ചൊവ്വാഴ്ച

അവളുടെ ഒരു ദിവസം.

അറവു കാത്തിരിക്കുന്ന
തടിക്കു മുകളില്‍
മുരളിയും ശശിയുമുരിഞ്ഞു
വച്ചുപോയ ചുണ്ടുമുറിഞ്ഞ ചിരി
പിന്‍ഭാഗം തുളച്ച്
നിന്നെ അസ്വസ്ഥമാക്കുന്നുവെന്ന
വെളിപ്പെടുത്തലോടെ
തട്ടുകട ജോസഫിന്റെ
കുഴിഞ്ഞകണ്ണുകളിലെ
ആക്രാന്തം.

വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.

കമ്പിവലയ്ക്കകത്തിരുന്നു
കാഷ്യര്‍ പ്രകാശന്‍
തുപ്പലുപൊട്ടന്‍ ചിരിയാല്‍
എണ്ണിപറഞ്ഞു തീര്‍ക്കും
പണയ ഉരുപ്പടികളുടെ
മങ്ങിത്തീരുന്ന നിറവും മൂല്യവും

രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......

ശനിയാഴ്‌ച

ചില ചില സങ്കടങ്ങള്‍.....

അടിനാഭി തൊട്ടുരുമ്മി
അടക്കം പറഞ്ഞിക്കിളി കൂട്ടി
മൊബൈല്‍ കാമുകന്‍..

അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു

റേഞ്ചിനു പുറത്ത്,
ബ്ലാക്ക് ബോര്‍ഡിനു കീഴെ.....

അതിരാവിലെ
ഉണര്‍ന്ന് ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.

തിങ്കളാഴ്‌ച

കാറ്റ് പറയുന്നതെന്തെന്നാല്‍...

അസ്വസ്ഥമായ
ചെവിക്കല്ലുകള്‍ക്കുള്ളില്‍
വീണുപൊട്ടിയൊരു മുട്ടന്‍ നിശബ്ദത
നാട്ടുപാതയിലെ
രണ്ടാമത്തെ തിരിവും കഴിഞ്ഞ്
അവ്യക്തതയുടെ തുരുത്തില്‍
മുങ്ങി നിവരാന്‍ പരക്കം പായുന്നത്,


അന്തിത്തിരി കെട്ടുപോയിട്ടും
പടം പൊഴിക്കാത്തൊരാവേശം
പിളര്‍ന്നെട്ടായി തിരിഞ്ഞ്
തെക്കെക്കവലയിലെ ഇരുട്ടില്‍
നിലാവിനെ പകയോടെ പ്രാപിച്ച്
സീല്‍ക്കാരങ്ങളെറിയുന്നത്,


കൈപ്പത്തികള്‍ക്കിടയില്‍
കോരിയെടുത്തൊരാകാശം
പടിഞ്ഞാറ്റെയിലെ അടുക്കളയില്‍
വ്യാകുലതകള്‍ പാകം ചെയ്ത്
ഉറങ്ങുമുമ്പേ പാനം ചെയ്യാന്‍
ആറ്റിപ്പകര്‍ത്തിയെടുക്കുന്നത്,


ആത്മ ബന്ധത്തിന്റെ
ഊഞ്ഞാല്‍ വള്ളികളില്‍ പ്രണയികള്‍
ഉത്കണ്ഠകള്‍ പുകച്ചെടുത്ത
ചുണ്ടുകളുടെ ചുവപ്പും തിരഞ്ഞ്
ചാക്രികമായ പായല്‍ വഴികളിലൂടെ
തിരിഞ്ഞു മറിഞ്ഞുമലയുന്നത്.....
ആരോ തലതല്ലിക്കരയുന്നത്...!!

ബുധനാഴ്‌ച

കുശുകുശുപ്പുകള്‍

നീ വാഴ്ത്തപ്പെട്ടവന്‍..!

നട്ടപ്പാതിരായ്ക്ക്
ചെറ്റയില്‍ തട്ടിയിഴഞ്ഞിറങ്ങി
വിശ്വാസത്തിന്റെ ലഹരി മോന്തിച്ച്
അപ്പനും കൊന്തയ്ക്കുമൊപ്പം
തകര കുരുത്ത കുരിശു മരണത്തിന്റെ
അവശേഷിപ്പുകളിലൂടെ
തലങ്ങനെയും വിലങ്ങനെയും...

കൊച്ചുവെളുപ്പിന്
മീന്‍ കൊട്ടയിലാക്കപ്പെട്ട
തണുത്ത കൃഷ്ണമണികളില്‍
പകുതിയായൊരു നിലവിളിയും പൂഴ്ത്തി
കുന്തിരിക്കം നാറുന്ന പുകയില്‍
കറങ്ങി ചുരുളുന്നുണ്ട്
ലഹരി കവിഞ്ഞ പിതാവിന്റെ തിരുവുടല്‍..

നട്ടുച്ചയ്ക്ക്
വെള്ളരിപ്രാവിന്റെ കുറുകലിനൊപ്പം
അമ്മച്ചിയുടെ കരിപുരണ്ട
കോലാഹലങ്ങളില്‍
ഉയിര്‍പ്പിന്റെ ഉപ്പുകലക്കിതൂവിയ
പിടപ്പേറിയ വേഴ്ചകള്‍....
മൂന്നാം നാള്‍,
തിളക്കമൊട്ടും നഷ്ടമാകാത്ത
ഫിലോസഫിക് ഹാന്‍ഡില്‍
നെഞ്ചമര്‍ത്തിക്കശക്കി
കുടുക്കു പൊട്ടിപ്പോയൊരു
അറിവുദിക്കാ കുപ്പായത്തിലെ
കണ്‍മഷി ഉരുകി പടര്‍ന്ന കറ...!

തെരുവോരത്ത്
കുഞ്ഞാടുകളുടെ മസാലക്കൂട്ടില്‍
നടുവിരല്‍ മുക്കി രുചിച്ച്
പ്രതികരണവേദികള്‍ ഇപ്പോഴും
പ്രാകി കൊണ്ടേയിരിക്കുന്നു..
“ഈശോ മിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടേ..”
............
....ഇപ്പോഴും എപ്പോഴും..!!

ഞായറാഴ്‌ച

കാഴ്ചകള്‍...

കാത്തിരിപ്പിന്റെ
അര്‍ദ്ധവൃത്തങ്ങള്‍ക്കിടയിലൂടെ
താണുയര്‍ന്നു ഉരഞ്ഞു വീഴുന്നു
മരവിപ്പു കൊത്തിയ കാഴ്ചകള്‍..

താളമറ്റ ഇടവഴികളിലോ
നിലാവുടുക്കാതെ വെറുങ്ങലിക്കുന്നു
ഹ്രസ്വവും ദീര്‍ഘവുമില്ലാതെ
ഒച്ചയടച്ചുപോയ കരുതല്‍ വാക്യങ്ങള്‍..

ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ കൊള്ളിവാക്കിന്റെ
വിളവെടുപ്പുകാലമാണിപ്പോള്‍..

കരുതലില്ലാത്ത ഒരു ജീവിതം
ഒടിച്ചു നാട്ടിയ വളവുകള്‍,
തിരിവുകള്‍....,
കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുടഞ്ഞിടുന്ന
പതിരു കവരാത്ത ഉത്കണ്ഠകള്‍..

മുറ്റത്തിനിരുവശത്തും
ഇരുള്‍ തിന്നു കനത്ത കരടി
മുറുമുറുത്തു പാത്തിരിക്കുന്നുണ്ടാവാം..
കിതപ്പേറ്റാതെ തിളച്ചുകൊള്ളുക,കാരണം
ഒരു പാവം പൊട്ടിച്ചിരിക്ക് നിന്നെയും
കാവലേല്പിച്ചാണല്ലോ
ഈ കയമെന്നെ വിഴുങ്ങിക്കളഞ്ഞത്...!

“വലം കൈയിലെ ചൂണ്ടുവിരലിറുത്ത്
നിന്റെ പാല്പുഞ്ചിരിക്ക് ഇഷ്ടദാനം,പകരം
കുത്തിയൊലിക്കുന്ന ചുവപ്പില്‍
ആഴ്ന്നിറങ്ങട്ടേ പനി പിടിച്ചൊരുമ്മ..!“

തിങ്കളാഴ്‌ച

പിള്ളേരോണം.


ട്രൌസറിന്റെ തുളവഴി
അനുസരണകെട്ട് ഊര്‍ന്നിറങ്ങിയ
നാണയതുട്ടുകള്‍ കണ്ടിട്ടാവും
സൂപ്പര്‍ശിവന്റെ തയ്യല്‍കടയിലെ
അലമാരയുടങ്ങേയറ്റത്ത് നിന്നും
ഓണമായെന്ന പരാതിയുമായി
ഒളിഞ്ഞൊളിഞ്ഞു നോക്കുന്നൂ
സ്കൂളുതുറപ്പിന് തുന്നാന്‍ കൊടുത്ത
എന്റെ വെള്ളക്കുപ്പായം..
പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്...
.................
ശിങ്കാറിന്റെ കറുത്ത പൊട്ടും
കുട്ടിക്യൂറ പൌഡറും
പിന്നെ അമ്മയെപ്പൊഴും
കൊതിപൂണ്ട് പറയാറുള്ള
ഒരു മോട്ടി സോപ്പും!

