ചൊവ്വാഴ്ച

അവളുടെ ഒരു ദിവസം.

അറവു കാത്തിരിക്കുന്ന
തടിക്കു മുകളില്‍
മുരളിയും ശശിയുമുരിഞ്ഞു
വച്ചുപോയ ചുണ്ടുമുറിഞ്ഞ ചിരി
പിന്‍ഭാഗം തുളച്ച്
നിന്നെ അസ്വസ്ഥമാക്കുന്നുവെന്ന
വെളിപ്പെടുത്തലോടെ
തട്ടുകട ജോസഫിന്റെ
കുഴിഞ്ഞകണ്ണുകളിലെ
ആക്രാന്തം.

വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.

കമ്പിവലയ്ക്കകത്തിരുന്നു
കാഷ്യര്‍ പ്രകാശന്‍
തുപ്പലുപൊട്ടന്‍ ചിരിയാല്‍
എണ്ണിപറഞ്ഞു തീര്‍ക്കും
പണയ ഉരുപ്പടികളുടെ
മങ്ങിത്തീരുന്ന നിറവും മൂല്യവും

രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......

ശനിയാഴ്‌ച

ചില ചില സങ്കടങ്ങള്‍.....

അടിനാഭി തൊട്ടുരുമ്മി
അടക്കം പറഞ്ഞിക്കിളി കൂട്ടി
മൊബൈല്‍ കാമുകന്‍..

അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു

റേഞ്ചിനു പുറത്ത്,
ബ്ലാക്ക് ബോര്‍ഡിനു കീഴെ.....

അതിരാവിലെ
ഉണര്‍ന്ന് ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.

തിങ്കളാഴ്‌ച

കാറ്റ് പറയുന്നതെന്തെന്നാല്‍...

അസ്വസ്ഥമായ
ചെവിക്കല്ലുകള്‍ക്കുള്ളില്‍
വീണുപൊട്ടിയൊരു മുട്ടന്‍ നിശബ്ദത
നാട്ടുപാതയിലെ
രണ്ടാമത്തെ തിരിവും കഴിഞ്ഞ്
അവ്യക്തതയുടെ തുരുത്തില്‍
മുങ്ങി നിവരാന്‍ പരക്കം പായുന്നത്,


അന്തിത്തിരി കെട്ടുപോയിട്ടും
പടം പൊഴിക്കാത്തൊരാവേശം
പിളര്‍ന്നെട്ടായി തിരിഞ്ഞ്
തെക്കെക്കവലയിലെ ഇരുട്ടില്‍
നിലാവിനെ പകയോടെ പ്രാപിച്ച്
സീല്‍ക്കാരങ്ങളെറിയുന്നത്,


കൈപ്പത്തികള്‍ക്കിടയില്‍
കോരിയെടുത്തൊരാകാശം
പടിഞ്ഞാറ്റെയിലെ അടുക്കളയില്‍
വ്യാകുലതകള്‍ പാകം ചെയ്ത്
ഉറങ്ങുമുമ്പേ പാനം ചെയ്യാന്‍
ആറ്റിപ്പകര്‍ത്തിയെടുക്കുന്നത്,


ആത്മ ബന്ധത്തിന്റെ
ഊഞ്ഞാല്‍ വള്ളികളില്‍ പ്രണയികള്‍
ഉത്കണ്ഠകള്‍ പുകച്ചെടുത്ത
ചുണ്ടുകളുടെ ചുവപ്പും തിരഞ്ഞ്
ചാക്രികമായ പായല്‍ വഴികളിലൂടെ
തിരിഞ്ഞു മറിഞ്ഞുമലയുന്നത്.....
ആരോ തലതല്ലിക്കരയുന്നത്...!!