വ്യാഴാഴ്‌ച

വെറുക്കപ്പെടേണ്ടത്

ഞാന്‍ മറന്നതല്ലാ..

നിന്റെ ഉന്തിയ വയറും,
വരിതെറ്റിയകന്ന നട്ടെല്ലിന്
തുണ കൊടുത്തുഴറിയ
ക്ലാവ് നക്കിയ വളകളും
രാത്രിയുടെ ആക്രാന്തങ്ങള്‍ക്കിടയില്‍
ചരിഞ്ഞും തിരിഞ്ഞും ഇരുന്നും
പല്ലിളിക്കാന്‍ തുടങ്ങിയിട്ട്
മാസങ്ങളെത്രയായി.

വലിഞ്ഞുകീറിയ മിനുമിനുപ്പിലെ
വെറിവീണ കറുത്ത പാടുകളെ
കണ്ണിറുക്കി മറച്ച്,
ഉറതിന്നാത്ത ഇന്ദ്രിയങ്ങള്‍
നോവ് കശക്കിയുടക്കുമ്പോള്‍
നാവു നൊട്ടിനുണഞ്ഞ്
കാലത്ത് നീ പറഞ്ഞ
വയറ്റുകണ്ണിയാക്കങ്ങള്‍
അടിവയറിന്റെ മ്യദുലതയ്ക്കുള്ളില്‍ നിന്നും
ആരോ വീണ്ടും മൂളുന്നു.
“അരക്കിലോ പഴവും
നാലുപൊറൊട്ടയും…“

വിയര്‍പ്പകന്ന് മയക്കമേറുമ്പോള്‍
മറുവശത്തേക്ക് തലമറിക്കുമ്പോള്‍
അലമാരയിലെ കണ്ണാ‍ടിക്കുള്ളില്‍
ബാറിലെ എരിവിറ്റുന്ന ഇറച്ചിക്കറി
പുരണ്ടമണത്തില്‍ മുഖമമര്‍ത്തി
കൂര്‍ക്കം വലിക്കുന്ന നിന്റെ ചിത്രം.

ഞാന്‍ മനപൂര്‍വ്വം മറന്നതല്ലാ!

16 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

അവളുടെയും അവന്റെയും ആഗ്രഹങ്ങള്‍ തമ്മില്‍ തലതല്ലിക്കീറട്ടെ..:(

CHANTHU പറഞ്ഞു...

അന്യനായിപോവുന്ന ശരീരം, ഭാരമാവാതെ നോക്കണേ....
നന്നായി വരികള്‍.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ...
:)

ഫസല്‍ ബിനാലി.. പറഞ്ഞു...

നെടുകെ ചീന്തി, നെഞ്ച് പിളര്‍ത്തല്ലെ തണല്‍..
നന്നായിട്ടുണ്ട്, ആശംസകള്‍

കുഞ്ഞന്‍ പറഞ്ഞു...

ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് സന്ന്യാസിയാകണം..!

പാമരന്‍ പറഞ്ഞു...

സ്വയം ഒരു എസ്കെയ്പിസ്റ്റായതുകൊണ്ട് എനിക്കിതാസ്വദിക്കാന്‍ പറ്റിയില്ല.. :)

തണല്‍ പറഞ്ഞു...

ചന്തു,
കനമുള്ള കമന്റ് എഴുതി നടുവൊടിക്കല്ലേ..സ്വീകരിച്ചിരിക്കുന്നു.
ശ്രീ,
വായനക്ക് നന്ദി!
ഫസല്‍,
ഇറച്ചിക്കറി മണക്കുന്ന ഭര്‍ത്താവിന്റെ കൈ മണത്ത് വയറുനിറച്ച ഒരു കുടുംബിനിയെ അറിയാവുന്നതിനാല്‍ ചങ്കു കീറിയെ പറ്റൂ..ആസ്വാദനത്തിനു നന്ദി!
കുഞ്ഞാ,
സന്യാസിയെന്നതിനേക്കാളും ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.വന്നതില്‍ നല്ല സന്തോഷം.
പാമര്‍ ജീ,
ഞാനാകെ കണ്‍ഫ്യൂഷനിലായി..:(

തണല്‍ പറഞ്ഞു...

ചന്തു വീണ്ടും പറയുന്നു..
എന്തിനാ ചില്ലയെ വെറുക്കുന്നത്‌ ?
ചില്ലയൊട്ടുമില്ലാതെ കിളവന്‍ തെങ്ങുപോലെ ആകാശത്തിലൊറ്റക്കാവാനോ ?...

ചന്തുവെന്നെ വെറുതെ വിടുന്ന മട്ടില്ലാ.

Jayasree Lakshmy Kumar പറഞ്ഞു...

