സ്വപ്നങ്ങളുടെ പകിട്ട്
മങ്ങിമരവിച്ചുവെങ്കിലും
കൊടും പനിയുടെ തീക്കാറ്റ് വീശിയ
ചരിവുകളിലൂടെ നിരങ്ങിയുരഞ്ഞ്
രാവിലെ ഉറക്കമെഴുന്നേറ്റത്
അമ്മയുടെ മടിയില്‍ നിന്നാണ്.
തലമുടിയിഴകള്‍യ്ക്കിടയിലൂടെ
ചുണ്ണാമ്പ് കറവീണ വിരലുകളാല്‍
ഒരേ താളത്തില്‍ ,
അവ്യക്തമായ ഭാഷയില്‍ നീട്ടിയും കുറുക്കിയും
അമ്മയെന്തോ കോറിയിടുന്നുണ്ടായിരുന്നു .
വിരല്‍ത്തുമ്പില്‍ പൂത്ത് മണക്കുന്നാ വാക്ക്
അടര്‍ത്തി ഒതുക്കുവാനെന്ന പോലെ
ഉണര്‍വ്വ് കണ്ണിമ വിട്ട് പിന്നെയും പിണക്കം നടിച്ചു.
പഞ്ചാരമണലിന്റെ കുളിര്‍മ്മയുറങ്ങുന്ന
അമ്മയുടെ വയറിന്റെ തണുപ്പില്‍,
ആ മടിയില്‍ മുഖമൊതുക്കി കിടക്കവെ
വാഴപ്പോളക്കിടയില്‍ വച്ച
പതുപതുത്ത വെറ്റിലയുടെ മണത്തോടെ
അര്ജ്ജുനന് ഫല്ഗുനന് ചൊല്ലുന്നതും,
തേങ്ങിവരണ്ടൊരു ഇടര്‍ച്ചക്കിടയില്‍
ജാക്കറ്റിന്റെ ഇടത്തേമൂലയില്‍ തിരുകിയ
കൈലേസിലെ നാണയത്തുട്ടുകള്‍ എണ്ണിനോക്കി
ഉടുതുണിയുടെ കോന്തലയാല്‍ മാറ് മറച്ച്
പുറത്തെ വെയിലിലേക്ക്
ഒരു പണയപണ്ടമെന്ന പോലെ പാഞ്ഞുമറയുന്നതും
കിടുകിടുപ്പോടെ പ്രാണന് സാക്ഷ്യപ്പെടുത്തുന്നു.
നെറുകയിലിട്ട ഭസ്മത്തിനൊപ്പം
പൊന്നുമോനെ കാത്തോളണേ എന്ന ആവലാതി
അമ്മ തിരികെയെത്തും വരെ
എനിക്ക് കൂട്ടിരുന്നു.
അര്‍ദ്ധ ബോധാവസ്ഥയിലെപ്പോഴോ
പൊള്ളുന്ന നെറ്റിയിലൊരു
നനവിറ്റുന്ന കീറതിരശ്ശീല വന്നുപതിയുന്നതും
അമ്മയുടെ പ്രാര്‍ത്ഥനയിട്ട് ചതച്ചെടുത്ത
കുരുമുളകിന്റെ നീറ്റലില്‍
പനിഒടുങ്ങിത്തീരുന്നതും തിരിച്ചറിയുമ്പോള്‍
ചുണ്ടില്‍ പ്ലാവിലയിലിറ്റിച്ച
ചൂടാറാത്ത കഞ്ഞിയുടെ സ്വാദ്!
അമ്മേ,
പ്രായത്തിന്റെ കട്ടിക്കണ്ണട വച്ച
ചാലുകീറിയ പക്വതപ്പഴുപ്പിന്റെ മറവില്‍
എന്റെ തൊലിക്കു മീതെ ഗൌരവം കത്തിപ്പടരുമ്പോഴും
ഈ കുറുമ്പന്റെ കുഞ്ഞുമനസ്സിന്റെ ഉള്ളിലിപ്പൊഴും
ആ മടിയുടെ ചൂടും,
പഞ്ചാരമണലിന്റെ തണുപ്പും മാത്രമേയുളളുവെന്ന്
എന്റെ അമ്മ അറിയുന്നുണ്ടാവുമോ?!
ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
23 അഭിപ്രായങ്ങൾ:
അകലെയാണെങ്കിലും ആ പാവം ഒക്കെയും അറിയുന്നുണ്ടാവും !
പാല് പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
സങ്കടം തണലേ, എന്റെ തേങ്ങ വെറുതെയായി
അതു ഫസലു വാങ്ങി എറിഞ്ഞു.
കവിത ഒന്ന് വിശദമായി വായിക്കട്ടെ
എന്നിട്ട് വിശദമായി കമന്റാം
മക്കളുടെ മനസുവായിക്കാന്‍ കഴിയാത്ത അമ്മയൊ?
കവിത വളരെ നല്ലത്
qw_er_ty
ശരിക്കും എനിക്കും അമ്മെ കാണാന്‍ കൊതിയാകുന്നു.
രണ്ടു വര്‍ഷം മനസില്‍
എത്ര അകലമാണത്
ഓര്‍ക്കാന്‍ കൂടി വയ്യ
ഈ കവിത പലതും
ഓര്‍മ്മപെടുത്തുന്നു
തണലെ
തീര്‍ച്ചയായും ....
അവര്‍ അത്
അറിയുന്നുണ്ടാവും....
പക്വതയുടെ
മൂടുപടമണിഞ്ഞ്
നിങ്ങള്‍ നടക്കുമ്പോഴും
ഒരു പക്ഷേ....
കാലം അവരുടെ
ഓര്മ്മകളുടെതെളിവിന്
പരിധി നിശ്ചയിച്ചിരിക്കാം....
അല്ലെങ്കില്‍,....
അത് തിരിച്ചറിയാതിരിക്കാന്‍
സാധിക്കുന്നതെങ്ങിനെ...
അതും ഒരമ്മയ്ക്ക്......
"നെറുകയിലിട്ട ഭസ്മത്തിനൊപ്പം
പൊന്നുമോനെ കാത്തോളണേ എന്ന ആവലാതി
അമ്മ തിരികെയെത്തും വരെ
എനിക്ക് കൂട്ടിരുന്നു."
ഇതുപോലൊത്തിരി ആവലാതികളിപ്പോഴുമുണ്ട് കൂടെ. ഹെന്താ ചിന്തകള്‍!
മനോഹരമായ വരികള്‍..
അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍, എത്ര വലുതായാലും, നമ്മള്, അമ്മയുടെ കൈകുഞ്ഞു തെന്നെ... ആ സ്നേഹം, തലോടല്‍, അതിലലിഞ്ഞു ചേരാന്‍ കഴിയാത്തവന് മനുഷ്യനല്ല..
നന്നായിട്ടുണ്ട്.. ആശംസകള്‍
അറിയുന്നുണ്ടാവും...
അമ്മവാരി തന്ന ചോരുരള്കളിലാണ് ഞാന്‍
വളരെ നന്നായിരിക്കുന്നു. അമ്മയെകുറിച്ചെഴുതാന് വാക്കുകള്‍ മതിയാവില്ല. കെട്ടിവെച്ചകോന്തലളെ കിലുക്കം കേള്‍ക്കാം
നന്മകള്
ഫസലേ,“സ്വര്‍ഗ്ഗത്തിലേക്കുള്ള പാത“ കണ്ടു.
എന്‍ ജീവന്റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
ഇക്കാലത്തേക്ക് മാത്രമാവില്ലാ ഫസല്‍..എക്കാലവും കാണും ഉറപ്പാ!
രഞ്ജിത്തേ,
എനിക്കുമുണ്ട് സങ്കടം.പതിവായി നാട മുറിച്ച് കൊണ്ടിരുന്ന ആള്‍ക്ക് തേങ്ങയടിക്കാന്‍ അവസരം കിട്ടാതാവുകാന്ന് വച്ചാല്‍ ശ്ശി കഷ്ടണ്ടേ..:)
ജിഹേഷ്-ആദ്യമായാണിവിടെ,സന്തോഷമുണ്ട്.
