വ്യാഴാഴ്‌ച

മറക്കുവാനാകുമോ...?

ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,

സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,

പ്രണയത്തിനും
കാമത്തിനുമിടയിലെ
നനുത്തുനേര്‍ത്ത ഞരമ്പുകളില്‍ നിറയെ
മൂട്ടയുടെ കൊഴുത്ത ചോരയുടെ
ഗന്ധമെന്നു മൊഴിഞ്ഞ്
മുഖത്തിഴഞ്ഞു ശ്വാസം മുട്ടിച്ച
മുടിയിഴകളെ....,

“ചില്ലകളില്‍ നിറയെ
അസ്വസ്ഥതകള്‍ പൂത്തു പടര്‍ന്നൊരു
രാത്രിയുടെ കവിള്‍ തടവി
കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..
....
ശരിക്കും അമ്മയെപ്പോലെ തന്നെ!“