ഞായറാഴ്‌ച

ദളിതന്‍ കാക്ക

തീട്ടം പുരണ്ട ചുണ്ടുകീറി
നിലവിളിച്ചതിനാലാവും
എന്റെ തിരിച്ചറിവുകളെ
നീ വിസര്‍ജ്ജിച്ചു കളഞ്ഞത്.

ഇടംകണ്ണടച്ച്,ഉന്നം പിടിച്ച്
നിന്റെ കൈകളില്‍ പതുങ്ങി
നെറ്റിമേല്‍ മുത്തുന്ന
ചെങ്കല്ലിന്റെ പക
വളിച്ച നെയ്യപ്പത്തിന്റെ
പേരിലല്ല എന്ന തിരിച്ചറിവില്‍
നീ വെറും കരിങ്കൊടി മാത്രമാകും.

എനിക്കു തൂറിവെളുപ്പിക്കാനുളള
ഒരുഗ്രന്‍ കൊടിമരം.


ശനിയാഴ്‌ച

“സ്ത്രീജന്മങ്ങള്‍.“

പെട്ടെന്ന് ഞാനങ്ങ്
ചത്തുപോയി.
ഉറക്കത്തിനിടയില്‍
ഉറങ്ങിപ്പോയതു കൊണ്ടാവാം
ഞാനുമറിഞ്ഞില്ലാ
ആരുമറിഞ്ഞില്ലാ.

കുത്തുവീണ വായ
കോട്ടുവായ വിട്ട്
വലിച്ചകത്തുമ്പോള്‍
കൂട്ടിനു സൈക്കിളുണ്ട്.
കെട്ടിയവളെക്കുറിച്ച്
തണുപ്പ് ചിന്തിപ്പിക്കുന്നു.
“പോണ്‍ സ് “പൌഡറും പേരറിയാത്ത
വെളുത്ത “സ് നോവും“…

പതിവുകള്‍
തെറ്റിച്ചില്ലാ,
സൈക്കിള്‍ മണി അടിച്ച് തന്നെ
ഇടവഴി താണ്ടി.
കൂര കണ്ണടച്ചിട്ടില്ലാ…
ഇരുട്ടിനുള്ളില്‍ വെള്ളിടി വീണ കരച്ചില്‍

പുറം തിരിഞ്ഞിരുന്ന്
ഉടുമുണ്ടാല്‍ മൂക്കുപിഴിഞ്ഞ് അവളിരിക്കുന്നു..
അറുത്തിട്ട കുരുക്കു പോലെ
പിഞ്ചിക്കീറിയ അവളുടെ സ്വരം
“…ന്നാലും..,അവളോടെന്തിനീ
കൊലച്ചതി ചെയ്തു…?”
…….?
ആരോട്…??
ഉത്തരമെന്നോണം
മുറിയിലെ പഴയ ബ്ലാക്ക് & വൈറ്റ് ടിവിയില്‍
സ്ത്രീജന്മങ്ങള്‍
ആര്‍ത്ത് കരയുന്നു..
സൈക്കിള്‍ മണി നിശബ് ദതക്കു വിറ്റ്
തിരിച്ച് പോരുമ്പോള്‍
വെറുതെ തോന്നി
“ചാകേണ്ടിയിരുന്നില്ലാ…”

ബുധനാഴ്‌ച

എന്നിട്ടുമെന്തേ...

കണ്ടുമുട്ടിയത്
മാസമുറ നിലച്ച
വാകമരത്തിനു താഴെ.

താലിയിട്ട്
നെഞ്ചില്‍ ചേര്‍ത്തത്
ഉച്ചമയക്കത്തിലാണ്ടു പോയ
ദേവിയ്ക്കു മുമ്പില്‍

വിയര്‍പ്പിലാണ്ട്
പതഞ്ഞൊഴുകിയത്
ചിതലുകള്‍‍ മേയുന്ന കൂരയ്ക്കുള്ളില്‍

പകുത്ത് നല്‍കിയതു
കലത്തിലെ
കരിഞ്ഞ വറ്റുകള്‍
നിറച്ച് വച്ചത്
കുരുമുളകു വള്ളിയില്‍
കുടുങ്ങിപ്പോയ
കരിമൂര്‍ഖന്റെ വിഷം.

അണ്ണാക്കില്‍ കനലിട്ട് കനലിട്ട്
പൊള്ളിക്കീറിയ
ചൂണ്ടാണി വിരല്‍തൊട്ട്
ചോദിക്കണമെനിക്ക്…
“എന്നിട്ടുമെന്തേ
പുതുമഴ പോലെ നീ എന്നെ
ഇങ്ങനെ വരിച്ചുമുറുക്കുന്നത്…?
എന്നിട്ടുമെന്തേ
കിനാവള്ളി പോലെ
നീ എന്നില്‍ പടര്‍ന്നു കയറുന്നത്..?”

ഒരു പ്രണയ ലേഖനം കൂടി.ഒരു ചുംബനത്തിരി കത്തിച്ച്
എന്റെ ചുണ്ടത്തേക്കൊന്നു
വലിച്ചെറിയൂ…ഞാനതില്‍ഃ നീറി ഒടുങ്ങട്ടെ

തിങ്കളാഴ്‌ച

ആരാടാ...കനലുമായി പറമ്പില്‍....

സത്യത്തില്‍ വല്ലാതെ മടുത്തു ശങ്കരാ...
ചെവിപ്പുറകില്‍ തിരുകിയ ബീഡി
തിരികെ എടുത്തു ശങ്കരന്‍..
നമ്മുടെ ആ പഴയ കാലം....
ഉവ്വാ.....
ശങ്കരന്റെ ഓര്‍മ്മകള്‍
ചെമ്മീനിലെ പരീക്കുട്ടിയാവുന്നു.
............
നിശബ്ദ്ത തായം കളിച്ചു നില്‍ക്കെ
ഗ്യഹാതുരത്വത്തിന്റെ ചൊറിമാന്തല്‍
വീണ്ടും ശങ്കരന്റെ ചെവിയരികില്‍..
അല്ലാ..നീ...നീയിപ്പോഴും
പറമ്പില്‍ തന്നാ....
പണ്ടത്തെ പ്പോലെ ആകാശം നോക്കി
പോച്ചയും പറിച്ച്
ആയത്തില്‍ രണ്ട് പുകയും വിട്ട്....
........ഹായ്...ശങ്കരാ...കൊതിയാവുന്നളിയാ..
നിന്നോട് അസൂയയും.