“പുത്തനുടുപ്പുകള്‍ നാളേം കിട്ടില്ലേ..
ഒന്നുമല്ലേലും അമ്മ പറയും പോലെ
ഞാനുമൊരാണല്ലേ....!“

-ഓണാശംസകളോടെ....

വ്യാഴാഴ്‌ച

കാലന്‍ മഴ...

ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,

നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി...,

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി

പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച്
കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!!
...........
ഈ നാശം പിടിച്ച മഴയൊന്നു
തീര്‍ന്നിരുന്നെങ്കില്‍....

ചൊവ്വാഴ്ച

ഓര്‍മ്മയുണ്ടോ ഈ മുഖം...??


“ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍
ആരോടുമരുളരുതോമനേ നീ”
-ചങ്ങമ്പുഴ(ആത്മരഹസ്യം)
ഒരു ചങ്ങമ്പുഴ മുഖവുമായി
ഈ ബൂലോകത്തിലെ സ്നേഹഭിത്തികളില്‍
നിങ്ങളീ മഹാന്റെ വരികള്‍ വായിച്ചിട്ടുണ്ടാവും..
അറിയുമെങ്കില്‍ പറയൂ...
ആരാണിയാള്‍..??

തിങ്കളാഴ്‌ച

ഒറ്റകളും ഉറ്റവരും

മുറിവുണങ്ങാത്തൊരു ജീവന്‍
കുളിരുറങ്ങാത്തൊരു വാക്കിന്റെ
നെറുകയില്‍ ചുണ്ടുരുമ്മി
മൌനത്തിന്റെ ഒറ്റാലിലേക്ക്
പാകപ്പെടലെന്ന പരിപൂര്‍ണ്ണതയും തേടി
ഇഴഞ്ഞുരഞ്ഞ് കയറുന്നു..
തൊട്ടടുത്തൊരു കുണുങ്ങിച്ചിരി
ചുറ്റിയോടി നിറയ്ക്കുന്നുണ്ട്
കലക്കങ്ങളറ്റ ഏതോ വാത്സല്യക്കാഴ്ചകളെ....


പിണക്കപ്പശ പുരണ്ടൊട്ടിയകന്ന
ഇന്നലെകളിലെ ഒറ്റനക്ഷത്രം
വെളിച്ചെണ്ണയും ഉപ്പും പുരട്ടിക്കുഴച്ച
മാമുണ്ണലിന്റെ അലിവു നുണഞ്ഞ്
കാര്‍മേഘങ്ങളില്‍ ഒളിച്ചുകളിതുടരവേ ,
ഒരു നെടിയ മിന്നലിനൊപ്പം
കറുത്തുപോയ പ്രഭാതങ്ങളിലൊന്ന്
ചുണ്ടു പിളര്‍ത്തി ഏങ്ങിക്കുറുകുന്നു
ചതവോടിയ മണല്‍ത്തരികളിലെവിടെയോ....


ചിതലുകള്‍ക്ക് തീറെഴുതിയ
ചിന്തകളും വാരിക്കെട്ടി,
പടര്‍ന്ന് ചിതറിയ ജാതകാക്ഷരങ്ങളെ
എള്ളിലും പൂവിലുമൊതുക്കി
തര്‍പ്പണശുദ്ധിയുണര്‍ത്താന്‍
കടല്‍ത്തിരത്തേടി നീ ഇഴയുന്നതെന്തിന്..?
കാണുന്നില്ലേ...,
നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി ,
അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!

ഞായറാഴ്‌ച

ഒരു പാമ്പുകടിക്കഥ-മധുരാനുഭവങ്ങള്‍!

ഒരുപാട്‌ നാളുകൾ പുറകിലാണ് ഈ കഥനടക്കുന്നത്‌.ഈയുള്ളവന്റെ വേളിയൊക്കെ കഴിഞ്ഞ്‌ സകുടുംബം കഷ്ടതയിൽ വാഴും കാലം.അന്യജാതിയില്‍ നിന്നൊരുത്തിയെ അടിച്ച്മാറ്റിയ വകയിൽ കിട്ടിയ “സത്പ്പേർ “പുഴുങ്ങിയോ വേവിച്ചോ പ്രിയതമക്കും മകനുമായി ഷെയറു ചെയ്ത്‌ മുളകു ചമ്മന്തിയിൽ ജീവിതമെങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നു കൂലംകഷമായി ചിന്തിച്ച് രാത്രികളെ ധന്യമാക്കിയിരുന്ന നാളുകളിലാണു ഇടിവെട്ട്‌ പോലെ ഒരു ലോട്ടറി തരപ്പെടുന്നത്‌.
ലോട്ടറി കൊണ്ടുവന്നതോ നല്ല വിഷം മുറ്റിയ ഒരു പാമ്പും..!
ഈയുള്ളവന്റെ വലതുകാലിന്റെ മൃദുലതകണ്ട്‌ കൊതി അടക്കാനാവാതെ ആണൊ എന്തോ,ആര്‍ക്കറിയാം ഒന്നെടുത്താല്‍ ഒന്നു ഫ്രീയെന്നപോലെ രണ്ട് കടി..(കടിയാണോ,കൊത്താണോ..?)
രാത്രിയിലാണ് സംഭവം.ജഗ്ജിത്ത്‌ സിങ്ങിന്റെ സഹറും കേട്ട്‌ രണ്ട്‌ വറ്റ്‌ ഉള്ളിലാക്കാൻ കിടപ്പുമുറിയിൽ ഇരിക്കുന്ന നേരത്തിലത്രേ സംഗതിയുടെ തുടക്കം.(ക്ഷമിക്കുക..ഡൈനിങ്ങ്‌ ഹാളിൽ ).
ഞാൻ ഒരുമാതിരി ഒക്കെ കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന കറിയാണ് രസം.അന്ന് എന്റെ നല്ല സമയത്തിനു വാമഭാഗത്തിന്റെ വളയിട്ടകൈകളാല്‍ മെനഞ്ഞ രസമായിരുന്നു,
ചോറിലൊഴിച്ചൊന്ന് കുഴച്ച് നോക്കുമ്പോള്‍ കുരുമുളക് കുറവ്..തീര്‍ന്നില്ലേ കഥ.
കുരുമുളകില്ലെങ്കില്‍ പിന്നെന്തു രസം..? ഉണക്കാനുള്ള സമയവും വാങ്ങാനുള്ള ദമ്പടിയും ഇല്ലാതിരുന്നതിനാൽ പറമ്പിലുള്ള കുരുമുളക്‌ കൊടിയിൽ നിന്നും മൂത്തില്ലെങ്കിലും രണ്ടെണ്ണം പൊട്ടിക്കാൻ തന്നെ നാമങ്ങട് തീരുമാനിച്ചു.
“കഷ്ടകാലേ കോണകുലു പാമ്പുലൂ ..“എന്നല്ലേ ചൊല്ല് !അത് അന്വർത്ഥമാക്കും വിധമായിരുന്നു കഥയുടെ പിന്നീടുള്ള ഒഴുക്ക്‌.
പെണ്ണു ആകാശത്തേക്ക്‌ നിറയൊഴിക്കാതെ മൂന്നുതവണ വാണിങ്ങ്‌ തന്നു...പോകണ്ടാ..
അമ്മ സീരിയലിന്റെ നടുക്കൂന്ന് ഓടിവന്നു പറഞ്ഞൂ...പോണ്ടാ!
എബടെ കേൾക്കാൻ?യാര് കേള്‍ക്കാന്‍..?
നമ്മളെ ഒരുത്തൻ അവിടെ ഒറക്കമൊഴിച്ച് കാത്തു കാത്തിരിക്കുമ്പോൾ പോകണ്ടാന്ന് പറയാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു..? ഹല്ല പിന്നെ..
ഞാനിറങ്ങി..പറമ്പിലെ ഇരുട്ടിനകത്തേക്ക്‌.
കൈതക്കാടുകൾക്കിടയിലെ കുരുമുളക്‌ പൊട്ടിച്ച് തിരിയുമ്പോൾ തന്നെ ആദ്യഡോസ്‌ കിട്ടി...ഒരു നിമിഷം പോലും വൈകാതെ രണ്ടാമത്തേതും..ആനന്ദലബ്ദിക്കിനിയെന്തു വേണം...ഞാൻ വെരി വെരി ഹാപ്പി!
കട്ടുറുമ്പെന്ന എന്റെ മിഥ്യാധാരണകളെ കാറ്റിൽ പറത്തി മൂന്നു ചുവടുകൾക്കുള്ളിൽ ഞാൻ തലച്ചാരായം കാച്ചിയ പ്രതീതി പരത്തി വേച്ച് വേച്ച് വീട്ടിലേക്ക്‌......
വാതിൽക്കൽ അന്തർജ്ജനം കുരുമുളകിനല്ലാ,ഇരുട്ടിലേക്ക്‌ പോയ അവളുടെ വെളിച്ചത്തെ കാത്തു നിൽക്കുന്നത്‌ അവ്യക്തമായി ഞാൻ കാണുന്നുണ്ടായിരുന്നു.
പാവത്തിനൊന്നും മനസ്സിലായില്ലാ..
ധീരമധുരമായി ഞാൻ മൊഴിഞ്ഞു.."ഒരു ഉറുമ്പു കടിച്ചു"
നെഞ്ചിടിപ്പു കൂടിവരുന്നതിന് ഒരു മര്യാദയില്ലാതായപ്പോള്‍ സധൈര്യം ഞാന്‍ മുറിയിലേക്ക് കയറി .പടിയിലെവിടെയോ വച്ചിരുന്ന ബ്ലേഡാല്‍ കടികൊണ്ട ഭാഗം മുറിക്കാനുള്ള എന്റെ ധീരമായ നടപടി ആരംഭിക്കും മുൻപേ അവൾ കണ്ടു പാദത്തിലൂടെ ഒഴുകിയിറങ്ങുന്ന ചോര..
കരച്ചിലിന്റെ ആദ്യഘഡുവിനു ഏറെ താമസമുണ്ടായില്ലാ.
കടികൊണ്ടഭാഗം ബ്ലേഡാൽ ക്കീറി ചോരയും വെള്ളവും പോലെന്തോ ഞെക്കിക്കളയുന്ന അവസ്ഥയിലും സമാധാനപ്പെടുത്തലിന്റെ അവ്യക്തമായ രണ്ടുവാക്ക്‌ ഞാനെറിഞ്ഞ് നോക്കിയെങ്കിലും..എവിടെ.....നോ രക്ഷ! ആരോഹണാവരോഹണക്രമത്തില്‍ അവളുടെ ഹിന്ദുസ്ഥാനി..!
അമ്മയെത്തി,കൂട്ടുകുടുംബത്തിന്റെ പങ്കാളികളായ ചേട്ടന്മാരും ചേട്ടത്തിമാരും എത്തീ..ഞാനോ ദിക്കുകളറിയാതേ കാഴ്ച മങ്ങുന്ന മറ്റേതൊ ലോകത്തിലേക്കും എത്തി!
ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു...
ശബ്ദങ്ങളും എന്നെവിട്ട്‌ അകന്നുപോകുന്നതുപോലെ..ശ്ശെടാ,ദേണ്ടെ ഞാൻ മരിക്കാൻ പോകുന്നു..
അതിലുപരി കുട്ടിക്കളിമാറാത്ത ഒരു പാവം പെണ്ണിന് കറുത്തുതുടങ്ങിയ മാലയില്‍ കൊരുത്തിട്ട താലിയും നഷ്ടമാകുന്നു...
വിഷത്തിന്റെ മൂർദ്ധന്യത്തിലും ഞാനൊന്ന് പിടഞ്ഞുവോ?
എനിക്ക്‌ ആശുപത്രിയിൽ പോകണം..,
കാഴ്ചക്കാരോടായി എന്റെ ഇടറിയ വാക്ക്‌ അതായിരുന്നു..
കൂടപ്പിറപ്പുകളിലൊന്നിനു ഓട്ടോറിക്ഷായുണ്ട്‌..തൊട്ടടുത്ത്‌ മുറിയിലെ സാഹോദര്യത്തോട്‌ അമ്മചോദിക്കുന്നു...“അവനെ നമുക്ക്‌ ആശൂത്രി കൊണ്ടോണം..നീയാ ഓട്ടോന്നു എടുത്തോണ്ട്‌ വാ പെട്ടെന്നു. ...”
സഹോദരൻ അയ്യപ്പന്റെ മറുപടിയോ തത്വചിന്തയിൽ അധിഷ്ടിതമായിരുന്നു.."നടന്നു പോകാനുള്ള ദൂരമല്ലേയുള്ളൂ..!"
ദുരഭിമാനത്തിന്റെ ചുരമാന്തിപ്പൊളിക്കുന്ന എനിക്കിട്ടോ അയ്യപ്പാ ഏറ്?
ഞാൻ നടന്നു...പിടിക്കാൻ വന്നവരുടെ കയ്യെറ്റി ഞാൻ നടന്നു..മുന്നിൽ മരണവും എന്റെ സാന്നിദ്ധ്യം വേണ്ട രണ്ട്‌ ജീവനുകളും മാത്രം..ഓരോ കാല്‍ വെയ്പിലും ഉടല്‍ രണ്ട്‌ അടി പിന്നോക്കം പോകുന്നതും കതിനക്കുറ്റി പോലെ ചങ്ക് പുകഞ്ഞ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നതും ആസ്വദിച്ച് ഞാൻ നടന്നു...
പെരുവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ജീവിതങ്ങള്‍ മുറുകെപ്പിടിച്ച് തന്നെ...!
കാലമെത്ര കഴിഞ്ഞു....ഓർക്കുമ്പോൾ ഇപ്പോൾ നല്ല രസം തോന്നുന്നു..അന്നു കൂട്ടാതെ മാറ്റിവച്ച രസത്തിനെയും തോല്‍പ്പിക്കുന്ന രസം...!

