ട്ടും,പക്ഷേ സ്കൂളില് പോകുമ്പോള്‍
ഡ്രൈവറങ്കിള്‍ വേണം ഉരിഞ്ഞ് പോകുമ്പോള്‍
ഉടുത്ത് തരാന്‍.ഉരിഞ്ഞാലും സച്ചൂട്ടന് നാണമൊന്നുമില്ലാ കേട്ടോ!

ഒത്തിരി ഒത്തിരി സ്നേഹത്തോടെ

നിങ്ങളുടെ

സച്ചൂട്ടന്‍.

വ്യാഴാഴ്‌ച

വെറുക്കപ്പെടേണ്ടത്

ഞാന്‍ മറന്നതല്ലാ..

നിന്റെ ഉന്തിയ വയറും,
വരിതെറ്റിയകന്ന നട്ടെല്ലിന്
തുണ കൊടുത്തുഴറിയ
ക്ലാവ് നക്കിയ വളകളും
രാത്രിയുടെ ആക്രാന്തങ്ങള്‍ക്കിടയില്‍
ചരിഞ്ഞും തിരിഞ്ഞും ഇരുന്നും
പല്ലിളിക്കാന്‍ തുടങ്ങിയിട്ട്
മാസങ്ങളെത്രയായി.

വലിഞ്ഞുകീറിയ മിനുമിനുപ്പിലെ
വെറിവീണ കറുത്ത പാടുകളെ
കണ്ണിറുക്കി മറച്ച്,
ഉറതിന്നാത്ത ഇന്ദ്രിയങ്ങള്‍
നോവ് കശക്കിയുടക്കുമ്പോള്‍
നാവു നൊട്ടിനുണഞ്ഞ്
കാലത്ത് നീ പറഞ്ഞ
വയറ്റുകണ്ണിയാക്കങ്ങള്‍
അടിവയറിന്റെ മ്യദുലതയ്ക്കുള്ളില്‍ നിന്നും
ആരോ വീണ്ടും മൂളുന്നു.
“അരക്കിലോ പഴവും
നാലുപൊറൊട്ടയും…“

വിയര്‍പ്പകന്ന് മയക്കമേറുമ്പോള്‍
മറുവശത്തേക്ക് തലമറിക്കുമ്പോള്‍
അലമാരയിലെ കണ്ണാ‍ടിക്കുള്ളില്‍
ബാറിലെ എരിവിറ്റുന്ന ഇറച്ചിക്കറി
പുരണ്ടമണത്തില്‍ മുഖമമര്‍ത്തി
കൂര്‍ക്കം വലിക്കുന്ന നിന്റെ ചിത്രം.

ഞാന്‍ മനപൂര്‍വ്വം മറന്നതല്ലാ!

ബുധനാഴ്‌ച

അമ്മ അറിയാന്‍

സ്വപ്നങ്ങളുടെ പകിട്ട്
മങ്ങിമരവിച്ചുവെങ്കിലും
കൊടും പനിയുടെ തീക്കാറ്റ് വീശിയ
ചരിവുകളിലൂടെ നിരങ്ങിയുരഞ്ഞ്
രാവിലെ ഉറക്കമെഴുന്നേറ്റത്
അമ്മയുടെ മടിയില്‍ നിന്നാണ്.
തലമുടിയിഴകള്‍യ്ക്കിടയിലൂടെ
ചുണ്ണാമ്പ് കറവീണ വിരലുകളാല്‍
ഒരേ താളത്തില്‍ ,
അവ്യക്തമായ ഭാഷയില്‍ നീട്ടിയും കുറുക്കിയും
അമ്മയെന്തോ കോറിയിടുന്നുണ്ടായിരുന്നു .
വിരല്‍ത്തുമ്പില്‍ പൂത്ത് മണക്കുന്നാ വാക്ക്
അടര്‍ത്തി ഒതുക്കുവാനെന്ന പോലെ
ഉണര്‍വ്വ് കണ്ണിമ വിട്ട് പിന്നെയും പിണക്കം നടിച്ചു.

