ചൊവ്വാഴ്ച

അവളുടെ ഒരു ദിവസം.

അറവു കാത്തിരിക്കുന്ന
തടിക്കു മുകളില്‍
മുരളിയും ശശിയുമുരിഞ്ഞു
വച്ചുപോയ ചുണ്ടുമുറിഞ്ഞ ചിരി
പിന്‍ഭാഗം തുളച്ച്
നിന്നെ അസ്വസ്ഥമാക്കുന്നുവെന്ന
വെളിപ്പെടുത്തലോടെ
തട്ടുകട ജോസഫിന്റെ
കുഴിഞ്ഞകണ്ണുകളിലെ
ആക്രാന്തം.

വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.

കമ്പിവലയ്ക്കകത്തിരുന്നു
കാഷ്യര്‍ പ്രകാശന്‍
തുപ്പലുപൊട്ടന്‍ ചിരിയാല്‍
എണ്ണിപറഞ്ഞു തീര്‍ക്കും
പണയ ഉരുപ്പടികളുടെ
മങ്ങിത്തീരുന്ന നിറവും മൂല്യവും

രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......

18 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഓ..എന്നാ പറയാനാ..ചുമ്മാ ഒരു രസം
:)

ഹരീഷ് തൊടുപുഴ പറഞ്ഞു...

പലരും അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കും. പിടിവിട്ടു പോകരുത് ട്ടോ...

പാമരന്‍ പറഞ്ഞു...

"രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ....... "

മുകളിലെ ഖണ്ഡികകളില്‍ നിന്‌ ഉരുകിയിറങ്ങി കവിത അവസാനത്തേതില്‍ തളം കെട്ടി നില്‍ക്കുന്നു..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.


ഉം ഉം ..കൊള്ളാം !

ജ്യോനവന്‍ പറഞ്ഞു...

തലയണയില്‍ തൂവിയ തിളച്ച സ്വപ്നം!
:)

വരവൂരാൻ പറഞ്ഞു...

രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......

ഈ വരികളിൽ കവിത തിളച്ചു തുവുന്നു

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കവിത
ചുണ്ടു
മുറിച്ചു
മനസ്സിന്റെ
ഉള്ളു
തുളച്ചു
തലച്ചോറിലെത്തി
പിണങ്ങി
തിരിഞ്ഞു...
കൊള്ളാം.... :)

ശ്രീവല്ലഭന്‍. പറഞ്ഞു...

ഉഗ്രന്‍ കവിത. ഇഷ്ടപ്പെട്ടു.

അവസാന വരികള്‍ സൂപ്പര്‍.

കമ്പിവലയ്ക്കത്തിരുന്നു = 'കമ്പിവലയ്ക്കകത്തിരുന്നു' അല്ലെ?

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വായിച്ചൊന്നു തിളച്ചുതൂവി മാഷേ..

നാട്ടില്‍ നിന്ന് തിരിച്ചു വന്നത് ഉഗ്ര സ്ഫോടനശേഷിയുള്ള വെടിമരുന്നും കൊണ്ടാണല്ലോ
തണലണ്ണാ....

Jayasree Lakshmy Kumar പറഞ്ഞു...

അവളോട്... ‘തലയിണയിൽ സ്വപ്നം തിളച്ചു തൂവിക്കോട്ടേ. പക്ഷെ അതിന്റെ എച്ചിൽ അന്വേഷിക്കുന്ന ചാവാലികളെ നേരിടാൻ ഒരു മടവാൾ തലയിണക്കീഴിൽ കരുതുക‘
ഗൾഫുകാരുടെ ഭാര്യമാർ അനുഭവിക്കുന്ന ഭർതൃവിരഹത്തേക്കാൾ നൊമ്പരപ്പെടുത്തുന്നത് സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടങ്ങളാണ്. മൻസ്സു തുറന്ന് ഒന്നു ചിരിക്കാൻ പോലുമാകാത്തവർ.

ഇഷ്ടപ്പെട്ടു ഈ കവിത

ഉദയശങ്കര്‍ പറഞ്ഞു...

തണലെത്തെത്തിയ പോലെ തന്നെ

ഗീത പറഞ്ഞു...

പാവം.....

Rare Rose പറഞ്ഞു...

വരികളൊരുപാടിഷ്ടായി ...ഓരോ ദിവസവും ഉരഞ്ഞു തീരുന്നതു ഇങ്ങനെയെത്രയെത്ര നോട്ടങ്ങളിലാണെങ്കിലും ,അകലത്തെ കരുതലിനെ മുറുക്കെ പിടിച്ചവള്‍ക്കു പതറാതെ നില്‍ക്കാനാവുന്നുണ്ടല്ലോ...:)

കാപ്പിലാന്‍ പറഞ്ഞു...

No coments

:(


:)

തണല്‍ പറഞ്ഞു...

വന്നവര്‍ക്കും
തിരിച്ചറിഞ്ഞവര്‍ക്കും ഒത്തിരിയൊത്തിരി നന്ദി!
-എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകളോടെ..

നിരക്ഷരൻ പറഞ്ഞു...

നല്ല കണ്‍ട്റോള്‍ വേണം കേട്ടാ... :)

ഓടോ:- ഈ പാമരനും , കാപ്പിലാനും പറയുന്നപോലുള്ള കമന്റുകള്‍ പറയാന്‍ ഞാനിനി എന്നാ പഠിക്യാ... :)

നരിക്കുന്നൻ പറഞ്ഞു...

രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......

മനോഹരമായിരിക്കുന്നു.

Melethil പറഞ്ഞു...

ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്

this is simply brillaint!!