ഒരുപാട് അക്ഷരക്കുഞ്ഞുങ്ങളെ അട വച്ചു ആശയങ്ങളായ് വിരിയിക്കുന്ന ഈ കിളിക്കൂടും കിളിമരച്ചില്ലയും ഇഷ്ടമാണ് കെട്ടോ

‘വെറുക്കേണ്ടതി‘നെ ഇഷ്ടപ്പെട്ടു

ചന്ദ്രകാന്തം പറഞ്ഞു...

........മന:പൂര്‍‌വ്വമല്ലല്ലോ..

തണല്‍ പറഞ്ഞു...

ലക്ഷ്മിയേ,മുട്ടകളല്ലിയോ അടവയ്ക്കുന്നത്..ങേ? :)
ഇഷ്ടമായതില്‍ സന്തോഷം..തിരികെ പലിശസഹിതമുള്ള സ്നേഹം ഡെപ്പൊസിറ്റ് ചെയ്തുകൊള്ളുന്നു.:):)
ചന്ദ്രകാന്തം..
മനപൂര്‍വ്വമല്ലാ...എന്നാല്‍ മനഃപൂര്‍വ്വമായിരുന്നു.
നന്ദിയുണ്ട് വന്നതിന്.

Jayasree Lakshmy Kumar പറഞ്ഞു...

ശ്ശോ. ദാണ്ടേ കിടക്കുന്നു..ഒരു ഗ്രാമര്‍ പിശാശ്. ക്ഷമിച്ചേര് കെട്ടോ. ഏതായാലും മുതലും പലിശയും സസന്തോഷം സ്വീകരിച്ചിരിക്കുന്നു.

ഞാന്‍ പെട്ടെന്നു പണക്കാരിയായി:)

Unknown പറഞ്ഞു...

ഞാന്‍ അലപം തിരക്കിലായി പോയി അല്ലെല്‍
തണലിന്റെ ബ്ലോഗ്ഗില്‍ ഞാന്‍ വരാതെയിരിക്കുമോ
മനസിനെ വല്ലാതെ സ്പര്‍ശിക്കുന്ന കവിത.
വിശപ്പും വേദനയും മനസിനെ തളര്‍ത്തുമ്പോള്‍
തെരുവോരങ്ങളില്‍ നടമാടുന്ന നിസ്സാഹയതക്കളിലേക്ക് അസ്വസ്ഥതയൊടെ
ഒരെത്തിനോട്ടം.അതാകാം എന്നില്‍
ഉണ്ടാക്കുന്ന ചിന്താബോധം.അല്ലേല്‍ സ്വാര്‍ഥത
അളന്ന് തിട്ടപെടുത്താനാകാത്ത എന്തൊ ഒന്ന്
ഞാനും എന്റെ മനസും ശുന്യമാണിന്ന്
.......................

Unknown പറഞ്ഞു...

തണലെ ഈ കവിതകള്‍ വെറും ബ്ലോഗില്‍ ഒതുക്കരുത് മാതൃഭൂമിയിലും കലാകൌമുദിയിലുമൊക്കെ അയ്ച്ചു കൊടുക്ക്
തണലിലെ കവിയെ നാലാളറിയട്ടെ

Unknown പറഞ്ഞു...

ആഹാ ബാലന്റെ വരികള്‍ ആണല്ലോ....കമന്റ് കോട്ടയ്ക്ക് മുകളില്‍..

കവിതയ്ക്കുമുണ്ട് ഒരു ബാലന്‍ മണം. :)

തണല്‍ പറഞ്ഞു...

സാരമില്ല ലക്ഷ്മിയേ,തെറ്റ് പറ്റാതിരിക്കാന്‍ നമ്മളാരും ദൈവങ്ങളല്ലല്ലോ.പണാര്‍പ്പണം പാത്രമറിഞ്ഞ് കൊടുക്കുക-:)
അനൂപേ,
എന്തു പറ്റി ? വരികളില്‍ വല്ലാത്ത നഷ്ടബോധം നിഴലിക്കുന്നല്ലോ?സാരമില്ലാ ചക്കരേ..ഒക്കെ ശരിയാവും..ശരിയാവതെ എവിടെപോകാനാണ്.
അവനവനിസമാ അനൂപേ എല്ലാ മുഖങ്ങളിലും;(
മുരളീ,
ചുള്ളിക്കാടിന്റെ കടുത്ത ആരാധകനാണ് ഞാന്‍.അതുകൊണ്ട് തന്നെ ബാലന്റെ മണമെന്നു പറഞ്ഞ ഈ കമന്റ് ദേ ഞാന്‍ സത്യമായും ചില്ലിട്ട് തന്നെ വയ്കും..സത്യം!വായനയ്ക്ക് നന്ദി ചങ്ങാതീ.