തിങ്കളാഴ്‌ച

പിള്ളേരോണം.


ട്രൌസറിന്റെ തുളവഴി
അനുസരണകെട്ട് ഊര്‍ന്നിറങ്ങിയ
നാണയതുട്ടുകള്‍ കണ്ടിട്ടാവും
സൂപ്പര്‍ശിവന്റെ തയ്യല്‍കടയിലെ
അലമാരയുടങ്ങേയറ്റത്ത് നിന്നും
ഓണമായെന്ന പരാതിയുമായി
ഒളിഞ്ഞൊളിഞ്ഞു നോക്കുന്നൂ
സ്കൂളുതുറപ്പിന് തുന്നാന്‍ കൊടുത്ത
എന്റെ വെള്ളക്കുപ്പായം..
പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്...
.................
ശിങ്കാറിന്റെ കറുത്ത പൊട്ടും
കുട്ടിക്യൂറ പൌഡറും
പിന്നെ അമ്മയെപ്പൊഴും
കൊതിപൂണ്ട് പറയാറുള്ള
ഒരു മോട്ടി സോപ്പും!

“പുത്തനുടുപ്പുകള്‍ നാളേം കിട്ടില്ലേ..
ഒന്നുമല്ലേലും അമ്മ പറയും പോലെ
ഞാനുമൊരാണല്ലേ....!“

-ഓണാശംസകളോടെ....