തിങ്കളാഴ്‌ച

ഒറ്റകളും ഉറ്റവരും

മുറിവുണങ്ങാത്തൊരു ജീവന്‍
കുളിരുറങ്ങാത്തൊരു വാക്കിന്റെ
നെറുകയില്‍ ചുണ്ടുരുമ്മി
മൌനത്തിന്റെ ഒറ്റാലിലേക്ക്
പാകപ്പെടലെന്ന പരിപൂര്‍ണ്ണതയും തേടി
ഇഴഞ്ഞുരഞ്ഞ് കയറുന്നു..
തൊട്ടടുത്തൊരു കുണുങ്ങിച്ചിരി
ചുറ്റിയോടി നിറയ്ക്കുന്നുണ്ട്
കലക്കങ്ങളറ്റ ഏതോ വാത്സല്യക്കാഴ്ചകളെ....


പിണക്കപ്പശ പുരണ്ടൊട്ടിയകന്ന
ഇന്നലെകളിലെ ഒറ്റനക്ഷത്രം
വെളിച്ചെണ്ണയും ഉപ്പും പുരട്ടിക്കുഴച്ച
മാമുണ്ണലിന്റെ അലിവു നുണഞ്ഞ്
കാര്‍മേഘങ്ങളില്‍ ഒളിച്ചുകളിതുടരവേ ,
ഒരു നെടിയ മിന്നലിനൊപ്പം
കറുത്തുപോയ പ്രഭാതങ്ങളിലൊന്ന്
ചുണ്ടു പിളര്‍ത്തി ഏങ്ങിക്കുറുകുന്നു
ചതവോടിയ മണല്‍ത്തരികളിലെവിടെയോ....


ചിതലുകള്‍ക്ക് തീറെഴുതിയ
ചിന്തകളും വാരിക്കെട്ടി,
പടര്‍ന്ന് ചിതറിയ ജാതകാക്ഷരങ്ങളെ
എള്ളിലും പൂവിലുമൊതുക്കി
തര്‍പ്പണശുദ്ധിയുണര്‍ത്താന്‍
കടല്‍ത്തിരത്തേടി നീ ഇഴയുന്നതെന്തിന്..?
കാണുന്നില്ലേ...,
നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി ,
അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!

21 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പഴകിയടര്‍ന്നൊരു ചിത്രവും,
അമ്മ മണമുള്ള ഒരു പെങ്ങളും..!

Rare Rose പറഞ്ഞു...

എന്തിനാ തണലേ ഇങ്ങനെ സങ്കടപ്പെടുത്തണേ...??....വാത്സല്യക്കാഴ്ചകളില്‍ എപ്പോഴോ അണഞ്ഞു പോയെങ്കിലും ആ പാല്‍മണപ്പുഞ്ചിരി ഇപ്പോഴും മനസ്സില്‍ നിന്നും മായാന്‍ വിസമ്മതിക്കുന്നു......:(

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി ,
അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!
എന്താ പറ്റിയേ... എല്ലായ്പ്പോഴും സങ്കടമാണല്ലോ ..

കരീം മാഷ്‌ പറഞ്ഞു...

ഉരുളയിൽ ഒപ്പിയ വെളിച്ചെണ്ണയിൽ അലിയിച്ച ഉപ്പൂട്ടി അനിയനെയും
ഇല്ലായ്മയിൽ ഒഴുകുന്ന കണ്ണിരുപ്പിൽ തനിച്ചും ഊണുകഴിക്കുന്ന പെൺങ്ങളമ്മമാർ
അമ്മമാരുടെ പ്രസവമരണങ്ങളുടെ ബാക്കിപത്രമായിരുന്നു മുൻപൊക്കെ!
ഓർമ്മകൾ....
പലതും വേദനിപ്പിക്കുന്നതാണ്.
തണലിന്റെ കവിതകൾ പോലെ!

ചന്ദ്രകാന്തം പറഞ്ഞു...

സ്നേഹം.....
കെടാവിളക്കില്‍ എന്നും നിറഞ്ഞു നില്‍ക്കട്ടെ. പ്രകാശം മനസ്സിലും.

siva // ശിവ പറഞ്ഞു...

(കാണുന്നില്ലേ...,
നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി) ഈ വരികള്‍ വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നി...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തണലേ....
എങ്ങിനെയുതിരുന്നു ഈ സ്നേഹാക്ഷരങ്ങള്‍...?
നിനവും കനിവും നിണപ്പാടുകളും
ഇങ്ങനെ കലറ്പ്പില്ലാതെ നെയ്തെടുക്കാന്‍....

പച്ചയായ ജീവിതത്തിന്റെ ഇളം തലപൊട്ടിച്ചെടുത്ത്
ഊറി വരുന്ന പശചേര്‍ത്തൊട്ടിച്ച്
വ്യാകുല ബിംബങ്ങളുണ്ടാക്കാന്‍
എങ്ങനെ കഴിയുന്നു?
ആ മഹാ മാന്ത്രികതയ്ക്കു മുന്നില്‍
നമിക്കുന്നു....
അടുത്ത പച്ചക്കൊയ്ത്തിനായി കാത്തിരിക്കും
വരൈ വണക്കം.

പാമരന്‍ പറഞ്ഞു...

"അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!! "

ഹാവൂ! വേദനിപ്പിച്ചുകളഞ്ഞു...

ധ്വനി | Dhwani പറഞ്ഞു...

