ഞായറാഴ്‌ച

ഒരു പാമ്പുകടിക്കഥ-മധുരാനുഭവങ്ങള്‍!

ഒരുപാട്‌ നാളുകൾ പുറകിലാണ് ഈ കഥനടക്കുന്നത്‌.ഈയുള്ളവന്റെ വേളിയൊക്കെ കഴിഞ്ഞ്‌ സകുടുംബം കഷ്ടതയിൽ വാഴും കാലം.അന്യജാതിയില്‍ നിന്നൊരുത്തിയെ അടിച്ച്മാറ്റിയ വകയിൽ കിട്ടിയ “സത്പ്പേർ “പുഴുങ്ങിയോ വേവിച്ചോ പ്രിയതമക്കും മകനുമായി ഷെയറു ചെയ്ത്‌ മുളകു ചമ്മന്തിയിൽ ജീവിതമെങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നു കൂലംകഷമായി ചിന്തിച്ച് രാത്രികളെ ധന്യമാക്കിയിരുന്ന നാളുകളിലാണു ഇടിവെട്ട്‌ പോലെ ഒരു ലോട്ടറി തരപ്പെടുന്നത്‌.
ലോട്ടറി കൊണ്ടുവന്നതോ നല്ല വിഷം മുറ്റിയ ഒരു പാമ്പും..!
ഈയുള്ളവന്റെ വലതുകാലിന്റെ മൃദുലതകണ്ട്‌ കൊതി അടക്കാനാവാതെ ആണൊ എന്തോ,ആര്‍ക്കറിയാം ഒന്നെടുത്താല്‍ ഒന്നു ഫ്രീയെന്നപോലെ രണ്ട് കടി..(കടിയാണോ,കൊത്താണോ..?)
രാത്രിയിലാണ് സംഭവം.ജഗ്ജിത്ത്‌ സിങ്ങിന്റെ സഹറും കേട്ട്‌ രണ്ട്‌ വറ്റ്‌ ഉള്ളിലാക്കാൻ കിടപ്പുമുറിയിൽ ഇരിക്കുന്ന നേരത്തിലത്രേ സംഗതിയുടെ തുടക്കം.(ക്ഷമിക്കുക..ഡൈനിങ്ങ്‌ ഹാളിൽ ).
ഞാൻ ഒരുമാതിരി ഒക്കെ കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന കറിയാണ് രസം.അന്ന് എന്റെ നല്ല സമയത്തിനു വാമഭാഗത്തിന്റെ വളയിട്ടകൈകളാല്‍ മെനഞ്ഞ രസമായിരുന്നു,
ചോറിലൊഴിച്ചൊന്ന് കുഴച്ച് നോക്കുമ്പോള്‍ കുരുമുളക് കുറവ്..തീര്‍ന്നില്ലേ കഥ.
കുരുമുളകില്ലെങ്കില്‍ പിന്നെന്തു രസം..? ഉണക്കാനുള്ള സമയവും വാങ്ങാനുള്ള ദമ്പടിയും ഇല്ലാതിരുന്നതിനാൽ പറമ്പിലുള്ള കുരുമുളക്‌ കൊടിയിൽ നിന്നും മൂത്തില്ലെങ്കിലും രണ്ടെണ്ണം പൊട്ടിക്കാൻ തന്നെ നാമങ്ങട് തീരുമാനിച്ചു.
“കഷ്ടകാലേ കോണകുലു പാമ്പുലൂ ..“എന്നല്ലേ ചൊല്ല് !അത് അന്വർത്ഥമാക്കും വിധമായിരുന്നു കഥയുടെ പിന്നീടുള്ള ഒഴുക്ക്‌.
പെണ്ണു ആകാശത്തേക്ക്‌ നിറയൊഴിക്കാതെ മൂന്നുതവണ വാണിങ്ങ്‌ തന്നു...പോകണ്ടാ..
അമ്മ സീരിയലിന്റെ നടുക്കൂന്ന് ഓടിവന്നു പറഞ്ഞൂ...പോണ്ടാ!
എബടെ കേൾക്കാൻ?യാര് കേള്‍ക്കാന്‍..?
നമ്മളെ ഒരുത്തൻ അവിടെ ഒറക്കമൊഴിച്ച് കാത്തു കാത്തിരിക്കുമ്പോൾ പോകണ്ടാന്ന് പറയാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു..? ഹല്ല പിന്നെ..
ഞാനിറങ്ങി..പറമ്പിലെ ഇരുട്ടിനകത്തേക്ക്‌.
കൈതക്കാടുകൾക്കിടയിലെ കുരുമുളക്‌ പൊട്ടിച്ച് തിരിയുമ്പോൾ തന്നെ ആദ്യഡോസ്‌ കിട്ടി...ഒരു നിമിഷം പോലും വൈകാതെ രണ്ടാമത്തേതും..ആനന്ദലബ്ദിക്കിനിയെന്തു വേണം...ഞാൻ വെരി വെരി ഹാപ്പി!
കട്ടുറുമ്പെന്ന എന്റെ മിഥ്യാധാരണകളെ കാറ്റിൽ പറത്തി മൂന്നു ചുവടുകൾക്കുള്ളിൽ ഞാൻ തലച്ചാരായം കാച്ചിയ പ്രതീതി പരത്തി വേച്ച് വേച്ച് വീട്ടിലേക്ക്‌......