പഞ്ചാരമണലിന്റെ കുളിര്‍മ്മയുറങ്ങുന്ന
അമ്മയുടെ വയറിന്റെ തണുപ്പില്‍,
ആ മടിയില്‍ മുഖമൊതുക്കി കിടക്കവെ
വാഴപ്പോളക്കിടയില്‍ വച്ച
പതുപതുത്ത വെറ്റിലയുടെ മണത്തോടെ
അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ചൊല്ലുന്നതും,
തേങ്ങിവരണ്ടൊരു ഇടര്‍ച്ചക്കിടയില്‍
ജാക്കറ്റിന്റെ ഇടത്തേമൂലയില്‍ തിരുകിയ
കൈലേസിലെ നാണയത്തുട്ടുകള്‍ എണ്ണിനോക്കി
ഉടുതുണിയുടെ കോന്തലയാല്‍ മാറ് മറച്ച്
പുറത്തെ വെയിലിലേക്ക്
ഒരു പണയപണ്ടമെന്ന പോലെ പാഞ്ഞുമറയുന്നതും
കിടുകിടുപ്പോടെ പ്രാണന്‍ സാക്ഷ്യപ്പെടുത്തുന്നു.
നെറുകയിലിട്ട ഭസ്മത്തിനൊപ്പം
പൊന്നുമോനെ കാത്തോളണേ എന്ന ആവലാതി
അമ്മ തിരികെയെത്തും വരെ
എനിക്ക് കൂട്ടിരുന്നു.

അര്‍ദ്ധ ബോധാവസ്ഥയിലെപ്പോഴോ
പൊള്ളുന്ന നെറ്റിയിലൊരു
നനവിറ്റുന്ന കീറതിരശ്ശീല വന്നുപതിയുന്നതും
അമ്മയുടെ പ്രാര്‍ത്ഥനയിട്ട് ചതച്ചെടുത്ത
കുരുമുളകിന്റെ നീറ്റലില്‍
പനിഒടുങ്ങിത്തീരുന്നതും തിരിച്ചറിയുമ്പോള്‍
ചുണ്ടില്‍ പ്ലാവിലയിലിറ്റിച്ച
ചൂടാറാത്ത കഞ്ഞിയുടെ സ്വാദ്!

അമ്മേ,
പ്രായത്തിന്റെ കട്ടിക്കണ്ണട വച്ച
ചാലുകീറിയ പക്വതപ്പഴുപ്പിന്റെ മറവില്‍
എന്റെ തൊലിക്കു മീതെ ഗൌരവം കത്തിപ്പടരുമ്പോഴും
ഈ കുറുമ്പന്റെ കുഞ്ഞുമനസ്സിന്റെ ഉള്ളിലിപ്പൊഴും
ആ മടിയുടെ ചൂടും,
പഞ്ചാരമണലിന്റെ തണുപ്പും മാത്രമേയുളളുവെന്ന്
എന്റെ അമ്മ അറിയുന്നുണ്ടാവുമോ?!

തിങ്കളാഴ്‌ച

കാണാതെ പോയത്

കടപ്പാടറുത്ത്,
കഥയിലൊന്ന് പകുതിയിലും നിര്‍ത്തി
കര്‍ക്കിടക പ്രളയത്തിലേക്ക്
കുളിര്‍ കൂടാതെ കിതച്ച് നടക്കുമ്പോള്‍
പീളമുറുകി അടഞ്ഞുചേര്‍ന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്‍
ഉറുമ്പുകളുടെ ശവഘോഷയാത്ര!

