ഞായറാഴ്‌ച

ഒരു പാമ്പുകടിക്കഥ-മധുരാനുഭവങ്ങള്‍!

ഒരുപാട്‌ നാളുകൾ പുറകിലാണ് ഈ കഥനടക്കുന്നത്‌.ഈയുള്ളവന്റെ വേളിയൊക്കെ കഴിഞ്ഞ്‌ സകുടുംബം കഷ്ടതയിൽ വാഴും കാലം.അന്യജാതിയില്‍ നിന്നൊരുത്തിയെ അടിച്ച്മാറ്റിയ വകയിൽ കിട്ടിയ “സത്പ്പേർ “പുഴുങ്ങിയോ വേവിച്ചോ പ്രിയതമക്കും മകനുമായി ഷെയറു ചെയ്ത്‌ മുളകു ചമ്മന്തിയിൽ ജീവിതമെങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നു കൂലംകഷമായി ചിന്തിച്ച് രാത്രികളെ ധന്യമാക്കിയിരുന്ന നാളുകളിലാണു ഇടിവെട്ട്‌ പോലെ ഒരു ലോട്ടറി തരപ്പെടുന്നത്‌.
ലോട്ടറി കൊണ്ടുവന്നതോ നല്ല വിഷം മുറ്റിയ ഒരു പാമ്പും..!
ഈയുള്ളവന്റെ വലതുകാലിന്റെ മൃദുലതകണ്ട്‌ കൊതി അടക്കാനാവാതെ ആണൊ എന്തോ,ആര്‍ക്കറിയാം ഒന്നെടുത്താല്‍ ഒന്നു ഫ്രീയെന്നപോലെ രണ്ട് കടി..(കടിയാണോ,കൊത്താണോ..?)
രാത്രിയിലാണ് സംഭവം.ജഗ്ജിത്ത്‌ സിങ്ങിന്റെ സഹറും കേട്ട്‌ രണ്ട്‌ വറ്റ്‌ ഉള്ളിലാക്കാൻ കിടപ്പുമുറിയിൽ ഇരിക്കുന്ന നേരത്തിലത്രേ സംഗതിയുടെ തുടക്കം.(ക്ഷമിക്കുക..ഡൈനിങ്ങ്‌ ഹാളിൽ ).
ഞാൻ ഒരുമാതിരി ഒക്കെ കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന കറിയാണ് രസം.അന്ന് എന്റെ നല്ല സമയത്തിനു വാമഭാഗത്തിന്റെ വളയിട്ടകൈകളാല്‍ മെനഞ്ഞ രസമായിരുന്നു,
ചോറിലൊഴിച്ചൊന്ന് കുഴച്ച് നോക്കുമ്പോള്‍ കുരുമുളക് കുറവ്..തീര്‍ന്നില്ലേ കഥ.
കുരുമുളകില്ലെങ്കില്‍ പിന്നെന്തു രസം..? ഉണക്കാനുള്ള സമയവും വാങ്ങാനുള്ള ദമ്പടിയും ഇല്ലാതിരുന്നതിനാൽ പറമ്പിലുള്ള കുരുമുളക്‌ കൊടിയിൽ നിന്നും മൂത്തില്ലെങ്കിലും രണ്ടെണ്ണം പൊട്ടിക്കാൻ തന്നെ നാമങ്ങട് തീരുമാനിച്ചു.
“കഷ്ടകാലേ കോണകുലു പാമ്പുലൂ ..“എന്നല്ലേ ചൊല്ല് !അത് അന്വർത്ഥമാക്കും വിധമായിരുന്നു കഥയുടെ പിന്നീടുള്ള ഒഴുക്ക്‌.
പെണ്ണു ആകാശത്തേക്ക്‌ നിറയൊഴിക്കാതെ മൂന്നുതവണ വാണിങ്ങ്‌ തന്നു...പോകണ്ടാ..
അമ്മ സീരിയലിന്റെ നടുക്കൂന്ന് ഓടിവന്നു പറഞ്ഞൂ...പോണ്ടാ!
എബടെ കേൾക്കാൻ?യാര് കേള്‍ക്കാന്‍..?
നമ്മളെ ഒരുത്തൻ അവിടെ ഒറക്കമൊഴിച്ച് കാത്തു കാത്തിരിക്കുമ്പോൾ പോകണ്ടാന്ന് പറയാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു..? ഹല്ല പിന്നെ..
ഞാനിറങ്ങി..പറമ്പിലെ ഇരുട്ടിനകത്തേക്ക്‌.
കൈതക്കാടുകൾക്കിടയിലെ കുരുമുളക്‌ പൊട്ടിച്ച് തിരിയുമ്പോൾ തന്നെ ആദ്യഡോസ്‌ കിട്ടി...ഒരു നിമിഷം പോലും വൈകാതെ രണ്ടാമത്തേതും..ആനന്ദലബ്ദിക്കിനിയെന്തു വേണം...ഞാൻ വെരി വെരി ഹാപ്പി!
കട്ടുറുമ്പെന്ന എന്റെ മിഥ്യാധാരണകളെ കാറ്റിൽ പറത്തി മൂന്നു ചുവടുകൾക്കുള്ളിൽ ഞാൻ തലച്ചാരായം കാച്ചിയ പ്രതീതി പരത്തി വേച്ച് വേച്ച് വീട്ടിലേക്ക്‌......
