ചൊവ്വാഴ്ച

ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍

ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

താരാട്ടാണത്..

ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..

ചാപിള്ളകള്‍ക്കായുള്ള താ‍രാട്ട് പാട്ട് !

ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.

ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..

വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!

തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!

വ്യാഴാഴ്‌ച

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..



ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കള‍ഞ്ഞ്
ആശ്വാസം കൊള്ളും.


വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും


പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും


രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും

നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…