ഈശ്വരാ..നിനക്ക്‌ നന്ദി..എന്റെ പെണ്ണേ..നിന്റെ പ്രാർത്ഥനകൾക്കും!

വ്യാഴാഴ്‌ച

യാത്രാമൊഴി

നിന്റെ
ചവിട്ടടിയിലെ
വരണ്ട് പോറിയ
വെളുത്ത വരകള്‍ക്ക് മീതെ
എന്റെ വലംകൈപ്പാടും
അഴുക്കുരുട്ടി കറുത്തുപോയൊരു
കര്‍ക്കിടകത്തുള്ളിയും.


മുമ്പില്‍,
തലവാല്‍ പിടപ്പിച്ച്
കുന്നോളം പൊങ്ങി നിലംതട്ടി
പൊടി ചിതറി തുടിക്കുന്നുണ്ട്
കുറുകെ വരഞ്ഞ്
ഉപ്പുപുരട്ടിയ
മനഃസ്സാക്ഷിക്കുത്തുകള്‍.


ചിരിയിറ്റുന്നു ചുണ്ടത്ത്…
അപഹാസ്യമായ തിരിവുകളിലും
നീ കുടഞ്ഞിട്ട സ്നേഹമോര്‍ത്ത്!
ഉറവ വറ്റുന്ന തൊണ്ടയിലോ
കിന്നാരം മുനകൂട്ടി
ഞാന്‍ നിന്നിലെറിഞ്ഞു തറപ്പിച്ച
വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!


മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം.

ശനിയാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ഉരുളയുരുട്ടി
പകുത്തു കൊടുക്കുമ്പോള്‍
പെണ്ണിന്റെ കണ്ണില്‍
നിറഞ്ഞ് വെട്ടിത്തിരിയുന്നത്
അസൂയയല്ലേന്ന്
കളി പറഞ്ഞൊതുക്കും..

നെഞ്ചില്‍ നിന്നും
കുഞ്ഞികൈയുംമുഖവുമുയര്‍ത്തി,
പടിക്കുപുറത്തെ അക്ഷമയുടെ
ചുവടിടറിയ ദിനരാത്രങ്ങളില്‍
തല കുടഞ്ഞ് നില്‍ക്കുമ്പോള്‍,‍
അച്ഛനെപ്പരതി വക്കുതെറ്റിയ
കുട്ടിത്തം വീണുമുഴയ്ക്കുന്നു
ഉള്ളിലെവിടെയോ....


അടപ്പിളകിയ മുറുക്കാന്‍ ചെല്ലം
വലിച്ച് നിരക്കുന്നതും
മുറുമുറുപ്പിന്റെ കുറുകലിനൊപ്പം
പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും
വാഴക്കൂമ്പിലെ വവ്വാല്‍
ചിറകടിച്ചേറ്റ് പറയും..


കവിതയും
പാട്ടുകളുമായി ബീഡിക്കുറ്റികള്‍
അണഞ്ഞൊടുങ്ങുന്നതും
മയക്കം തുടങ്ങിയ കണ്ണുകളുമായി
അവനോ ആന്തലൊടുങ്ങിയ
വഴികളിലേക്ക് നടന്നു മറയുന്നതും
ജേതാവിന്റെ മനവുമായി
കണ്ടിരുന്ന രാവുകള്‍..

ഒക്കെയും ഓര്‍ക്കുന്നുണ്ടാവണം.
അല്ലെങ്കിലെന്തിനാവും
അവന്റെ സ്വരം ഇടര്‍ച്ച വിഴുങ്ങിയതും
ഉറക്കച്ചടവിന്റെ മൂശേട്ടക്കിടയിലും
എന്റെ കണ്ണുകള്‍
സജലങ്ങളായതും…………….?

തിങ്കളാഴ്‌ച

എന്റെ പെങ്ങള്‍ക്ക്!

മുല്ലവള്ളി മറവില്‍ ,

തീണ്ടാ‍രിത്തുണി മണത്ത്

തീ പിടിച്ച കണ്ണുകള്‍

മുട്ടായി മണക്കുന്ന

കീഴ്ചുണ്ട് കടിച്ചമര്‍ത്തി,

പൂമണമെറിഞ്ഞ്

നിന്നില്‍ കൊതിയേറ്റുന്നു.

പനിച്ച് തുള്ളുന്ന പ്രണയമെന്നു

അടക്കം പറഞ്ഞ് ഇക്കിളികൂട്ടി,

ശവഗന്ധം ദാനം തന്ന്

നിന്റെ നാളെകളെ ഓക്കാനിപ്പിച്ചൊടുക്കാന്‍..!

ഞാനോ,

നിന്റെ എളിയില്‍

കരപ്പന്‍ചലം തേച്ച അരഞ്ഞാണകൂമ്പും,

മൈലാഞ്ചിവിരല്‍ കടിച്ച് മുറിച്ച

വിശപ്പിന്റെ കുണുങ്ങിച്ചിരിയും

നക്ഷത്രങ്ങളില്‍ കുരുക്കിക്കെട്ടി,

ഉച്ചവെയില്‍ കണ്ണിലേറ്റി, ‍

കൂരിരുട്ടിന്റെ കൂരക്കീഴില്‍

ഉടല്‍ക്കുടഞ്ഞുവിരിച്ച്

നിന്റെ മാനത്തിനു കാവലാളാകുന്നു….!