വാതിൽക്കൽ അന്തർജ്ജനം കുരുമുളകിനല്ലാ,ഇരുട്ടിലേക്ക്‌ പോയ അവളുടെ വെളിച്ചത്തെ കാത്തു നിൽക്കുന്നത്‌ അവ്യക്തമായി ഞാൻ കാണുന്നുണ്ടായിരുന്നു.
പാവത്തിനൊന്നും മനസ്സിലായില്ലാ..
ധീരമധുരമായി ഞാൻ മൊഴിഞ്ഞു.."ഒരു ഉറുമ്പു കടിച്ചു"
നെഞ്ചിടിപ്പു കൂടിവരുന്നതിന് ഒരു മര്യാദയില്ലാതായപ്പോള്‍ സധൈര്യം ഞാന്‍ മുറിയിലേക്ക് കയറി .പടിയിലെവിടെയോ വച്ചിരുന്ന ബ്ലേഡാല്‍ കടികൊണ്ട ഭാഗം മുറിക്കാനുള്ള എന്റെ ധീരമായ നടപടി ആരംഭിക്കും മുൻപേ അവൾ കണ്ടു പാദത്തിലൂടെ ഒഴുകിയിറങ്ങുന്ന ചോര..
കരച്ചിലിന്റെ ആദ്യഘഡുവിനു ഏറെ താമസമുണ്ടായില്ലാ.
കടികൊണ്ടഭാഗം ബ്ലേഡാൽ ക്കീറി ചോരയും വെള്ളവും പോലെന്തോ ഞെക്കിക്കളയുന്ന അവസ്ഥയിലും സമാധാനപ്പെടുത്തലിന്റെ അവ്യക്തമായ രണ്ടുവാക്ക്‌ ഞാനെറിഞ്ഞ് നോക്കിയെങ്കിലും..എവിടെ.....നോ രക്ഷ! ആരോഹണാവരോഹണക്രമത്തില്‍ അവളുടെ ഹിന്ദുസ്ഥാനി..!
അമ്മയെത്തി,കൂട്ടുകുടുംബത്തിന്റെ പങ്കാളികളായ ചേട്ടന്മാരും ചേട്ടത്തിമാരും എത്തീ..ഞാനോ ദിക്കുകളറിയാതേ കാഴ്ച മങ്ങുന്ന മറ്റേതൊ ലോകത്തിലേക്കും എത്തി!
ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു...
ശബ്ദങ്ങളും എന്നെവിട്ട്‌ അകന്നുപോകുന്നതുപോലെ..ശ്ശെടാ,ദേണ്ടെ ഞാൻ മരിക്കാൻ പോകുന്നു..
അതിലുപരി കുട്ടിക്കളിമാറാത്ത ഒരു പാവം പെണ്ണിന് കറുത്തുതുടങ്ങിയ മാലയില്‍ കൊരുത്തിട്ട താലിയും നഷ്ടമാകുന്നു...
വിഷത്തിന്റെ മൂർദ്ധന്യത്തിലും ഞാനൊന്ന് പിടഞ്ഞുവോ?
എനിക്ക്‌ ആശുപത്രിയിൽ പോകണം..,
കാഴ്ചക്കാരോടായി എന്റെ ഇടറിയ വാക്ക്‌ അതായിരുന്നു..
കൂടപ്പിറപ്പുകളിലൊന്നിനു ഓട്ടോറിക്ഷായുണ്ട്‌..തൊട്ടടുത്ത്‌ മുറിയിലെ സാഹോദര്യത്തോട്‌ അമ്മചോദിക്കുന്നു...“അവനെ നമുക്ക്‌ ആശൂത്രി കൊണ്ടോണം..നീയാ ഓട്ടോന്നു എടുത്തോണ്ട്‌ വാ പെട്ടെന്നു. ...”
സഹോദരൻ അയ്യപ്പന്റെ മറുപടിയോ തത്വചിന്തയിൽ അധിഷ്ടിതമായിരുന്നു.."നടന്നു പോകാനുള്ള ദൂരമല്ലേയുള്ളൂ..!"
ദുരഭിമാനത്തിന്റെ ചുരമാന്തിപ്പൊളിക്കുന്ന എനിക്കിട്ടോ അയ്യപ്പാ ഏറ്?
ഞാൻ നടന്നു...പിടിക്കാൻ വന്നവരുടെ കയ്യെറ്റി ഞാൻ നടന്നു..മുന്നിൽ മരണവും എന്റെ സാന്നിദ്ധ്യം വേണ്ട രണ്ട്‌ ജീവനുകളും മാത്രം..ഓരോ കാല്‍ വെയ്പിലും ഉടല്‍ രണ്ട്‌ അടി പിന്നോക്കം പോകുന്നതും കതിനക്കുറ്റി പോലെ ചങ്ക് പുകഞ്ഞ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നതും ആസ്വദിച്ച് ഞാൻ നടന്നു...
പെരുവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ജീവിതങ്ങള്‍ മുറുകെപ്പിടിച്ച് തന്നെ...!
കാലമെത്ര കഴിഞ്ഞു....ഓർക്കുമ്പോൾ ഇപ്പോൾ നല്ല രസം തോന്നുന്നു..അന്നു കൂട്ടാതെ മാറ്റിവച്ച രസത്തിനെയും തോല്‍പ്പിക്കുന്ന രസം...!