അനൂപേ,
എനിക്കും കൊതിയാവുന്നു ..അമ്മയെക്കാണാനും മാമുണ്ണാനും.
അമ്യതാ,
അറിയുന്നുണ്ടാവും..പക്ഷേ ഈ മൂടുപടത്തില്‍ പെട്ടതില്‍ പിന്നെ കാഴ്ചകള്ക്കൊക്കെ വല്ലാത്ത മങ്ങലാണ്.അതുകൊണ്ടാവാം......
പാമര്‍ജീ,
ആവലാതികളുടെ ആരാധകനാണെന്നറിഞ്ഞതില് അഭിമാനമുണ്ട്.അത്തരം കരുതലുകളില്ലാതെ എങ്ങനാ സാറെ നമ്മുടെ ഈ പിഞ്ചുകാലുകളൊന്നു പിച്ച വെക്കാനാവുക?
റഫീക്കേ,
“മുതിരുമ്പോള്‍ മര്ത്യന് ചിലപ്പോള്‍
മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ താനേ വീണ്ടും
തായ് വേരിന് താങ്ങിനു കേഴും”-ഞാനും കേണുകൊണ്ടിരിക്കുന്നു.:(
നജൂസേ,
ഇതുവരെ സ്വാദറിഞ്ഞ ഭക്ഷണങ്ങളിലേറ്റവും ഇഷ്ടം അമ്മ കുഞ്ഞുന്നാളില്‍ ചോറില്‍ വെളിച്ചെണ്ണയും ലേശം ഉപ്പും ചേര്‍ത്ത് ഉടച്ചുരുട്ടി തരുന്നതാണെന്ന് ഞാന്‍ പറയും..മാഷോ?
അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കറിയാന്‍!:)
വായിച്ചപ്പോള്‍ സങ്കടം വന്നു. ഇതില്‍ പറഞ്ഞതില്‍ നിന്നും ഉരുത്തിരിയുന്ന definition ‘അമ്മ’ എന്നു മാത്രം വായിക്കാവുന്നതാണ്. കാലം പക്വതയുടെ എത്ര തന്നെ കട്ടിയുള്ള കണ്ണട മുഖത്തു വച്ചു തന്നാലും ആ കണ്ണട പൊട്ടിത്തകര്‍ന്ന് ഒരു കൊച്ചു കുഞ്ഞായി, സുരക്ഷിതത്വം തേടി ഓടിച്ചെല്ലുന്ന ചില നിമിഷങ്ങളില്‍ അവിടെയുണ്ട് എല്ലാം സഹിക്കുന്ന എല്ലാം പൊറുക്കുന്ന ഒരേയൊരു സ്നേഹം...അമ്മ
തണലേ,
ഞാന്‍ ഇതിപ്പഴാ കണ്ടത് .അമ്മയെക്കുറിച്ച് പറയാന്‍ എനിക്കൊത്തിരി ഉണ്ട് .അതൊന്നും ഒരു കമെന്റില്‍ തീര്‍ക്കാന്‍ പറ്റുന്ന കാര്യമല്ല .ഞാന്‍ ഇപ്പോഴും ആ വീട്ടില്‍ ഓടി ചെന്നാല്‍ പണ്ട് എന്നെ എങ്ങനെ നോക്കിയോ .അതുപോലെ തന്നെ അമ്മയുടെ മുന്നില്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയാകും .കഴിവതും അടുത്തു തന്നെ ഇരിക്കാന്‍ തോന്നും .ആ മെല്ലിച്ച കൈകള്‍ എന്നെ തലോടും
എന്നെ ഞാനാക്കിയ എന്റെ അമ്മക്ക് വേണ്ടി ഞാന്‍ ഇത് കുറിക്കുന്നു
തണല്‍ ഈ കവിത ശരിക്കും ഉള്ളില്‍ തട്ടി.