ശനിയാഴ്‌ച

കളിപ്പാട്ടങ്ങള്‍

കപ്പയിലത്തണ്ടിന്റെ
ചുവപ്പ് ഒടിച്ചിരിഞ്ഞ്
ഈര്‍ക്കിലാല്‍
കൊളുത്തി വിളക്കി
കാപ്പിരിമുടി ചിതറിയ
വിയര്‍പ്പിലേക്കിറക്കി ചേര്‍ക്കെ
കുഞ്ഞുമുഖം കുനിഞ്ഞതും,
ഹൃദയം അനുസരണകെട്ട് ഒച്ച വെച്ചതും
തെക്കേ പറമ്പിലെ കൂവളവുംപാരിജാതവും
അടക്കം പറഞ്ഞമര്‍ത്തിചിരിക്കുന്നു

വിരലുടക്കി നൂലുപൊട്ടിപ്പോയ
കണ്‍മഷി മണക്കുന്ന കാറ്റിനെ
വലംകയ്യാലെത്തിപ്പിടിച്ച്
പറങ്കാപ്പഴം കറുപ്പിച്ച കവിളുകളുരസി
മണ്ണില്‍ പുതഞ്ഞു മറിഞ്ഞ്
കുഴിയാനകളായത്
പഴുത്തില കടിച്ചെടുത്ത ചില്ലാട്ടങ്ങള്‍
ആടിപ്പാടിക്കുറുകുന്നു.

തഴമ്പ് തിന്നൊടുക്കിയ സ്നിഗ്ദ്ധത
തുണിയൊതുക്കി പടിയിറങ്ങവേ,
പരിഭ്രാന്തിയുടെ ഇമകള്‍
തെരുതെരെ വെട്ടിച്ച്
നീ കൈവിട്ട നനഞ്ഞനോട്ടം
ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,
കണ്ണുകള്‍കുത്തിപ്പൊട്ടിച്ച്
തിരഞ്ഞ് നോക്കണം…
“ഞാന്‍ നിന്നെയണിയിച്ച
മഞ്ഞയോടിയ കപ്പയിലപ്പതക്കം”!

ബുധനാഴ്‌ച

രക്തസാക്ഷി

ജാഥകള്‍
അമ്മിഞ്ഞ തുളച്ച്
കരിങ്കൊടി നാട്ടി ,
ചെറ്റ കുത്തിപ്പൊളിച്ച്
പെങ്ങളുടെ അടിവസ്ത്രമൂരി
കഴുക്കോലിലും തൂക്കി
ചുവപ്പ് കുഴിച്ചൊടുക്കിയ
പച്ചമണ്ണിനു മുകളിലൂടെ
ഹര്‍ത്താല്‍ പ്രഖ്യാപിത
കുപ്പിയും സോഡയും തിരഞ്ഞ്
തിരിച്ച് പോരുന്നു
ജാഥകള്‍…,
കാലുകള്‍!!

ഞായറാഴ്‌ച

മിസ്സ്ഡ് കാള്‍സ് lmissed calls

കുടല്‍പുണ്ണിറുക്കിയ
ഞരക്കത്തെ തട്ടിക്കുടഞ്ഞെറിഞ്ഞ്
മണിശബ്ദത്തിന്റെ ഔപചാരികത
ഹൃദിസ്ഥമായ ഈണങ്ങളിലൂടെ
പുതപ്പ് പൊക്കി പുളഞ്ഞ് കയറുന്നു.
കണ്ണിറുക്കി മറച്ച് ചെവി തുറക്കവേ
മറുതലയ്ക്കല്‍, തണുപ്പുറങ്ങിയ ചില്ലില്‍
വിരലുരച്ച് പരിചിതസ്വരങ്ങള്‍!

തൊണ്ടയുണക്കി കണ്ണുപിടപ്പിച്ച
സുഖവിവരങ്ങളെ തുണിയുടുക്കാത്ത ആവശ്യങ്ങള്‍
അരഞ്ഞാണച്ചരടില്‍ കൊരുത്ത് മുറുക്കവേ,
ചോര്‍ച്ചയും മൂക്കൊലിപ്പും
കരിമ്പടമിട്ട കിടുകിടുപ്പും
അടിനാഭിചവുട്ടിക്കുഴിച്ച്
നാക്കുപറിച്ചെടുക്കവേ
ചെവിക്കല്ലിലിറ്റുന്നു അവസാനതുള്ളി...
“പെട്ടെന്ന് അയയ്ക്കണം. “

പൊട്ടിപ്പൊളിഞ്ഞ പേഴ്സിനുള്ളിലെ
വാടിക്കറുത്ത മുല്ലപ്പൂ
ഒന്നുകൂടി വിടര്‍ത്തിമണത്തു ഉറപ്പുവരുത്തി...
തുമ്പുകള്‍ കുരുങ്ങിക്കീറിയ ഓര്‍മ്മകള്‍
ഒടുവിലെ ഉറക്കത്തിനു ശേഷവും
കണ്ണുകള്‍ചുവന്നുതുറുപ്പിച്ച്
മഞ്ഞവെള്ളം മാത്രം പുറത്തേക്കൊഴുക്കി
എന്തിനെന്നു പറയാതെ വെറുതെ
വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മറുതലയ്ക്കലെ ആള്‍ക്കൂട്ടത്തിനിടയിലപ്പോഴും
പരിചിതമായ മുല്ലപ്പൂമണം മാത്രം ബാക്കിവച്ച്
എനിക്കുപിടിതരാതെ പതുങ്ങിനില്‍ക്കുന്നു
ഞാനറിയാത്ത ആരോ ഒരുവള്‍!

വ്യാഴാഴ്‌ച

മഹാകവിക്ക് വിട..

മലയാളത്തിന്റെ മഹാകവിയ്ക്ക് വിട..

ഞായറാഴ്‌ച

മകള്‍ക്ക്

പെണ്ണിനെ പേറാതെ
പെണ്ണിനെ പെറാതെ
മുറിച്ച് കളഞ്ഞ സഹിഷ്ണുത
നെഞ്ചത്തിടിയുടെ
കരിനീലിച്ച പാടുകളിലൂടെ
അവളെ കരയിക്കാറുണ്ടായിരുന്നു.

വിഷമാരവങ്ങളിലെ
നെഞ്ചോളം താഴ്ത്തപ്പെട്ട
ചെളിക്കുഴികളിലെന്നും
മൂത്തതോ മൂക്കാത്തതോ ആയ
സാന്ത്വനങ്ങളുടെ അഭാവം
മൂന്നാം വയസ്സില്‍ കിട്ടാതിരുന്ന
മുച്ചാടന്‍ സൈക്കിളിന്റെ
കടകട ശബ്ദം പോലെ
അവനെയും കരയിച്ചു കൊണ്ടിരുന്നു.

പാലുകാരി കൊച്ചിന്റെ
കുട്ടിപ്പാവാടയില്‍ മുഖം കൊരുത്ത്
പരേഡ് ചെയ്ത് തളര്‍ന്ന
തിരിച്ചറിയലിന്റെ നൂറ് മുഖങ്ങള്‍
ഒന്നിച്ചുളള രാത്രികളില്‍
ചുണ്ട് നനച്ച് കോരി അവള്‍
കൊഞ്ചി‍ മൊഴിഞ്ഞ
ഊക്കന്‍ തെറി ചവയ്ക്കവേ,
പൊറ്റയടര്‍ന്ന് ചലമൊലിച്ച
സ്വന്തം പെണ്ണിന്റെ അസഹിഷ്ണുത
ഒരൊറ്റ രാത്രിയാലവന്‍
ഉമ്മ വെച്ചുമ്മ വെച്ച്
ഉണക്കിയെടുത്തു.

പട്ടി

കുരുക്കുവീണ
കാമത്തിന്റെ
ഇടപിരിയാത്ത
പരക്കം പാച്ചിലുകള്‍ക്കുള്ളില്‍
നീ ചേറിപരത്തിയ
കനലുറങ്ങാത്ത ചാരം കവിട്ടിയ
പുകച്ചിലും പുകമണവും
നിന്റെ ഉത്തേജനങ്ങളില്‍
തളര്‍ച്ചയായി ഒഴുകി പരക്കും.
കിതപ്പുല്പാദിപ്പിക്കാത്ത
രാസശാലയെന്ന
പരിണാ‍മത്തിനൊടുവില്‍
അവളോ പാമ്പായി
അയല്‍വക്കങ്ങളെ കൊത്തിപ്പറിക്കും.

ബുധനാഴ്‌ച

ദൈവത്താന്‍

പുറംകടലില്‍ പോയ
വലക്കാരാണ്
കണ്ടെത്തിയത്
പവിഴപുറ്റുകള്‍ക്കൊപ്പം
പുളഞ്ഞഴുകിയ
ദൈവത്തിന്റെ പ്രേതം!

മറിച്ചിട്ടപ്പോള്‍
അഴുകിതൂങ്ങി വികൃതമായ
വെളുത്ത കണ്ണുകള്‍.
വാരിയെല്ലുകള്‍ക്കിടയില്‍
കൂട് കെട്ടിയുറപ്പിച്ച
മിടുപ്പുകളില്ലാത്ത ശൂന്യത.