ഈശ്വരാ..നിനക്ക്‌ നന്ദി..എന്റെ പെണ്ണേ..നിന്റെ പ്രാർത്ഥനകൾക്കും!

31 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

കയ്പിനിടയിലും ഇങ്ങനെ മധുരം വിളമ്പുന്ന എത്രയെത്ര കാഴ്ചകള്‍...,
വല്ലാതെ സ്നേഹിച്ചുപോകുന്നു ഈ നരച്ച ജീവിതത്തെയും!

ചാന്ദ്‌നി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

തണല്‍ജീ.. ഇങ്ങനെ വേദനയെടുത്ത്‌ ചിരിയില്‍ ചാലിച്ചു തന്നാല്‍ ഞങ്ങള്‍ ഇറക്കണോ തുപ്പണോ.. ഇറക്കീട്ട്‌ ചിരിക്കണോ എന്ന്‌ ശങ്കിച്ചിരുന്നു പോകും. എഴുത്തിനും ധീരതയ്ക്കും ഓരോ അവാര്‍ഡ്‌. തൊപ്പിയൂരി സലാം.

ചന്ദ്രകാന്തം പറഞ്ഞു...

..കൊത്തും, കുത്തും.. !!
ഒരുപോലെ വേദന പടര്‍‌ത്തുന്ന അനുഭവം.