വാതിൽക്കൽ അന്തർജ്ജനം കുരുമുളകിനല്ലാ,ഇരുട്ടിലേക്ക്‌ പോയ അവളുടെ വെളിച്ചത്തെ കാത്തു നിൽക്കുന്നത്‌ അവ്യക്തമായി ഞാൻ കാണുന്നുണ്ടായിരുന്നു.
പാവത്തിനൊന്നും മനസ്സിലായില്ലാ..
ധീരമധുരമായി ഞാൻ മൊഴിഞ്ഞു.."ഒരു ഉറുമ്പു കടിച്ചു"
നെഞ്ചിടിപ്പു കൂടിവരുന്നതിന് ഒരു മര്യാദയില്ലാതായപ്പോള്‍ സധൈര്യം ഞാന്‍ മുറിയിലേക്ക് കയറി .പടിയിലെവിടെയോ വച്ചിരുന്ന ബ്ലേഡാല്‍ കടികൊണ്ട ഭാഗം മുറിക്കാനുള്ള എന്റെ ധീരമായ നടപടി ആരംഭിക്കും മുൻപേ അവൾ കണ്ടു പാദത്തിലൂടെ ഒഴുകിയിറങ്ങുന്ന ചോര..
കരച്ചിലിന്റെ ആദ്യഘഡുവിനു ഏറെ താമസമുണ്ടായില്ലാ.
കടികൊണ്ടഭാഗം ബ്ലേഡാൽ ക്കീറി ചോരയും വെള്ളവും പോലെന്തോ ഞെക്കിക്കളയുന്ന അവസ്ഥയിലും സമാധാനപ്പെടുത്തലിന്റെ അവ്യക്തമായ രണ്ടുവാക്ക്‌ ഞാനെറിഞ്ഞ് നോക്കിയെങ്കിലും..എവിടെ.....നോ രക്ഷ! ആരോഹണാവരോഹണക്രമത്തില്‍ അവളുടെ ഹിന്ദുസ്ഥാനി..!
അമ്മയെത്തി,കൂട്ടുകുടുംബത്തിന്റെ പങ്കാളികളായ ചേട്ടന്മാരും ചേട്ടത്തിമാരും എത്തീ..ഞാനോ ദിക്കുകളറിയാതേ കാഴ്ച മങ്ങുന്ന മറ്റേതൊ ലോകത്തിലേക്കും എത്തി!
ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു...
ശബ്ദങ്ങളും എന്നെവിട്ട്‌ അകന്നുപോകുന്നതുപോലെ..ശ്ശെടാ,ദേണ്ടെ ഞാൻ മരിക്കാൻ പോകുന്നു..
അതിലുപരി കുട്ടിക്കളിമാറാത്ത ഒരു പാവം പെണ്ണിന് കറുത്തുതുടങ്ങിയ മാലയില്‍ കൊരുത്തിട്ട താലിയും നഷ്ടമാകുന്നു...
വിഷത്തിന്റെ മൂർദ്ധന്യത്തിലും ഞാനൊന്ന് പിടഞ്ഞുവോ?
എനിക്ക്‌ ആശുപത്രിയിൽ പോകണം..,
കാഴ്ചക്കാരോടായി എന്റെ ഇടറിയ വാക്ക്‌ അതായിരുന്നു..
കൂടപ്പിറപ്പുകളിലൊന്നിനു ഓട്ടോറിക്ഷായുണ്ട്‌..തൊട്ടടുത്ത്‌ മുറിയിലെ സാഹോദര്യത്തോട്‌ അമ്മചോദിക്കുന്നു...“അവനെ നമുക്ക്‌ ആശൂത്രി കൊണ്ടോണം..നീയാ ഓട്ടോന്നു എടുത്തോണ്ട്‌ വാ പെട്ടെന്നു. ...”
സഹോദരൻ അയ്യപ്പന്റെ മറുപടിയോ തത്വചിന്തയിൽ അധിഷ്ടിതമായിരുന്നു.."നടന്നു പോകാനുള്ള ദൂരമല്ലേയുള്ളൂ..!"
ദുരഭിമാനത്തിന്റെ ചുരമാന്തിപ്പൊളിക്കുന്ന എനിക്കിട്ടോ അയ്യപ്പാ ഏറ്?
ഞാൻ നടന്നു...പിടിക്കാൻ വന്നവരുടെ കയ്യെറ്റി ഞാൻ നടന്നു..മുന്നിൽ മരണവും എന്റെ സാന്നിദ്ധ്യം വേണ്ട രണ്ട്‌ ജീവനുകളും മാത്രം..ഓരോ കാല്‍ വെയ്പിലും ഉടല്‍ രണ്ട്‌ അടി പിന്നോക്കം പോകുന്നതും കതിനക്കുറ്റി പോലെ ചങ്ക് പുകഞ്ഞ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നതും ആസ്വദിച്ച് ഞാൻ നടന്നു...
പെരുവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ജീവിതങ്ങള്‍ മുറുകെപ്പിടിച്ച് തന്നെ...!
കാലമെത്ര കഴിഞ്ഞു....ഓർക്കുമ്പോൾ ഇപ്പോൾ നല്ല രസം തോന്നുന്നു..അന്നു കൂട്ടാതെ മാറ്റിവച്ച രസത്തിനെയും തോല്‍പ്പിക്കുന്ന രസം...!