ഇടം കവിളില്‍
പുഴുത്ത് തുടങ്ങിയിട്ടും മായാതെ
വിരലഞ്ചും തിണര്‍ത്തു കിടക്കുന്നു,
മകനെ റാഞ്ചിയ പരുന്തിനോടുള്ള
ഒരച്ഛന്റെ കലി പ്രാന്ത്.
നെറ്റിവഴി താഴോട്ട്
ഒലിച്ചിറ്റിയിറങ്ങുന്നു
തൊണ്ടവരണ്ടുണങ്ങിയ
പെറ്റവയറിന്റെ
കട്ടിക്കഫം പൊതിഞ്ഞ പ്രാണസങ്കട ക്കടല്‍.!

ശനിയാഴ്‌ച

മോന്റെ പിറന്നാള്‍




ഞാന്‍ സച്ചൂട്ടന്‍,
അങ്ങനാ അച്ഛനുമമ്മയും
വിളിക്കാറ്.
ശരിക്കും ഞാന്‍ നിരഞ്ജനാ.
ഈ ജൂണ്‍മാസം 13നു സച്ചൂട്ടന്റെ അഞ്ചാം പിറന്നാളാണ്.
എനിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണേ…..

സച്ചൂട്ടന്റെ ഇഷ്ടങ്ങള്‍ അറിയണമെങ്കില്‍..

ഏറ്റവും ഇഷ്ടമുളളത് - അച്ഛനെ (ചുമ്മാ അമ്മയെ പിണക്കാനാ കേട്ടോ) സത്യത്തില്‍ അമ്മയെത്തന്നെയാണെന്ന് അച്ഛനറിയാമല്ലോ...പിന്നെന്താ?
ഇഷ്ട കളിപ്പാട്ടം - ചിന്നുവാവ (സച്ചൂട്ടന്റെ അനിയത്തിക്കുട്ടിയാണേ) വെറും പാവമാ ...,സച്ചൂട്ടനെ പ്പോലെ!
ഇഷ്ടവിനോദം - സൈക്കിള്‍ ചവിട്ടലും,ദോശചുടലും പിന്നെ അമ്മയായിട്ട് വഴക്കിടലും
ഇഷ്ടഭക്ഷണം - മുളകുചമ്മന്തിക്കൂട്ടി എന്തു തന്നാലും.ഹൊ, പറയാന്‍ മറന്നു...ചിക്കന്‍ബിരിയാണീം ഇഷ്ടമാ...
ഉറക്കം - അച്ഛനുണ്ടെങ്കില്‍ നെഞ്ചിന്റെ മുകളില്‍
അല്ലെങ്കില്‍ അമ്മയ്ക്കും ചിന്നൂനും ഇടയ്ക്ക്
ഇഷ്ടപാട്ട് - യേശുദാസ് മാമന്റെ പാട്ടെല്ലാം സച്ചൂട്ടനിഷ്ടാ.
അനുരാഗിണി ഇതാ ഒക്കെ ഞാന്‍ മുഴുവനും പാടൂല്ലോ
പിന്നെ പിന്നെ,കോടക്കാറ്റിലൂഞ്ഞാലാടും കായല്‍ ത്തീരോം കൊടിയവേനല്‍ ക്കാലോം.പിന്നെ അച്ഛന്‍ പാടുന്നാ “സച്ചുവെന്നൊരു കുഞ്ഞുണ്ട്,ചക്കരവാവ കുഞ്ഞുണ്ട്…“അതും ഇഷ്ടമാ.
ഇഷ്ട വേഷം - മുണ്ടും ഷര്‍ട്ടും,പക്ഷേ സ്കൂളില് പോകുമ്പോള്‍
ഡ്രൈവറങ്കിള്‍ വേണം ഉരിഞ്ഞ് പോകുമ്പോള്‍
ഉടുത്ത് തരാന്‍.ഉരിഞ്ഞാലും സച്ചൂട്ടന് നാണമൊന്നുമില്ലാ കേട്ടോ!

ഒത്തിരി ഒത്തിരി സ്നേഹത്തോടെ

നിങ്ങളുടെ

സച്ചൂട്ടന്‍.

വ്യാഴാഴ്‌ച

വെറുക്കപ്പെടേണ്ടത്

ഞാന്‍ മറന്നതല്ലാ..

നിന്റെ ഉന്തിയ വയറും,
വരിതെറ്റിയകന്ന നട്ടെല്ലിന്
തുണ കൊടുത്തുഴറിയ
ക്ലാവ് നക്കിയ വളകളും
രാത്രിയുടെ ആക്രാന്തങ്ങള്‍ക്കിടയില്‍
ചരിഞ്ഞും തിരിഞ്ഞും ഇരുന്നും
പല്ലിളിക്കാന്‍ തുടങ്ങിയിട്ട്
മാസങ്ങളെത്രയായി.

വലിഞ്ഞുകീറിയ മിനുമിനുപ്പിലെ
വെറിവീണ കറുത്ത പാടുകളെ
കണ്ണിറുക്കി മറച്ച്,
ഉറതിന്നാത്ത ഇന്ദ്രിയങ്ങള്‍
നോവ് കശക്കിയുടക്കുമ്പോള്‍
നാവു നൊട്ടിനുണഞ്ഞ്
കാലത്ത് നീ പറഞ്ഞ
വയറ്റുകണ്ണിയാക്കങ്ങള്‍
അടിവയറിന്റെ മ്യദുലതയ്ക്കുള്ളില്‍ നിന്നും
ആരോ വീണ്ടും മൂളുന്നു.
“അരക്കിലോ പഴവും
നാലുപൊറൊട്ടയും…“

വിയര്‍പ്പകന്ന് മയക്കമേറുമ്പോള്‍
മറുവശത്തേക്ക് തലമറിക്കുമ്പോള്‍
അലമാരയിലെ കണ്ണാ‍ടിക്കുള്ളില്‍
ബാറിലെ എരിവിറ്റുന്ന ഇറച്ചിക്കറി
പുരണ്ടമണത്തില്‍ മുഖമമര്‍ത്തി
കൂര്‍ക്കം വലിക്കുന്ന നിന്റെ ചിത്രം.

ഞാന്‍ മനപൂര്‍വ്വം മറന്നതല്ലാ!

ബുധനാഴ്‌ച

അമ്മ അറിയാന്‍

സ്വപ്നങ്ങളുടെ പകിട്ട്
മങ്ങിമരവിച്ചുവെങ്കിലും
കൊടും പനിയുടെ തീക്കാറ്റ് വീശിയ
ചരിവുകളിലൂടെ നിരങ്ങിയുരഞ്ഞ്
രാവിലെ ഉറക്കമെഴുന്നേറ്റത്
അമ്മയുടെ മടിയില്‍ നിന്നാണ്.
തലമുടിയിഴകള്‍യ്ക്കിടയിലൂടെ
ചുണ്ണാമ്പ് കറവീണ വിരലുകളാല്‍
ഒരേ താളത്തില്‍ ,
അവ്യക്തമായ ഭാഷയില്‍ നീട്ടിയും കുറുക്കിയും
അമ്മയെന്തോ കോറിയിടുന്നുണ്ടായിരുന്നു .
വിരല്‍ത്തുമ്പില്‍ പൂത്ത് മണക്കുന്നാ വാക്ക്
അടര്‍ത്തി ഒതുക്കുവാനെന്ന പോലെ
ഉണര്‍വ്വ് കണ്ണിമ വിട്ട് പിന്നെയും പിണക്കം നടിച്ചു.

പഞ്ചാരമണലിന്റെ കുളിര്‍മ്മയുറങ്ങുന്ന
അമ്മയുടെ വയറിന്റെ തണുപ്പില്‍,
ആ മടിയില്‍ മുഖമൊതുക്കി കിടക്കവെ
വാഴപ്പോളക്കിടയില്‍ വച്ച
പതുപതുത്ത വെറ്റിലയുടെ മണത്തോടെ
അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ചൊല്ലുന്നതും,
തേങ്ങിവരണ്ടൊരു ഇടര്‍ച്ചക്കിടയില്‍
ജാക്കറ്റിന്റെ ഇടത്തേമൂലയില്‍ തിരുകിയ
കൈലേസിലെ നാണയത്തുട്ടുകള്‍ എണ്ണിനോക്കി
ഉടുതുണിയുടെ കോന്തലയാല്‍ മാറ് മറച്ച്
പുറത്തെ വെയിലിലേക്ക്
ഒരു പണയപണ്ടമെന്ന പോലെ പാഞ്ഞുമറയുന്നതും
കിടുകിടുപ്പോടെ പ്രാണന്‍ സാക്ഷ്യപ്പെടുത്തുന്നു.
നെറുകയിലിട്ട ഭസ്മത്തിനൊപ്പം
പൊന്നുമോനെ കാത്തോളണേ എന്ന ആവലാതി
അമ്മ തിരികെയെത്തും വരെ
എനിക്ക് കൂട്ടിരുന്നു.

അര്‍ദ്ധ ബോധാവസ്ഥയിലെപ്പോഴോ
പൊള്ളുന്ന നെറ്റിയിലൊരു
നനവിറ്റുന്ന കീറതിരശ്ശീല വന്നുപതിയുന്നതും
അമ്മയുടെ പ്രാര്‍ത്ഥനയിട്ട് ചതച്ചെടുത്ത
കുരുമുളകിന്റെ നീറ്റലില്‍
പനിഒടുങ്ങിത്തീരുന്നതും തിരിച്ചറിയുമ്പോള്‍
ചുണ്ടില്‍ പ്ലാവിലയിലിറ്റിച്ച
ചൂടാറാത്ത കഞ്ഞിയുടെ സ്വാദ്!

