കീമ കടിച്ചു കറുപ്പിച്ച
കവിള്‍ത്തടങ്ങളില്‍ തടവിയ
“സാരമില്ലെടാ“ന്നൊരു വാക്കിന്
ഉള്ളംകെയില്‍ പതിച്ചു കിട്ടിയ
ഇരയിറുക്കാത്ത നുണക്കുഴി...
ഭയപ്പാടുകളാല്‍
വിളറിയ മുഖത്തു ചേര്‍ത്തു വച്ച
വേദപുസ്തകത്തിനിടയിലൂടെ
ചിലമ്പിച്ചൊഴുകി വീണൊരു
പ്രാര്‍ത്ഥനാ ഗീതത്തിന്റെ
നനുനനുത്ത ഈണം..
ചാറ്റലെറിഞ്ഞൊരു മഴ
പാടിത്തുടങ്ങിയിരിക്കുന്നു...
തളംകെട്ടിയൊതുങ്ങും മുമ്പ്
പതം പറഞ്ഞ് കൂടെയൊഴുകണം
തിരികെപ്പോകുമ്പോള്‍
കൂട്ടണമെന്നു ശാഠ്യം തിരുകണം...
മഴനൂലിലലിഞ്ഞലിഞ്ഞ് അലിവോടെ
മണ്ണകങ്ങളെ തലോടി
അവനു മാത്രമറിയുന്ന സ്വരത്തില്‍
ആശ്വസിപ്പിച്ച്
പെയ്തൊഴിയണം..
പരിചിതമായ അനക്കങ്ങളില്‍,
മണത്തെടുത്ത വാക്കുകളില്‍
രസം പിടിച്ചൊരു മൂകത
പേരറിയാത്തൊരു കിളിയെ കൊണ്ട്
“ഒരിത്തിരി നേരം കൂടി എന്റടുത്തെന്ന്“
കെഞ്ചിക്കുന്നപോലെ...
ഫിലിപ്പ്,
അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!
ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)