ചൊവ്വാഴ്ച

വേലിപ്പത്തലുകള് പറയുന്നതെന്തെന്നാല്..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും.

ഇടവേളകളില്‍
“സമയമായില്ലേ“ന്നൊരു കമ്പിസന്ദേശം
നെടുവീര്‍പ്പിലെ ഉപ്പുവെള്ളത്തില്‍ ചാലിച്ച്
മാനത്തേക്ക് കയറ്റി അയയ്ക്കും
മറ്റുചിലപ്പോള്‍
വാക്കുകള്‍ നടന്നുമറഞ്ഞ രസനത്തുമ്പിലെ
മാധുര്യം നിറഞ്ഞോരാ പഴയപാട്ടിന്‍ തുണ്ട്
കഫകയ്പിന്റെ കുറുകലിനൊപ്പം
വിഴുങ്ങിയൊതുക്കാനായി വിഫലശ്രമം.

പച്ചിലക്കൂട്ടങ്ങളോട്
പിണങ്ങിയെത്തിയ കുരുവികള്‍
മരവിപ്പ് പേറിയ ചുള്ളിപടര്‍പ്പുകളില്‍
കുഞ്ഞു ചിറകുകളൊതുക്കുമ്പോള്‍
നൂറ്പുഴയുടെ കുളിരിനോടെന്നപോലെ
“വിട്ടുപോകല്ലേ“ന്നൊരു പ്രാര്‍ത്ഥന
ഞരങ്ങിപിടഞ്ഞെഴുന്നേല്ക്കും ഞരമ്പുകളില്‍!!

കാറ്റത്തൂര്‍ന്ന് ,
ചിതറിത്തെറിച്ചത് രാത്രിയിലാവും.
കെട്ടുകളില്‍ പിണഞ്ഞ്
ആഴ്ന്നിറങ്ങിപ്പോയ
കരുതലുകളായിരുന്നുവത്രേ പറമ്പില്‍ നിറയെ!!

വൃത്തിയാക്കലിന്റെ പുത്തന്‍ ശാസ്ത്രീയത
മുറ്റത്ത് ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍
ഇടങ്കണ്ണ് ചുവപ്പിച്ചൊരു പഴഞ്ചന്‍ കാക്ക
തൂത്ത് കൂട്ടിയതിനിടയിലെന്തോ
തിരയാന്‍ തൂടങ്ങിയിട്ടുണ്ടിപ്പോള്‍..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും......,,,,,

പറമ്പിലാണോ
അതോ ഇരുട്ടിന് തീറെഴുതിക്കൊടുത്ത
വീട്ടിനുള്ളിലെ പുറമ്പോക്കതിരിലോ?

???!!!!