അമ്മേ,
പ്രായത്തിന്റെ കട്ടിക്കണ്ണട വച്ച
ചാലുകീറിയ പക്വതപ്പഴുപ്പിന്റെ മറവില്‍
എന്റെ തൊലിക്കു മീതെ ഗൌരവം കത്തിപ്പടരുമ്പോഴും
ഈ കുറുമ്പന്റെ കുഞ്ഞുമനസ്സിന്റെ ഉള്ളിലിപ്പൊഴും
ആ മടിയുടെ ചൂടും,
പഞ്ചാരമണലിന്റെ തണുപ്പും മാത്രമേയുളളുവെന്ന്
എന്റെ അമ്മ അറിയുന്നുണ്ടാവുമോ?!

തിങ്കളാഴ്‌ച

കാണാതെ പോയത്

കടപ്പാടറുത്ത്,
കഥയിലൊന്ന് പകുതിയിലും നിര്‍ത്തി
കര്‍ക്കിടക പ്രളയത്തിലേക്ക്
കുളിര്‍ കൂടാതെ കിതച്ച് നടക്കുമ്പോള്‍
പീളമുറുകി അടഞ്ഞുചേര്‍ന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്‍
ഉറുമ്പുകളുടെ ശവഘോഷയാത്ര!

ചാറ്റമഴ കുടിച്ച് ആര്‍ത്തിതീര്‍ന്ന
ചെണ്ടുമല്ലിയിലെ ബാക്കിയായ നനവ്
പ്രണയം തോട് പൊട്ടിച്ച് ഉന്മത്തമാക്കിയ
പുറമ്പോക്കുകളിലെവിടെയൊ വെച്ച്
നിന്നിലേക്ക് കുലുക്കി പൊഴിച്ചതും
പെട്ടെന്നൊരാളലില്‍ ഇറുകെ പുണര്‍ന്ന്
ചൊടിയുടെ ചൂടാലുരുകും മുമ്പ് നുണഞ്ഞിറക്കിയതും
കാറ്റ് ചെവിതിരുമ്മി ഓര്‍മ്മപ്പെടുത്തുന്നു
കറവീണ ചുണ്ടുകളില്‍ തട്ടി
ഒലിച്ചിറങ്ങുന്ന ജലപ്പാടുകളില്‍
കുതിര്‍ന്നു പടരുന്ന സിന്ദൂരത്തിന്റെ
മദിപ്പിക്കുന്ന ഗന്ധം .

കാലന്‍കോഴി നീട്ടിനീട്ടി കൂവുന്ന പാതിരാവിലും
തഴുകിതിണര്‍ത്ത വിരല്‍പ്പാടുകളില്‍ ചുണ്ടുരച്ച്
പോള കനത്ത കണ്ണുകളിലിറ്റും പ്രണയവുമായി
കാത്തിരിപ്പ് തുടരുക….
മുലക്കച്ച അഴിഞ്ഞുതിര്‍ന്ന പാതയിലൂടെ
മുഖമണച്ച് ഞാന്‍ നിന്നിലേക്ക്
ഇഴഞ്ഞിറങ്ങുന്ന മറുകാലവും തേടി!

ചൊവ്വാഴ്ച

എന്റെ പിഴ

കുത്തിത്തുളച്ച ചങ്ങാടം കണക്കെ
പടിഞ്ഞാറേ പുഴയിലേക്കാണവള്‍
ആദ്യം ഒഴുകി വന്നത്.
എതിര്‍പ്പുകളുടെ ശാസ്ത്രീയത ശരി വയ്ക്കുമ്പോലെ
വലംകാല്‍ ഇടംകാലിന്‍ മീതെ
പിണഞ്ഞ് പൂട്ടപ്പെട്ടിരുന്നു.
മീശ മുറ്റാത്ത പരലുകളുടെ
ഇടതടവില്ലാത്ത സുരത സുഖത്താലാവാം
മാറിടം നഗ്നമായിരുന്നു.
തുടിച്ച് പതഞ്ഞൊഴുകിയ വിപ്ലവത്തിന്റെ
ചങ്ങലക്കൊളുത്ത് കണക്കെ,
നിറമൊരല്പം കടുത്തുതുടങ്ങിയ ഒരു രക്തനക്ഷത്രം
ഇടംകൈ തഴുകിപ്പൊതിഞ്ഞ
അടിവയറിന്റെ മുഴുപ്പിനും താഴെ
ആരോടെന്നില്ലാത്ത വെല്ലുവിളിയും തുപ്പിത്തെറുപ്പിച്ച്
കുഞ്ഞുമുഷ് ടിചുരുട്ടിയുറങ്ങുന്നു.
ഭ്രാന്തന്‍ നായ്കള്‍ കടിച്ച് പറിച്ച
മുലക്കണ്ണിലൂടെ ഉരുകിയൊലിക്കുന്ന
ചെങ്കടല്‍ കണ്ട് കോരിത്തരിച്ച്
വിക്രമന്‍ സഖാവ് കിഴക്കോട്ട് തിരിഞ്ഞ്,
കഞ്ഞിപ്പശ ഉടയാത്ത ഒറ്റമുണ്ടൊരറ്റം ഇടംകൈയിലേറ്റി
പ്രസ്താവന പുറപ്പെടുവിച്ചു
“ഫ് ഭാ..,പെഴച്ചവള്‍…!”

ബുധനാഴ്‌ച

ഇനി വിട….ലാല്‍സലാം ബ്ലോഗേഴ്സ്…!

പെട്ടെന്നു സന്ധ്യ ആയതു പോലെ.
കാഴ്ചകള്‍ ചെളിവെളളത്തിലെന്നതുപോലെ
മങ്ങിയകന്നു മാറുന്നു.
നിലാവിനെ കാത്തിരുന്നു കാത്തിരുന്നു
നരച്ചുപോയൊരു അപ്പൂപ്പന്‍താടി,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,
നിരയറ്റ നിലവിളികള്‍!
അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ
എന്റെ അമ്മ വേലിക്കപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!
ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ!

തിങ്കളാഴ്‌ച

എന്റെ വീട്

ഒരു കരിമരുന്നുശാല!
ഗന്ധകവും മണലും താളവും
സമാസമം ഇളക്കി ഇണക്കി
പാതകത്തിനു മീതെ വിതറി
സൂക്ഷിക്കുന്ന ഒരുഗ്രന്‍ വെടിപ്പുര.
പൊട്ടിത്തെറികള്‍ക്കിടയില്‍
കരിഞ്ഞടര്‍ന്നു പോയ മുഖങ്ങള്‍
മുഴക്കങ്ങള്‍ക്കുളളിലെവിടെയൊ
എന്നേ മയക്കത്തിലാണ്ട സ്വരങ്ങള്‍.
കറുത്ത ഗോളം നഷ്ടമായ
അകകണ്ണിലിപ്പോള്‍
പുകമാത്രം മിച്ചം!
മോനെ എന്ന ഈണമുളള വിളിക്ക്
ചീറ്റിപ്പോയ നിലവെടിയുടെ
കിരുകിരുപ്പാണ്.
ഉത്തരവും കഴുക്കോലും വെട്ടി പൊളിച്ച്
മത്താപ്പൂ വിരിയുമ്പോള്‍,
തരിമണല്‍ തലച്ചോറിനുളളില്‍
ഫണമുയര്‍ത്തി ഇഴഞ്ഞിറങ്ങുമ്പോള്‍
മാനം നോക്കി കൈകൊട്ടിയാര്‍ക്കുന്ന
പൂത്തിരികള്‍ക്കു
കുപ്പാ‍യത്തിലെ ഇടംക്കുടുക്ക് പതുക്കെ
ചൊല്ലിക്കൊടുക്കുന്നു,
അടുത്ത പടനിലം ദാ, ഇവിടെയാണ്
‘’ഒരൊറ്റ വെടിക്ക്തന്നെ…..
…………………………….!!!”

ഞായറാഴ്‌ച

പരിഭവപ്പാതി

വെയില്‍
പിണക്കം തുടരുകയാണ്
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്‍സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം

ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍സിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.

പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന്‍ സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്‍ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു‍ പൊളളിച്ചു കൊണ്ടേയിരിക്കുന്നു.

വ്യാഴാഴ്‌ച

അര്‍ബുദം

കോവലിന്റെതണുപ്പിനിടയിലൂടെ
കറിവേപ്പിന്റെ വേരിനു മുകളിലൂടെ
കടിച്ച് വലിച്ചിഴച്ചാണ് അവന്‍ അവളെ കൊണ്ടുപോയത്.
ഫ്രീസറില്‍ വച്ച കുപ്പികണക്കെ
അവളുടെ മൂക്ക് വിയര്‍ത്തിരുന്നു.
കറുത്തുകോടിയ ചുണ്ടിന്റെ ഇടം കോണിനുള്ളില്‍
ആര്‍ക്കുവേണ്ടിയോ ഒരു ചിരി
പാത്തുപാത്തുനിന്നിരുന്നു.
ചോദിച്ചതെല്ലാം കൊടുത്തതാണവന്……
പുക്കിള്‍ക്കൊടിയറ്റംവരെ പറിച്ച് തീറ്റിച്ചതാണവനെ.
പിന്നെയുമെന്തിനാണു
അവന്‍ അവളുടെ ചിരിയുമെടുത്തുകൊണ്ട് ഓടിക്കളഞ്ഞത്?