പ്രായത്തിന്റെ കട്ടിക്കണ്ണടയും
ചാലുകീറിയ പക്വതപ്പഴുപ്പിന്റെ മറവില്‍
എന്റെ തൊലിക്കു മീതെ കത്തിപ്പടാര്ന്ന ഗൌരവവും.
ഉള്ളുകീറിയാണ് നിങ്ങള്‍ കവിതകള്‍
ചമയ്ക്കുന്നതെന്ന് ബോധ്യമായി.
ദെ ഞാന്‍ വീണ്ടും വന്നു.കാരണം തണലിന്റെ
ബ്ലോഗായതു കൊണ്ട് തന്നെ
തണലേ...എന്തോ ഒരുപാടിഷ്ടായി ഈ കവിത...അമ്മയുടെ സ്നേഹവാത്സല്യങ്ങളുടെ കുളിര്‍മ്മ ഓരോ വരിയിലും തൊട്ടറിയാനാവുന്നു....ആ അമ്മയ്ക്കറിയാനാവും...തന്റെ കുഞ്ഞു എത്ര വലുതായാലും..,പക്വതയുടെ മൂടുപടമണിഞ്ഞാലും അമ്മയ്ക്ക് തന്റെ മുന്നില്‍ അവന് എപ്പോഴും കുട്ടിയാണു..അമ്മയ്ക്കു മുന്നിലെത്തുമ്പോള്‍ ആ മൂടുപടമെല്ലാം പൊഴിഞ്ഞു വീഴില്ലേ........
പ്രമോദ്,ലക്ഷ്മി,കാപ്പിലാന്,ജ്യോനവന്,അനൂപ്,റോസ്,
എല്ലാവര്ക്കും നന്ദി.വീണ്ടും കാണണം.
ഞാന്‍ ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടു
വളരെ നന്നായിരിയ്ക്കുന്നു മാഷേ. ടച്ചിങ്ങ്. ആ അമ്മ എല്ലാം അറിയുന്നുണ്ടാകുമെന്നേ...
:)
എല്ലാ സന്തതികളുടെ മനസ്സിലും ഇങ്ങനെ അമ്മയെക്കുറിച്ച് ഒരു നനുനനുത്ത ഓര്‍മ്മ നിലനില്‍ക്കുന്നുണ്ടാവുമോ തണലേ ?
തൊലിപ്പുറത്ത് എത്ര ഗൌരവം കത്തിപ്പടര്‍ന്നാലും അമ്മയ്ക്ക് മകന് എന്നും തന്റെ കുട്ടിക്കുറുമ്പന് തന്നെ. അമ്മയുടെ കുട്ടിക്കുറുമ്പനാണ് താന്‍ എന്ന ബോധം മകന്റെയുള്ളിലും നിറഞ്ഞുനിന്നിരുന്നെങ്കില്...
സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത പോസ്റ്റ്. തണലേ നന്നായിരിക്കുന്നു.
ഷിബു,
വന്നെത്തിനോക്കിയതില് സന്തോഷം.
ശ്രീ,
ബൂലോകത്തുള്ള ശ്രീയുടെ പ്രാധാന്യം അനൂപിന്റെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ വെളിവായി.
ആസ്വാദനത്തിന് നന്ദി!
ഗീതേച്ചി,
എല്ലാ സന്തതികളുടെ മനസ്സിലും ഇങ്ങനെ അമ്മയെക്കുറിച്ച് ഒരു നനുനനുത്ത ഓര്‍മ്മ നിലനില്‍ക്കുന്നുണ്ടാവുമോ തണലേ ?
-തെരുവ് ബാല്യങ്ങളിലെ ചില മുഖങ്ങള്‍ കാണുമ്പോള്‍ ഇതിനുള്ള ഉത്തരം എന്നില്‍ നിന്നും തെന്നിത്തട്ടിയകന്നു മാറുന്നു.:(
നന്നായിയെന്നറിഞ്ഞതില് സന്തോഷം ചേച്ചി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