ചൊവ്വാഴ്ച

ആത്മഹത്യാക്കുറിപ്പ്

ആഴങ്ങളിലേക്കെന്ന്
കാഴ്ച തൊടുത്ത്
മധുരമെന്ന്
കളവുപറഞ്ഞ്
കാഞ്ഞിര വെള്ളം മോന്തിച്ച
വാക്കുകളേ,

നിശ്വാസങ്ങള്‍ക്കക്കരെയിക്കരെ
ചൂടുചുവപ്പന് പുഴ
ഒഴുകികൊണ്ടേയിരിക്കുന്നുവെന്ന്
പ്രാണനെ അവിശ്വസിപ്പിച്ച
വിരലടയാളങ്ങളേ,

ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന് കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ

പ്രണയരാവുകളുടെ
ആദിമദ്ധ്യാന്തങ്ങളില്
പുറം മാന്തിപ്പൊളിച്ച
കിടക്കവിരികളേ..

ഞാനീ എലിവിഷത്തിന്റെ
നെല്ലിക്കാചവര്പ്പു കൊണ്ട്
കൊന്നു കുഴിച്ചുമൂടുകയാണ്..
….
എന്നെയല്ലാ…,
നിങ്ങളെ!!
ഹ..ഹ..ഹ!

ഞായറാഴ്‌ച

റിയാലിറ്റി ഷോ

ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!

മോങ്ങിയതേയില്ല,

ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!

കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,

കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!

ഒടുവില്‍
എലിമിനേഷന്‍ റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!