ശനിയാഴ്‌ച

ചില ചില സങ്കടങ്ങള്‍.....

അടിനാഭി തൊട്ടുരുമ്മി
അടക്കം പറഞ്ഞിക്കിളി കൂട്ടി
മൊബൈല്‍ കാമുകന്‍..

അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു

റേഞ്ചിനു പുറത്ത്,
ബ്ലാക്ക് ബോര്‍ഡിനു കീഴെ.....

അതിരാവിലെ
ഉണര്‍ന്ന് ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.

19 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ശോഭ ടീച്ചറിന്റെ
കറുത്ത കണ്ണടയില്‍
കാഴ്ചതട്ടി മുറിയാതെ
പ്രത്യുല്പാദനമെന്ന
മൂന്നാം അദ്ധ്യായത്തില്‍
പമ്മലോടെ വിരലോടിച്ച
ചിതലു തിന്നു പോയൊരു കൌമാരം
ദേ ഈ പുത്തന്‍ സിലബസുകള്‍ക്കു മുമ്പില്‍
കണ്ണുതള്ളി നില്‍ക്കുന്നു..
“വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം”

കാന്താരിക്കുട്ടി പറഞ്ഞു...

ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.

കൊള്ളാം വരികൾ

പാമരന്‍ പറഞ്ഞു...

തണലേ, പുതിയലോകം.. പിടി തരുന്നില്ലല്ലോ..

ജീവന്‍റെ നൂലറുത്തുകളഞ്ഞ കുഞ്ഞുടുപ്പുകള്‍ക്ക്‌ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍..

കവിത നന്നായി എന്നെങ്ങനെ പറയും? പറയാതിരിക്കും?

രണ്‍ജിത് ചെമ്മാട് പറഞ്ഞു...

പിടിതരാത്തത്....
പുനരധിവസിക്കുന്നത്...

ജ്യോനവന്‍ പറഞ്ഞു...

അവിഹിതമായ ഒരു അദ്ധ്യായത്തിലേയ്ക്ക്
തെളിഞ്ഞു പായുമ്പോഴും കവിതയില്‍ നോവിന്റെ ഇരമ്പല്‍ മനസിനെ മുറിച്ചുകാട്ടുന്നു. അടിവയറ്റില്‍ നിന്നും പ്രകൃതിയുടെ സ്വതസിദ്ധമായ തികട്ടിവരല്‍. പ്രാര്‍ത്ഥന.
കവിത മികച്ചത്. ആഭിനന്ദനം.

ഹരീഷ് തൊടുപുഴ പറഞ്ഞു...

പിള്ളേരെയൊക്കെ എങ്ങനെ വിശ്വസിച്ച് സ്കൂളില്‍ വിടും....
നല്ല കവിത; ചിന്തിക്കാനേറെയുണ്ട്...

Mahi പറഞ്ഞു...

നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.
ഒരാള്‍ക്കും വഴങ്ങാത്തൊരു ഭാവന

റിനുമോന്‍ പറഞ്ഞു...

ആനുകാലിക പ്രസക്തിയുള്ള നല്ല വരികള്‍...

വരവൂരാൻ പറഞ്ഞു...

അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു
കാലത്തിന്റെ കവിത

ഗീത് പറഞ്ഞു...

എന്റെ ദൈവമേ.....

'കല്യാണി' പറഞ്ഞു...

kollaam..nallavarikal...

lakshmy പറഞ്ഞു...

അന്വേഷണ വഴികളില്‍ ഇനിയെന്തെല്ലാം കാഴ്ചകളുണ്ടെന്നതാണ് ബാക്കി നില്‍ക്കുന്ന പേടി.

നല്ല വരികള്‍. ആശംസകള്‍

നിരക്ഷരന്‍ പറഞ്ഞു...

എന്തോ ഭയങ്കര സംഭവമാണ് പറഞ്ഞിരികുന്നതെന്ന് മനസ്സിലായി, പക്ഷെ അതെന്താണെന്ന് എനിക്ക് മനസ്സിലാകില്ല.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

പുസ്തക കെട്ടുകള്‍ക്കിടയില്‍
മനസ്സു മുരടിച്ച പൂമൊട്ടുകള്‍
നിമിഷ പ്രണയങ്ങളില്‍
വിടരാതെ കൊഴിയുന്നുവോ?
നന്നായിരിക്കുന്നു...
ആശംസകള്‍....

Rare Rose പറഞ്ഞു...

ഉള്ളുലച്ചു കളഞ്ഞു ഈ സങ്കടങ്ങള്‍...എത്രയൊക്കെ ശ്രമിച്ചാലും ആ നിലവിളി കേട്ടില്ലെന്നു നടിക്കാനാവുമോ...

smitha adharsh പറഞ്ഞു...

കാലം മാറിയപ്പോള്‍,നമ്മുടെ പിള്ളേര് ഇങ്ങനെ കേറി പുരോഗമിക്കും എന്ന് തീരെ കരുതിയില്ല.

തണല്‍ പറഞ്ഞു...

കാന്താരീ,
മനസ്സിലാക്കലുകള്‍ക്ക് നന്ദി.
പാമരോ,
പഴയ വീഞ്ഞും പുതിയ കുപ്പീം ..അത്ര തന്നെ!
രണ്‍ജിത്ത്,
പിടിതരാതെ ഞാനും വഴുതിപ്പോകുന്നപോലെ..:(
ജ്യോനവാ,
കണ്ണോടിക്കുന്നുവെന്നറിയുന്നത് തന്നെ സന്തോഷം!
ഹരീഷ്,
കുട്ടികളെ മാത്രം തെറ്റുപറഞ്ഞിട്ട് എന്താ കാര്യം.?
മഹീ,
ഒരൊറ്റയിടിയങ്ങ് തന്നാലുണ്ടല്ലോ..ഹല്ല പിന്നെ..:)

തണല്‍ പറഞ്ഞു...

റിനു,
സന്തോഷം..:)
വരവൂരാന്‍,
കറപുരളുന്ന കുഞ്ഞുടുപ്പുകള്‍ അങ്ങനെയെത്രയെത്ര....:(
ഗീതേച്ചീ,
നെഞ്ചത്തിടിച്ചുതന്നെ വിളിക്കണം ചേച്ചീ..അങ്ങനെയെങ്കിലും അങ്ങേരിതൊക്കെയൊന്നറിയട്ടെ.
കല്യാണിചേച്ചീ,
നന്ദി!
ലക്ഷ്മീ,
ഇതിനൊക്കെ അന്വേഷിച്ച് സമയം കളയാന്‍ ആര്‍ക്കാ ഇപ്പോ നേരം.(വല്ലോന്റെ ഉമ്മാക്കു പിരാന്ത് വന്നാല്‍ കാണാനെന്താ രസം..)

തണല്‍ പറഞ്ഞു...

നിരച്ചരാ,
ഭാഗ്യവാനാ..ചിലതൊക്കെ അറിയാതിരിക്കുന്നതാ മാഷേ നല്ലതും.:)
പകല്‍ക്കിനാവന്‍,
അപ്പറഞ്ഞത് തീര്‍ത്തും ശരിതന്നെ!
റോസേ,
എവിടെയായിരുന്നു ഇത്രനാള്‍..വന്നതില്‍ സന്തോഷം
സ്മിതാ,
കലികാലം..ശിവ ശിവ!