(പിന്നെ.., ഇങ്ങനെ രണ്ട്‌ വിഷത്തിന്റെ നീറ്റലും അനുഭവിച്ചതോണ്ട്‌, ചുറ്റുമുള്ള എല്ലാത്തരം ഇരുട്ടും കണ്ണ്‌ തിരിച്ചറിഞ്ഞില്ലേ.. അതോണ്ടല്ലെ..ഇപ്പൊ കാണുന്ന ഈ വെളിച്ചത്തിനിത്ര തെളിച്ചം..!!!)

siva // ശിവ പറഞ്ഞു...

സഹോദരൻ അയ്യപ്പന്റെ മറുപടി കൊള്ളാമല്ലോ!

എന്തായാലും വേറെ കുഴപ്പമൊന്നും ഉണ്ടാവാത്തതില്‍ ആശ്വസിക്കൂ...

എനിക്ക് വലിയ പേടിയാ ഈ പാമ്പുകളെ...

സസ്നേഹം,

ശിവ.

ഗീത പറഞ്ഞു...

ഒന്നുകില്‍ അങ്ങേയറ്റത്ത് അല്ലെങ്കില്‍ ഇങ്ങേയറ്റത്ത്.

ഹരിത് പറഞ്ഞു...

ആക്ച്വലി, അപ്പോ ആ പാമ്പിനെന്തു പറ്റി?
:)തണല്‍ ഈ പോസ്റ്റെഴുതാന്‍ ജീവനോടെ ഉള്ളസ്ഥിതിയ്ക്കു ചോദിച്ചു പോയതാണു. വേറൊന്നും വിചാരിയ്ക്കരുതു്,, പ്ലീസ്.

Unknown പറഞ്ഞു...

ശരിക്കും കണ്ണൂകളെ ഈറനണിയിച്ച ഒരു രചനാ
പാമ്പു കടിച്ചിട്ട് ഒന്നും സംഭവിക്കാതെ ഇരുന്നതു കൊണ്ടല്ലെ ഇതു പോലൊരു നല്ല ചേട്ടനെ എനിക്ക് കൂട്ടുകാരനായി കിട്ടിയത്
ആ കാലം ഒരു രസമാണൊ തണല്‍ മാഷെ
എനിക്ക് തോന്നുന്നില്ല
പിന്നെ അന്ന് കടിച്ചത് വല്ലോ നീര്‍ക്കോലിയായിരിക്കും

Sojo Varughese പറഞ്ഞു...

ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു അത് അല്ലെ...ഹമ്മോ....വായിച്ചിട്ട് എനിക്ക് വിറയ്ക്കുന്നു....

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

ആദ്യം തന്നെ ഒരു ചുംബനം തരട്ടെ..മരണമുഖത്തില്‍ നിന്ന് തിരിച്ചെത്തിയതിന്.

സമൂഹത്തിന്റെ വേലികള്‍ പൊളിച്ച് ധീരത(വിവാഹം)കാട്ടിയതിന് രണ്ടാമത്തെ ചുംബനം

പാ‍മ്പിന്റെ കടിയെ സധൈര്യം നേരിടുകയും പ്രഥമ നടപടിക്രമങ്ങള്‍ മനസ്സാന്നിദ്ധത്തോടെ (കടിച്ചഭാഗത്തെ ചോരയും വിഷവും ബ്ലെയ്ഡുകൊണ്ട് വരഞ്ഞ് കളഞ്ഞത് ) ചെയ്തതിന് മൂന്നാമത്തെ മുത്തു ഗവ്വ്.

പാമ്പിന്‍ വിഷത്തേക്കാല്‍ കൂടിയ വിഷവാക്കുകള്‍ കേട്ട് പോടാ പുല്ലേ എന്നു പറഞ്ഞു നടന്ന ആ ചങ്കൂറ്റത്തിന് നാലാമത്തെ ഉമ്മ.

ഇത് ഇവിടെ പോസ്റ്റിയതിന് അഞ്ചാമത്തെ ചുംബനം..

ഓ.ടോ.. ആ ചന്ദ്രകാന്തം ചേച്ചിയുടെ കമന്റിനും.....

