ബുധനാഴ്‌ച

കുശുകുശുപ്പുകള്‍

നീ വാഴ്ത്തപ്പെട്ടവന്‍..!

നട്ടപ്പാതിരായ്ക്ക്
ചെറ്റയില്‍ തട്ടിയിഴഞ്ഞിറങ്ങി
വിശ്വാസത്തിന്റെ ലഹരി മോന്തിച്ച്
അപ്പനും കൊന്തയ്ക്കുമൊപ്പം
തകര കുരുത്ത കുരിശു മരണത്തിന്റെ
അവശേഷിപ്പുകളിലൂടെ
തലങ്ങനെയും വിലങ്ങനെയും...

കൊച്ചുവെളുപ്പിന്
മീന്‍ കൊട്ടയിലാക്കപ്പെട്ട
തണുത്ത കൃഷ്ണമണികളില്‍
പകുതിയായൊരു നിലവിളിയും പൂഴ്ത്തി
കുന്തിരിക്കം നാറുന്ന പുകയില്‍
കറങ്ങി ചുരുളുന്നുണ്ട്
ലഹരി കവിഞ്ഞ പിതാവിന്റെ തിരുവുടല്‍..

നട്ടുച്ചയ്ക്ക്
വെള്ളരിപ്രാവിന്റെ കുറുകലിനൊപ്പം
അമ്മച്ചിയുടെ കരിപുരണ്ട
കോലാഹലങ്ങളില്‍
ഉയിര്‍പ്പിന്റെ ഉപ്പുകലക്കിതൂവിയ
പിടപ്പേറിയ വേഴ്ചകള്‍....
മൂന്നാം നാള്‍,
തിളക്കമൊട്ടും നഷ്ടമാകാത്ത
ഫിലോസഫിക് ഹാന്‍ഡില്‍
നെഞ്ചമര്‍ത്തിക്കശക്കി
കുടുക്കു പൊട്ടിപ്പോയൊരു
അറിവുദിക്കാ കുപ്പായത്തിലെ
കണ്‍മഷി ഉരുകി പടര്‍ന്ന കറ...!

തെരുവോരത്ത്
കുഞ്ഞാടുകളുടെ മസാലക്കൂട്ടില്‍
നടുവിരല്‍ മുക്കി രുചിച്ച്
പ്രതികരണവേദികള്‍ ഇപ്പോഴും
പ്രാകി കൊണ്ടേയിരിക്കുന്നു..
“ഈശോ മിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടേ..”
............
....ഇപ്പോഴും എപ്പോഴും..!!

13 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പിതാവേ...ഇവര്‍ ചെയ്യുന്നതെന്തെന്ന്...
..........................

സുല്‍ |Sul പറഞ്ഞു...

ഇതെല്ലാം പിതാവല്ലാത്തവന്‍ ചെയ്തെന്നു നിനച്ചു നോക്കിക്കേ.

ഇഷ്ടമായില്ല കവിത.

-സുല്‍

പാമരന്‍ പറഞ്ഞു...

വായിച്ചുകൊണ്ടേ ഇരിക്കുന്നു..

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

അപൂര്‍‌വ്വം ചില വെളുത്ത കുറുകലുകളിങ്ങനെയും ഉണ്ടായേക്കാം....
പൗരോഹിത്യത്തിന്റെ അധിനിവേശം...
അത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായി കാണാന്‍ ആഗ്രഹിക്കുന്നു.....
എന്തരായാലും ആഖ്യാന ശൈലി ഇഷടപ്പെട്ടു...

കാപ്പിലാന്‍ പറഞ്ഞു...

ഈശോ മശിഹക്ക് സ്തുതി ആയിരിക്കട്ടെ ഇപ്പോഴും എപ്പോഴും.നാട്ടില്‍ പോയി വന്നു എന്നറിഞ്ഞതില്‍ സന്തോഷം .അതിനു ശേഷം കാണാന്‍ പറ്റിയില്ല .കവിത നന്നായി എന്ന് എടുത്തു പറയണ്ടാല്ലോ" ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ " എന്ന് പറഞ്ഞ് നിര്‍ത്താം .ആമേന്‍ .

Mahi പറഞ്ഞു...

സ്വല്‍പ്പം കട്ടി കൂടതിലാണെന്ന്‌ തോന്നുന്നു.മനസിലാക്കികൊണ്ടിരിക്കുന്നു

ഹരിത് പറഞ്ഞു...

ഇഷ്ടമായി.

smitha adharsh പറഞ്ഞു...

നന്നായിരിക്കുന്നു..

ചന്ദ്രകാന്തം പറഞ്ഞു...

ചില കാലങ്ങളില്‍ ചിലര്‍.......

ഗീതാഗീതികള്‍ പറഞ്ഞു...

:(
:)

കരീം മാഷ്‌ പറഞ്ഞു...

ഞെരമ്പുകള്‍ മുറിയുന്നതും

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

കാലം ഇങ്ങനെയെല്ലാം സംഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.
പണ്ട് ഉള്ളവർ പറയാറില്ലെ കലികാലം അല്ലാതെ എന്തു പറയാൻ

lakshmy പറഞ്ഞു...

മഹി പറഞ്ഞ പോലെ അൽ‌പ്പം കട്ടി കൂടുതാലാണ്