ബുധനാഴ്‌ച

ബ്ലോഗിലും ജാതിപ്പോരോ..കഷ്ടം!

“എന്റെ തൊലി കറുത്തുപോയിന്നും
എന്റെ വയര്‍ ചുളിഞ്ഞുപോയിന്നും
പറഞ്ഞ് നിനക്കിളകി ചിരിക്കാം
എനിക്കു പിണക്കമില്ലാ
പക്ഷേ
എന്റെ വിധി ഇരുള്‍ കവര്‍ന്നെന്നും
എന്റെ ചിരി കരിഞ്ഞുപോയെന്നും കുരക്കാന്‍
നിനക്കു ആരു അധികാരം തന്നു?“


ഏന്റെ പേര് കണ്ടന്‍കാളി.പകവാന്റെ കടാച്ചം കൊണ്ട് താണചാതിയിലായി പ്പോയി കുടികെടപ്പ്,ഇപ്പോ ഏനു ഒരു പൂതിയൊന്നു പൂത്തു.
“രണ്ട് വരി ഒന്നെയുതണം “.
കതയോ കവിതയോ എന്തെങ്കിലുമൊരു ചായനം. അപ്പ ദേണ്ട് ചിരുതപ്പെണ്ണിനൊരു സമിശയം. പൂലോകത്തെ തമ്പ്രാമ്മാരും തമ്പ്രാട്ടികളും ഏനെയുതിയാല്‍ വായിക്കുമോ? ചാതിപ്പോരു ഈ പൂലോകത്തിലുമുണ്ടെന്ന് ഒരു തിരുവല്ലാക്കാരന്റെ മെഴുമെഴാന്നൊള്ളാ പ്ലോക് കണ്ടപ്പയാണേ പുടി കിട്ടിയതേ.
ഏനുമൊരു സമിശയം ഏമ്പ്രാ…
“കതക്കും കവിതക്കുമൊക്കെ ചാതിയുണ്ടോ?”
ഏനെക്കാള്‍ വെവരമുളള മേലാളന്‍മാരോടാന്ന് ചോയിച്ചതേ..
ഇതൊന്ന് വെളിവായിട്ട് വേണം ഏനുമൊന്നു പ്ലോകിത്തുടങ്ങാന്‍..!!!!!!!!!!

ഞായറാഴ്‌ച

പിതാവിനും പുത്രനും.

പിതാവ്:-
കന്നിമൂല നഷ്ടമായ പറമ്പിന്റെ
നിറഞ്ഞ ഫലഭൂയിഷ്ടി കണ്ട്
പാത്രത്തില്‍ രണ്ട് കുരുന്നുകളെ വിളയിച്ചു കൊടുത്തവന്‍.

മാതാവ്:-
കര്‍ക്കിടകക്കാലങ്ങള്‍ ഒന്നാകെ
നാലുംകൂട്ടി കടിച്ചുപൊട്ടിച്ച്
അണയിലിട്ടൊതുക്കി വക്കാന്‍ മാത്രം ശീലിച്ച ഒരു പാവം.

പുത്രന്‍:-
കവലയിലെ പുട്ടും കടലയും തിന്നാന്‍,
പാടവരമ്പിലൂടെ തുള്ളിക്കുതിച്ച് പോകാന്‍
ഒരു തന്തയുടെ ചൂണ്ട് വിരല്‍ത്തുമ്പു കൊതിച്ചവന്‍
നൂറ്മേനി ഒലിച്ച് തൂവിയ ഒരൊറ്റപ്രോഗസ്സ് കാര്‍ഡിലും
ജനിപ്പിച്ചവന്റെ വിരലടയാളം
ഇല്ലാതെ പോയവന്‍,
അമ്മക്കെഴുതിയ കുറിപ്പില്‍
ഞാനാണെന്നുളളതിനു എന്താണുറപ്പ്
എന്നോരൊറ്റ ചോദ്യത്തിനു
മനസ്സിലിട്ട് തന്തയെ ശ്വാസം മുട്ടിച്ച്
കൊലപ്പെടുത്തിയവന്‍.

ശനിയാഴ്‌ച

ചങ്ങാതിക്കൂട്ടം!!!!!

നമ്മുടെ മൂടും മടിയുമറിയാത്ത
മുച്ചീട്ടുകളങ്ങളില്ലാ
നമ്മള്‍ ചവച്ചരച്ചു തുപ്പാത്ത
അരിഞ്ഞതും അരിയാത്തതുമായ
പൊയില കൊള്ളികളില്ലാ
നമ്മളെ‍ മോന്തിയ തെക്കെഷാപ്പിലെ ആനമയക്കി,
അച്ചന്‍കുഞ്ഞിന്റെ വാറ്റ്,
മണിക്കുട്ടന്റെ കടയിലെ ശംഭു,
ഒരോപുക മാറി മാറി ഊതി
നെഞ്ചിടിപ്പേറ്റിയ ആശാരിയണ്ണന്റെ പൊതിക്കെട്ട്,
സര്‍ക്കാരുവണ്ടിയിലെ ജാക്കി,
രാഗിണിയുടെ കൈയാലയില്‍ നട്ടപാതിരാക്ക്
നിന്റെ കരുതലിനായ് ഞാന്‍ കുത്തിനിര്‍ത്തിയ വടിവാള്‍
അളിയാ,
ഇത്രയൊക്കെ ചെയ്തിട്ടും
നിന്റെ പെണ്ണിന്റെ മാറിലെ തോര്‍ത്തൊന്നു
മാറ്റാന്‍ ഒരുമ്പെട്ടതിനു
നീയെന്തിനാ എന്നെ വെട്ടിവെയിലത്തു വെച്ചതെന്നു
എത്രചിന്തിച്ചിട്ടും ഒരെത്തും പിടിയും
കിട്ടുന്നില്ലാല്ലോ..???????

ചൊവ്വാഴ്ച

“അലക്കുകല്ലിന്റെ മൌനം“

കുമ്പസാരക്കൂടും
അലക്കുകല്ലും കൂടി
വേളാംകണ്ണിക്കാണോ കാശിക്കാണോ
ആര്‍ക്കറിയാം‍ ഒരു പോക്കുപോയി.

രഹസ്യങ്ങള്‍
പൊളിച്ച് കൊറിച്ച്
പരസ്യപലക കണക്കെ
കൂട് കുമ്പസാരം തുടര്‍ന്നു.

വിശപ്പിന്റെ ഉപ്പിലിട്ടുണക്കിയ
മണ്ണു തിന്ന റൊട്ടി,
ഞെരിച്ച് കലക്കിയ ഇളം കൊഞ്ചല്‍,
ചന്തി കീറിയ സൌഹ്യദങ്ങള്‍
കടുത്തനിറത്തില്‍കുഴഞ്ഞ്
നിലവിളിച്ച് വീണ
കിടക്കവിരികള്‍
കെട്ടുപൊട്ടിയ താലി,
പത്തലിന്‍ തുമ്പില്‍
ഒടുക്കം ശ്രവിച്ച ചേട്ടന്റെ ഞരക്കം,
മുള്ളുമുരിക്ക് ഉരച്ച് തീര്‍ത്ത് അന്നാമ്മ,
ഉടുമുണ്ടിലുടക്കി
മുഖം താണുവീണ അവറാന്‍….!

താറുടുത്ത് മുറുക്കിക്കെട്ടിയ
ഞരമ്പുകള്‍ത്രസിപ്പിച്ച്
കുന്തിരിക്കം മണക്കുന്ന ഏകാന്തത
തുപ്പലിറക്കുമ്പോള്‍ഃ
തലമണ്ട പൊളിഞ്ഞടര്‍ന്നവന്‍
ശുദ്ധിയോ അശുദ്ധിയോന്ന്
ഇടംവലം പിറുപിറുപ്പെറിഞ്ഞ്
അഴുക്കുവെള്ളം മണക്കുന്ന തീറാധാരം തേടി
മുള്ളുവേലിക്കരികിലേക്കു
ഉരുണ്ട് ഉരുണ്ട് ഉരുണ്ട്…………..പോയി!

വ്യാഴാഴ്‌ച

ഞാന്‍ മാന്യനല്ലാ…!!!

ഞാന്‍ മാന്യനേയല്ലാ.

അയലത്തെ ഗൌരി പണിക്കത്തി
ഉണക്കാനിട്ടിരുന്ന പറങ്കാണ്ടി അടിച്ചു മാറ്റി
ഐസ് വാങ്ങി നുണഞ്ഞത്
അഞ്ചാം വയസ്സില്‍.

കാമരാജന്റെ പീടികേന്നു വാങ്ങിയ
തെറുപ്പുബീഡിയുടെ നനഞ്ഞ് നാറിയ
അവസാന പുക നെറുകയില്‍
ആഞ്ഞാഞ്ഞു കേറ്റിയത്
പതിമൂന്നാം വയസ്സില്‍.

പൊളിഞ്ഞുതുടങ്ങിയ മറപ്പുരയുടെ
ഓട്ട തരുന്ന സൌജന്യാനൂകൂലത്തില്‍
വടക്കേതിലെ ലതയുടെ
കുളി കണ്ട് കണ്ണുതള്ളിയത്
പതിനാറാം വയസ്സില്‍.