Bindhu Unny പറഞ്ഞു...

വായിച്ചിട്ട് ചിരിയൊന്നും വന്നില്ല മാഷേ. ഭാഗ്യത്തിന്‍ രക്ഷപെട്ടല്ലൊ.

ശ്രീ പറഞ്ഞു...

ടച്ചിങ്ങ് മാഷേ...

ചിരിയ്ക്കാന്‍ ശ്രമം നടത്തിയിട്ടും....

ഒന്നും പറയാനില്ല മാഷേ.അപകടം ഒന്നും സംഭവിച്ചില്ലല്ലൊ. അതു തന്നെ ഭാഗ്യം.

Rare Rose പറഞ്ഞു...

ജീവിതം തരുന്ന കയ്പിനിടയിലെവിടെയൊക്കെയോ പ്രതീക്ഷയോടെ മധുരത്തിന്റെ രസം തിരയാനാവുന്നുണ്ടല്ലോ ഈ തണലിനു...കഷ്ടതകളും ,പാമ്പുകടിയുമെല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞു ഞങ്ങള്‍ക്കായ് തരാനാവുന്നത് അതുകൊണ്ടല്ലേ...
തത്വചിന്തയിലധിഷ്ടിതമായ ഉത്തരത്തെ വകഞ്ഞു മാറ്റി ജീവിതത്തിലേക്ക് കൊത്തിയ പാമ്പിനെയും തോല്‍പ്പിച്ച് ധീരമായി നടന്നു കേറാന്‍ അതാണു സാധിച്ചതു.....എന്നും കൂട്ടിനു സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ ഉള്ളപ്പോള്‍ എന്തിനു ഭയക്കണം അല്ലേ....

ഇസാദ്‌ പറഞ്ഞു...

ഹോ, ഭയങ്കരം തന്നെ.

ചങ്കൂറ്റവും അഭിമാനവും സമ്മതിച്ചു തന്നിരിക്കുന്നു.

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

എഴുത്തിനെയും ധീരതയെയും സമ്മതിച്ചിരിക്കുന്നു.
:)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഒന്നും പറയാനില്ല.
ഒന്നും വരുന്നില്ല.
പിന്നെക്കാണാം.....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആ ധൈര്യം സമ്മതിക്കാതെ വയ്യ.. ബ്ലേഡ് എടുത്തു ചോരയൊഴുക്കാന്‍ തോന്നിയ ആ മനസ്സ്.. ആ സന്ദര്‍ഭത്തില്‍ ആരായാലും നല്ല വണ്ണം ഒന്നു പേടിക്കും..പാമ്പിനെ കണ്ടാല്‍ മുട്ടു കൂട്ടിയിടിക്കുന്ന ആളാ ഞാന്‍
ഹോ അപ്പോള്‍ ഒരു പാമ്പിനെ മുഖാമുഖം കണ്ടിട്ടുള്ള ആളാ ഇതു അല്ലേ.. മിടുക്കന്‍

പാര്‍ത്ഥന്‍ പറഞ്ഞു...

പാമ്പ്‌ രണ്ടു തവണ കടിച്ചു എന്നു പറയുമ്പോള്‍, അതിനിടയില്‍ തണല്‍ പാമ്പിനെ കടിച്ചത്‌ പറയാന്‍ വിട്ടുപോയോ? ഞാനാരാമോന്‍?
"പാമ്പിനെ കടിച്ച പഹയന്‍"

നിരക്ഷരൻ പറഞ്ഞു...

അവതരണം കിടിലന്‍. എങ്ങനെ സാധിക്കുന്നു ഇത്ര അനായാസമായി നര്‍മ്മവും വരികളിലുള്ള ആ എന്തോ ഒന്ന് ....അതില്ലേ (നിരക്ഷരന്‍)അതൊക്കെ കൂട്ടിക്കുഴച്ച്.... ?

“കഷ്ടകാലേ കോണകുലു പാമ്പുലൂ “ ആ പ്രയോഗം ക്ഷ പിടിച്ചു.