ചാറ്റമഴ കുടിച്ച് ആര്‍ത്തിതീര്‍ന്ന
ചെണ്ടുമല്ലിയിലെ ബാക്കിയായ നനവ്
പ്രണയം തോട് പൊട്ടിച്ച് ഉന്മത്തമാക്കിയ
പുറമ്പോക്കുകളിലെവിടെയൊ വെച്ച്
നിന്നിലേക്ക് കുലുക്കി പൊഴിച്ചതും
പെട്ടെന്നൊരാളലില്‍ ഇറുകെ പുണര്‍ന്ന്
ചൊടിയുടെ ചൂടാലുരുകും മുമ്പ് നുണഞ്ഞിറക്കിയതും
കാറ്റ് ചെവിതിരുമ്മി ഓര്‍മ്മപ്പെടുത്തുന്നു
കറവീണ ചുണ്ടുകളില്‍ തട്ടി
ഒലിച്ചിറങ്ങുന്ന ജലപ്പാടുകളില്‍
കുതിര്‍ന്നു പടരുന്ന സിന്ദൂരത്തിന്റെ
മദിപ്പിക്കുന്ന ഗന്ധം .

കാലന്‍കോഴി നീട്ടിനീട്ടി കൂവുന്ന പാതിരാവിലും
തഴുകിതിണര്‍ത്ത വിരല്‍പ്പാടുകളില്‍ ചുണ്ടുരച്ച്
പോള കനത്ത കണ്ണുകളിലിറ്റും പ്രണയവുമായി
കാത്തിരിപ്പ് തുടരുക….
മുലക്കച്ച അഴിഞ്ഞുതിര്‍ന്ന പാതയിലൂടെ
മുഖമണച്ച് ഞാന്‍ നിന്നിലേക്ക്
ഇഴഞ്ഞിറങ്ങുന്ന മറുകാലവും തേടി!

ചൊവ്വാഴ്ച

എന്റെ പിഴ

കുത്തിത്തുളച്ച ചങ്ങാടം കണക്കെ
പടിഞ്ഞാറേ പുഴയിലേക്കാണവള്‍
ആദ്യം ഒഴുകി വന്നത്.
എതിര്‍പ്പുകളുടെ ശാസ്ത്രീയത ശരി വയ്ക്കുമ്പോലെ
വലംകാല്‍ ഇടംകാലിന്‍ മീതെ
പിണഞ്ഞ് പൂട്ടപ്പെട്ടിരുന്നു.
മീശ മുറ്റാത്ത പരലുകളുടെ
ഇടതടവില്ലാത്ത സുരത സുഖത്താലാവാം
മാറിടം നഗ്നമായിരുന്നു.
തുടിച്ച് പതഞ്ഞൊഴുകിയ വിപ്ലവത്തിന്റെ
ചങ്ങലക്കൊളുത്ത് കണക്കെ,
നിറമൊരല്പം കടുത്തുതുടങ്ങിയ ഒരു രക്തനക്ഷത്രം
ഇടംകൈ തഴുകിപ്പൊതിഞ്ഞ
അടിവയറിന്റെ മുഴുപ്പിനും താഴെ
ആരോടെന്നില്ലാത്ത വെല്ലുവിളിയും തുപ്പിത്തെറുപ്പിച്ച്
കുഞ്ഞുമുഷ് ടിചുരുട്ടിയുറങ്ങുന്നു.
ഭ്രാന്തന്‍ നായ്കള്‍ കടിച്ച് പറിച്ച
മുലക്കണ്ണിലൂടെ ഉരുകിയൊലിക്കുന്ന
ചെങ്കടല്‍ കണ്ട് കോരിത്തരിച്ച്
വിക്രമന്‍ സഖാവ് കിഴക്കോട്ട് തിരിഞ്ഞ്,
കഞ്ഞിപ്പശ ഉടയാത്ത ഒറ്റമുണ്ടൊരറ്റം ഇടംകൈയിലേറ്റി
പ്രസ്താവന പുറപ്പെടുവിച്ചു
“ഫ് ഭാ..,പെഴച്ചവള്‍…!”