ഞായറാഴ്‌ച

പരിഭവപ്പാതി

വെയില്‍
പിണക്കം തുടരുകയാണ്
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്‍സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം

ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍സിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.

പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന്‍ സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്‍ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു‍ പൊളളിച്ചു കൊണ്ടേയിരിക്കുന്നു.

11 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പണ്ടൊന്നു പോസ്റ്റിയതാണു.
ഓര്‍മ്മകള്‍ക്കു ആവര്‍ത്തനവിരസത തോന്നാന്‍ പാടില്ലല്ലോ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

എന്തു ലളിതം,സുന്ദരം !!
ദുബായില്‍ അവിടെ? മീറ്റിനു കണ്ടില്ലല്ലോ? വരാര്‍ന്നു !

പാമരന്‍ പറഞ്ഞു...

പല മണങ്ങളും ഓര്‍മിപ്പിക്കുന്നു..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്നായിട്ടുണ്ട്....

Manoj | മനോജ്‌ പറഞ്ഞു...

കൊള്ളാം--- ലളിതസുന്ദരമായിങ്ങനെയുള്ളവ ഇനിയും പോരട്ടേ!! ആശംസകള്‍!

Unknown പറഞ്ഞു...

നഷ്ട്പെട്ട ഓര്‍മ്മക്കളുടെ വേദനയുടെ വ്യാകുലതയുടെ മണമാണു എനിക്ക്
അനുഭവപ്പെടുന്നത്
എന്നോ നഷ്ട്പ്പെട്ട ഒരു ബാല്യം ഈ കവിതാ വായനിയിലൂടെ എന്നെ എങ്ങോടോ
ആനയിക്കുന്നതു പോലെ

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വരികള്‍

ഹരിത് പറഞ്ഞു...

ആ സീതയേയും സതീഷിനേയും പോകാന്‍ പറ തണലേ, മനസ്സീന്നു.
കൊള്ളാം.

siva // ശിവ പറഞ്ഞു...

എന്തു നല്ല വരികള്‍...

തണല്‍ പറഞ്ഞു...

സി പീ,
ഇടക്ക് ആ “ഒഴുക്ക് “ഒന്നു കാണാന്‍ ഞാനും വന്നിരുന്നു .ദുബായിലല്ലാ ,മാഷിന്റെ ബ്ലോഗ്ഗില്‍!
ഇത്തരമൊരു കൂട്ടായ്മയില്‍ ഞാനൊരു തുടക്കക്കാരനാണ്.മറ്റുളളവരെ വച്ച് നോക്കുമ്പോള്‍ എഴുത്ത് നിര്‍ത്തി വായന തുടരേണ്ടോന്‍!സത്യം.
ഒരിക്കല്‍ വരാം മീറ്റിന്.
പാമരന്‍,
ഈ കനച്ച മണത്തിന്റെ പേരില്‍ ഒരു ചങ്ങാതി ക്ലാസ്സിനു പുറത്ത് കരഞ്ഞ് കൊണ്ട് പോയതു കണ്ട ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു മാഷേ!
രഞ്ജിത്ത്, സ്വപ്നാടകന്‍ഃ,അനൂപ്,ലക്ഷ്മി,ശിവാ,
സന്തോഷമുണ്ട് .വന്നതിനും കൊണ്ടതിനും.
ഹരിത്,
മനസ്സീന്നങ്ങട് പോകണില്ലാ ചങ്ങാതീ..

നിലാവര്‍ നിസ പറഞ്ഞു...

അറിയൂന്നുണ്ട്, ആ കനച്ച മണം..