Gopan | ഗോപന്‍ പറഞ്ഞു...

തണല്‍ജീ,

നര്‍മ്മത്തില്‍ ചാലിച്ച അവതരണത്തിനും ഹൃദ്യമായ എഴുത്തിനും അഭിനന്ദനങ്ങള്‍.

കഷ്ടകാലേ കോണകുലു പാമ്പുലൂ...ഇതു കലക്കി. :)

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

ഞങ്ങള്‍ ഇറക്കണോ തുപ്പണോ..

:)

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)

മാണിക്യം പറഞ്ഞു...

ഈ തണലില്‍ ആദ്യമാണേ!

ഒന്നു തിരിഞ്ഞു മനുഷ്യ മനസ്സിന്റെ അത്ര
വിഷമില്ല പാമ്പിന്റെ വിഷത്തിന് അല്ലെ?


“കുട്ടിക്കളിമാറാത്ത ഒരു പാവം
പെണ്ണിന് താലിയും പ്രാര്‍ത്ഥനയും!”


ആയുഷ്മാന്‍ ഭവഃ
ദീര്‍ഘ സുമംഗലീ ഭവഃ

മയൂര പറഞ്ഞു...

“കഷ്ടകാലേ കോണകുലു പാമ്പുലൂ...“

ഇഷ്ടമായി...

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

തണലുകിട്ടേണ്ടവരുള്ളതുകൊണ്ട്...
മരം നിലനില്‍ക്കുന്നു!
മരം നിലനില്‍ക്കുന്നതുകൊണ്ട്
അവര്‍ക്ക് തണലുകിട്ടുന്നു!

മരത്തിനുകീഴേപ്പൊത്തിലെ
ചില ചെറിയ വിഷപ്പാമ്പുകള്‍..
അവര്‍ക്കും അന്നം വേണം!
അകത്തെപ്പാമ്പിനോടും
പുറത്തെപ്പാമ്പിനോടും
വിഷമില്ലാത്ത ഈ കടികൊണ്ട്
പൊറുക്കാമെന്നുതോന്നുന്നു!!

പാര്‍ത്ഥന്‍ പറഞ്ഞു...

കഷ്ടകാലേ കോണകുലു പാമ്പുലൂ...“

തണല്‍ജി തെലുങ്കുദേശത്തായിരുന്നതുകൊണ്ടാണ്‌ ഇങ്ങനെ പഠിച്ചത്‌. ഞങ്ങള്‍ ഇത്‌ സംസ്കൃതത്തിലാ പഠിച്ചത്‌.
"കഷ്ടകാലേ കോണക സര്‍പ്പണേ"

തണല്‍ പറഞ്ഞു...

ഞാനൊന്നും പറയുന്നില്ലാ..
അത്രക്കുണ്ട് നിങ്ങള്‍ പരത്തുന്ന പ്രകാശത്തിന്റെ തീവ്രത..!
മതി!അത്രമാത്രം മതിയെനിക്ക്!
നന്ദി..എല്ലാവരോടും!

തണല്‍ പറഞ്ഞു...

പാര്‍ത്ഥേട്ടാ,
ഡോണ്ടൂ...ഡോണ്ടൂ....:)

രസികന്‍ പറഞ്ഞു...

രക്ഷപ്പെട്ടല്ലൊ അതു മതി...
പാമ്പുകടിയേറ്റു മരിക്കുന്നവരിൽ പലരും പേടികൊണ്ടാണു മരിക്കുന്നത് എന്നു പറയാറുണ്ട്
താങ്കളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു

അരുണ്‍ രാജ R. D പറഞ്ഞു...

Entammo....Pedippikkalle...

kariannur പറഞ്ഞു...

പിന്നെ എന്തൊക്കെ കടിച്ചിട്ടുണ്ട്? പറയൂന്നേ. കുറച്ചൊക്കെ നുണ ആയാലും വിരോധമില്ല.

രജീഷ് കുറത്തികാട് പറഞ്ഞു...

CXnë adp]Snbmbn F\nçXcm³ c­p XpÅn I®oÀ am{Xw.