ഇരുള്‍ തിന്നു പകുതിയായ രാത്രിക്ക് നടുവില്‍
ഒറ്റയ്ക്കായി പോയ കൌമാര കിളുന്തിനെ
പട്ടി കമ്മാതെ,
നത്ത് കൊത്താതെ,
അവളുടെ പൊരയിലെത്തിച്ചത്
മുപ്പത്തിഒന്നാം വയസ്സില്‍.

മച്ചാ..
ഞാന്‍ മാന്യനേയല്ലാ..!
ഞാന്‍ മനുഷ്യനേയല്ലാ..!



1.പറങ്കാണ്ടി-കശുവണ്ടി 2.മറപ്പുര-കുളിമുറി
3.-ദ്വാരം 4.കമ്മാതെ-കടിക്കാതെ 5.പൊര-വീട്

ബുധനാഴ്‌ച

ഉറക്കച്ചടവ്.

ഓര്‍മ്മകള്‍,
നിന്നെക്കുറിച്ചുളള ഓര്‍മ്മകള്‍,
ഈ തീപ്പെട്ടിക്കൂടിനുളളില്‍
സാക്ഷയിട്ട് വെച്ചിരിക്കുന്ന
ചാരായക്കുപ്പികള്‍ പോലെ.
തിരിക്കുമ്പോള്‍,
പിരിക്കുമ്പോള്‍,
പകരുമ്പോള്‍
ചിലന്തിപെണ്ണിന്റെ ഊറ്റത്തോടെ അവ
എന്റെ ചേതനയെ വലിച്ചൂറിയെടുക്കുന്നു
ചുണ്ടിന്മേല്‍ പടര്‍ന്ന വീര്യം
നുണഞ്ഞൊതുക്കി
ഇടത്തേക്കാഞ്ഞൊന്നു വെട്ടി
ഒരു വലിയ ഞെട്ടലിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ
കണ്ണുചിമ്മുമ്പോഴോ…
വലംക്കൈയില്‍
ചുരുണ്ട് കുരുങ്ങിയ മുടിയിഴകള്‍
ഇടം നെഞ്ചില്‍
നിന്റെ കവിളിന്റെ ഇളം ചൂട്…!

വ്യാഴാഴ്‌ച

“ഡയറിക്കുറിപ്പുകള്‍.“


പെട്ടെന്നു സന്ധ്യ ആയതു പോലെ…
കാഴ്ചകള്‍ ചെളിവെളളത്തിലെന്നപോലെ
മങ്ങിയകന്നു മാറുന്നു.

നിലാവിനെ കാത്തിരുന്നു നരച്ചുപോയൊരു
അപ്പൂപ്പന്‍താടി….,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,നിരയറ്റ നിലവിളികള്‍.…..

അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ……
എന്റെ അമ്മ അപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!

ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ.

ചൊവ്വാഴ്ച

പരിഭവപ്പാതി


വെയില്‍
പിണക്കം തുടരുകയാണ്.
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്‍സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം.

ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍ഃസിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.

പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന്‍ സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്‍ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു‍ പൊളളിച്ചു കൊണ്ടേയിരിക്കുന്നു.

ഞായറാഴ്‌ച

ദളിതന്‍ കാക്ക

തീട്ടം പുരണ്ട ചുണ്ടുകീറി
നിലവിളിച്ചതിനാലാവും
എന്റെ തിരിച്ചറിവുകളെ
നീ വിസര്‍ജ്ജിച്ചു കളഞ്ഞത്.

ഇടംകണ്ണടച്ച്,ഉന്നം പിടിച്ച്
നിന്റെ കൈകളില്‍ പതുങ്ങി
നെറ്റിമേല്‍ മുത്തുന്ന
ചെങ്കല്ലിന്റെ പക
വളിച്ച നെയ്യപ്പത്തിന്റെ
പേരിലല്ല എന്ന തിരിച്ചറിവില്‍
നീ വെറും കരിങ്കൊടി മാത്രമാകും.

എനിക്കു തൂറിവെളുപ്പിക്കാനുളള
ഒരുഗ്രന്‍ കൊടിമരം.


ശനിയാഴ്‌ച

“സ്ത്രീജന്മങ്ങള്‍.“

പെട്ടെന്ന് ഞാനങ്ങ്
ചത്തുപോയി.
ഉറക്കത്തിനിടയില്‍
ഉറങ്ങിപ്പോയതു കൊണ്ടാവാം
ഞാനുമറിഞ്ഞില്ലാ
ആരുമറിഞ്ഞില്ലാ.

കുത്തുവീണ വായ
കോട്ടുവായ വിട്ട്
വലിച്ചകത്തുമ്പോള്‍
കൂട്ടിനു സൈക്കിളുണ്ട്.
കെട്ടിയവളെക്കുറിച്ച്
തണുപ്പ് ചിന്തിപ്പിക്കുന്നു.
“പോണ്‍ സ് “പൌഡറും പേരറിയാത്ത
വെളുത്ത “സ് നോവും“…

പതിവുകള്‍
തെറ്റിച്ചില്ലാ,
സൈക്കിള്‍ മണി അടിച്ച് തന്നെ
ഇടവഴി താണ്ടി.
കൂര കണ്ണടച്ചിട്ടില്ലാ…
ഇരുട്ടിനുള്ളില്‍ വെള്ളിടി വീണ കരച്ചില്‍

പുറം തിരിഞ്ഞിരുന്ന്
ഉടുമുണ്ടാല്‍ മൂക്കുപിഴിഞ്ഞ് അവളിരിക്കുന്നു..
അറുത്തിട്ട കുരുക്കു പോലെ
പിഞ്ചിക്കീറിയ അവളുടെ സ്വരം
“…ന്നാലും..,അവളോടെന്തിനീ
കൊലച്ചതി ചെയ്തു…?”
…….?
ആരോട്…??
ഉത്തരമെന്നോണം
മുറിയിലെ പഴയ ബ്ലാക്ക് & വൈറ്റ് ടിവിയില്‍
സ്ത്രീജന്മങ്ങള്‍
ആര്‍ത്ത് കരയുന്നു..
സൈക്കിള്‍ മണി നിശബ് ദതക്കു വിറ്റ്
തിരിച്ച് പോരുമ്പോള്‍
വെറുതെ തോന്നി
“ചാകേണ്ടിയിരുന്നില്ലാ…”

ബുധനാഴ്‌ച

എന്നിട്ടുമെന്തേ...

കണ്ടുമുട്ടിയത്
മാസമുറ നിലച്ച
വാകമരത്തിനു താഴെ.

താലിയിട്ട്
നെഞ്ചില്‍ ചേര്‍ത്തത്
ഉച്ചമയക്കത്തിലാണ്ടു പോയ
ദേവിയ്ക്കു മുമ്പില്‍

വിയര്‍പ്പിലാണ്ട്
പതഞ്ഞൊഴുകിയത്
ചിതലുകള്‍‍ മേയുന്ന കൂരയ്ക്കുള്ളില്‍

പകുത്ത് നല്‍കിയതു
കലത്തിലെ
കരിഞ്ഞ വറ്റുകള്‍
നിറച്ച് വച്ചത്
കുരുമുളകു വള്ളിയില്‍
കുടുങ്ങിപ്പോയ
കരിമൂര്‍ഖന്റെ വിഷം.

അണ്ണാക്കില്‍ കനലിട്ട് കനലിട്ട്
പൊള്ളിക്കീറിയ
ചൂണ്ടാണി വിരല്‍തൊട്ട്
ചോദിക്കണമെനിക്ക്…
“എന്നിട്ടുമെന്തേ
പുതുമഴ പോലെ നീ എന്നെ
ഇങ്ങനെ വരിച്ചുമുറുക്കുന്നത്…?
എന്നിട്ടുമെന്തേ
കിനാവള്ളി പോലെ
നീ എന്നില്‍ പടര്‍ന്നു കയറുന്നത്..?”

ഒരു പ്രണയ ലേഖനം കൂടി.







ഒരു ചുംബനത്തിരി കത്തിച്ച്
എന്റെ ചുണ്ടത്തേക്കൊന്നു
വലിച്ചെറിയൂ…ഞാനതില്‍ഃ നീറി ഒടുങ്ങട്ടെ

തിങ്കളാഴ്‌ച

ആരാടാ...കനലുമായി പറമ്പില്‍....

സത്യത്തില്‍ വല്ലാതെ മടുത്തു ശങ്കരാ...
ചെവിപ്പുറകില്‍ തിരുകിയ ബീഡി
തിരികെ എടുത്തു ശങ്കരന്‍..
നമ്മുടെ ആ പഴയ കാലം....
ഉവ്വാ.....
ശങ്കരന്റെ ഓര്‍മ്മകള്‍
ചെമ്മീനിലെ പരീക്കുട്ടിയാവുന്നു.
............
നിശബ്ദ്ത തായം കളിച്ചു നില്‍ക്കെ
ഗ്യഹാതുരത്വത്തിന്റെ ചൊറിമാന്തല്‍
വീണ്ടും ശങ്കരന്റെ ചെവിയരികില്‍..
അല്ലാ..നീ...നീയിപ്പോഴും
പറമ്പില്‍ തന്നാ....
പണ്ടത്തെ പ്പോലെ ആകാശം നോക്കി
പോച്ചയും പറിച്ച്
ആയത്തില്‍ രണ്ട് പുകയും വിട്ട്....
........ഹായ്...ശങ്കരാ...കൊതിയാവുന്നളിയാ..
നിന്നോട് അസൂയയും.