മൌനത്തിന്റെ ഒറ്റാലിലേക്ക്
പാകപ്പെടലെന്ന പരിപൂര്‍ണ്ണതയും തേടി
:)

ഗീത പറഞ്ഞു...

പാല്‍‌മണപ്പുഞ്ചിരി മാത്രം പോര, അതു തത്തിക്കളിക്കുന്ന പിഞ്ചിളം ചൊടികളെ കൂടി കാണണം....
അതിലേയ്ക്ക് ഒരു തുള്ളി സ്നേഹാമൃതമിറ്റിക്കണം...
പുള്ളിപ്പാവാടക്കാരി ഉണ്ണാതുറങ്ങാതെ കാത്തിരിക്കും.

നന്ദു പറഞ്ഞു...

നല്ല വാക്കുകൾ. മനസ്സിൽ വല്ലാത്തൊരു നൊമ്പരം ഉണർത്തി.

നജൂസ്‌ പറഞ്ഞു...

ഈ മുറിവുണങില്ല മാഷേ...
വല്ലാതെ നോവുന്നു താങ്കളുടെ എഴുത്ത്‌.

വരാം

മാണിക്യം പറഞ്ഞു...

തൊട്ടടുത്തൊരു കുണുങ്ങിച്ചിരി
ചുറ്റിയോടി നിറയ്ക്കുന്നുണ്ട്
കലക്കങ്ങളറ്റ ഏതോ
വാത്സല്യക്കാഴ്ചകളെ......
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!
തീക്ഷ്ണമായ നൊമ്പരം കൊണ്ടു നിറച്ച വരികള്‍
കണ്ണുകള്‍ ഈറനായി ഗദ്‌ഗതം നെഞ്ചില്‍ ...
ചില്ലയില്‍ ഈ തണലില്‍
ഇത്തിരി നേരം!!

ശ്രീവല്ലഭന്‍. പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു. മറ്റൊന്നും പറയാനില്ല!

സുല്‍ |Sul പറഞ്ഞു...

തണലേ
നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

-സുല്‍

പാര്‍ത്ഥന്‍ പറഞ്ഞു...

വാക്കിന്റെ കുളിരായി തണലായി നിലാമഴയായി പെയ്തിറങ്ങട്ടെ.

Mahi പറഞ്ഞു...

നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി ,
അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!
ഉള്ളില്‍ കുറുകുന്ന ഒരു വേദനയുണ്ടിതില്‍ പാമ്പു കടി കഥ വായിച്ചു.ഇഷ്ടമായി.തണലു തന്നെ.പഞ്ചാലി വീണപ്പോള്‍ സ്വര്‍ഗവും മുക്തിയുമെല്ലാം വേണ്ടെന്നു വെച്ച്‌ തിരികെ നടന്ന ഭീമനെ ഓര്‍മ വരുന്നു.മരണത്തില്‍ നിന്നും അസാധാരണമാം വിധം രക്ഷപ്പെട്ട ഒരു ഖനി തോഴിലാളിയുടെ റഷ്യന്‍ നോവല്‍ വയിച്ചിട്ടുണ്ട്‌.അതിനു പിന്നില്‍ അയാള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു തീവ്ര പ്രണയത്തിന്റെ കൈകളുണ്ടായിരുന്നു.അതില്‍ ഇങനെയൊ മറ്റൊ ഒരു വരിയുണ്ടായിരുന്നു. "മരണത്തില്‍ നിന്നും ഞാന്‍ മടങ്ങി വന്നത്‌ എന്തിനാണെന്ന്‌ നമക്കു മാത്രമറിയാം"

അജ്ഞാതന്‍ പറഞ്ഞു...

സ്മരണകളുടെ പരന്നുകിടക്കുന്ന തണലില്‍ ഒരുപാടൊരുപാടോര്‍മ്മകള്‍ കണ്ണാരം പൊത്തിക്കളിക്കുന്നുണ്ടല്ലോ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വരികള്‍ ഇഷ്ടായി...

തണല്‍ പറഞ്ഞു...

കഴിഞ്ഞ കുറച്ച് നാളുകളായി ഉള്ളിലിങ്ങനെ വേരുമുളച്ച ചില വിത്തുകള്‍..അതിന്റെ ഒരു ഹാങ്ങോവര്‍ മാറ്റാനാണീ കവിതയെഴുതിയത്..
കുട്ടിക്കാലം മുതലെയുള്ള ഒരു സ്വപ്നമായിരുന്നു ഒരു പെങ്ങളെന്നുള്ളത്..അമ്മയ്ക്കതില്‍ മാത്രം എന്നെ നിരാശനാക്കേണ്ടി വന്നു..!
പിന്നീടെപ്പോഴോ ഞാന്‍ പോലുമറിയാതെ ,ഏതൊ ജന്മത്തില്‍ ഞാന്‍ കേട്ട വാക്കുകളും ചൊല്ലി ആരോ ഒരുവള്‍..
അവള്‍ ഈ വരികളിലുണ്ട്...എന്റെ പെങ്ങളായി..അമ്മ മണമുള്ള പെങ്ങളായി!
-നൊമ്പരങ്ങള്‍ പകുത്തവര്‍ക്ക് ഒത്തിരി ഒത്തിരി നന്ദി!!

അജ്ഞാതന്‍ പറഞ്ഞു...

നല്ല വാക്കുകൾ.
അഭിനന്ദനങ്ങള്‍!






LIVE MALAYALAM.