ഈശ്വരാ..നിനക്ക്‌ നന്ദി..എന്റെ പെണ്ണേ..നിന്റെ പ്രാർത്ഥനകൾക്കും!

വ്യാഴാഴ്‌ച

യാത്രാമൊഴി

നിന്റെ
ചവിട്ടടിയിലെ
വരണ്ട് പോറിയ
വെളുത്ത വരകള്‍ക്ക് മീതെ
എന്റെ വലംകൈപ്പാടും
അഴുക്കുരുട്ടി കറുത്തുപോയൊരു
കര്‍ക്കിടകത്തുള്ളിയും.


മുമ്പില്‍,
തലവാല്‍ പിടപ്പിച്ച്
കുന്നോളം പൊങ്ങി നിലംതട്ടി
പൊടി ചിതറി തുടിക്കുന്നുണ്ട്
കുറുകെ വരഞ്ഞ്
ഉപ്പുപുരട്ടിയ
മനഃസ്സാക്ഷിക്കുത്തുകള്‍.


ചിരിയിറ്റുന്നു ചുണ്ടത്ത്…
അപഹാസ്യമായ തിരിവുകളിലും
നീ കുടഞ്ഞിട്ട സ്നേഹമോര്‍ത്ത്!
ഉറവ വറ്റുന്ന തൊണ്ടയിലോ
കിന്നാരം മുനകൂട്ടി
ഞാന്‍ നിന്നിലെറിഞ്ഞു തറപ്പിച്ച
വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!


മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം.

ശനിയാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ഉരുളയുരുട്ടി
പകുത്തു കൊടുക്കുമ്പോള്‍
പെണ്ണിന്റെ കണ്ണില്‍
നിറഞ്ഞ് വെട്ടിത്തിരിയുന്നത്
അസൂയയല്ലേന്ന്
കളി പറഞ്ഞൊതുക്കും..

നെഞ്ചില്‍ നിന്നും
കുഞ്ഞികൈയുംമുഖവുമുയര്‍ത്തി,
പടിക്കുപുറത്തെ അക്ഷമയുടെ
ചുവടിടറിയ ദിനരാത്രങ്ങളില്‍
തല കുടഞ്ഞ് നില്‍ക്കുമ്പോള്‍,‍
അച്ഛനെപ്പരതി വക്കുതെറ്റിയ
കുട്ടിത്തം വീണുമുഴയ്ക്കുന്നു
ഉള്ളിലെവിടെയോ....


അടപ്പിളകിയ മുറുക്കാന്‍ ചെല്ലം
വലിച്ച് നിരക്കുന്നതും
മുറുമുറുപ്പിന്റെ കുറുകലിനൊപ്പം
പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും
വാഴക്കൂമ്പിലെ വവ്വാല്‍
ചിറകടിച്ചേറ്റ് പറയും..


കവിതയും
പാട്ടുകളുമായി ബീഡിക്കുറ്റികള്‍
അണഞ്ഞൊടുങ്ങുന്നതും
മയക്കം തുടങ്ങിയ കണ്ണുകളുമായി
അവനോ ആന്തലൊടുങ്ങിയ
വഴികളിലേക്ക് നടന്നു മറയുന്നതും
ജേതാവിന്റെ മനവുമായി
കണ്ടിരുന്ന രാവുകള്‍..

ഒക്കെയും ഓര്‍ക്കുന്നുണ്ടാവണം.
അല്ലെങ്കിലെന്തിനാവും
അവന്റെ സ്വരം ഇടര്‍ച്ച വിഴുങ്ങിയതും
ഉറക്കച്ചടവിന്റെ മൂശേട്ടക്കിടയിലും
എന്റെ കണ്ണുകള്‍
സജലങ്ങളായതും…………….?

തിങ്കളാഴ്‌ച

എന്റെ പെങ്ങള്‍ക്ക്!

മുല്ലവള്ളി മറവില്‍ ,

തീണ്ടാ‍രിത്തുണി മണത്ത്

തീ പിടിച്ച കണ്ണുകള്‍

മുട്ടായി മണക്കുന്ന

കീഴ്ചുണ്ട് കടിച്ചമര്‍ത്തി,

പൂമണമെറിഞ്ഞ്

നിന്നില്‍ കൊതിയേറ്റുന്നു.

പനിച്ച് തുള്ളുന്ന പ്രണയമെന്നു

അടക്കം പറഞ്ഞ് ഇക്കിളികൂട്ടി,

ശവഗന്ധം ദാനം തന്ന്

നിന്റെ നാളെകളെ ഓക്കാനിപ്പിച്ചൊടുക്കാന്‍..!

ഞാനോ,

നിന്റെ എളിയില്‍

കരപ്പന്‍ചലം തേച്ച അരഞ്ഞാണകൂമ്പും,

മൈലാഞ്ചിവിരല്‍ കടിച്ച് മുറിച്ച

വിശപ്പിന്റെ കുണുങ്ങിച്ചിരിയും

നക്ഷത്രങ്ങളില്‍ കുരുക്കിക്കെട്ടി,

ഉച്ചവെയില്‍ കണ്ണിലേറ്റി, ‍

കൂരിരുട്ടിന്റെ കൂരക്കീഴില്‍

ഉടല്‍ക്കുടഞ്ഞുവിരിച്ച്

നിന്റെ മാനത്തിനു കാവലാളാകുന്നു….!