ചൊവ്വാഴ്ച
ഈ ഊന്നുവടിയിൽ ഒന്നു മുറുകെപ്പിടിച്ചോട്ടെ..?
പാട വീണു കറുപ്പു നിഴലിക്കും,
ചാരുപ്പൊള്ളി പഴുപ്പിച്ച ജീവിതം.
തൊണ്ടപൊട്ടി നുരയ്ക്കും പതപ്പിലും വടി-
വന്നു വീണു തടിയ്ക്കുന്ന ചന്തികൾ.
തണ്ടെടുത്തു കഴുത്തിൽ കുരുക്കിട്ടു
ചങ്കിടുപ്പു നിരസിച്ചു പോയവർ,
കണ്ടു ,കണ്ണീർ പൊഴിച്ചാശ്വസിപ്പിക്കും
വെന്തുപോയൊരാ പാതയോരങ്ങളെ.
ചിന്തപൊട്ടിത്തിളയ്ക്കുന്നടുപ്പിന്റെ
വേവു പറ്റിയോരാമാശയങ്ങളിൽ
ചെന്നു ,പമ്മിചെന്നുമ്മ വയ്ക്കാറുണ്ട്
ചന്ദനഗന്ധം മായാത്ത ചുണ്ടുകൾ.
ഇല്ല,തെല്ലൊട്ടും താനേ ചുരത്തുവാൻ
ഉപ്പുനീർകയം വറ്റിക്കുഴിഞ്ഞു പോയ്,
എങ്കിലും ചില രാവുകൾ,സ്വപ്നത്തിൽ
“ഇഞ്ഞ“യൂറിക്കടിച്ചു നോവിക്കുന്നൂ.
തന്റെ പൈതലിൻ പൊള്ളുന്ന ചൂടൊരു
ഉള്ളി നീറ്റലായ്,നിൻ കണ്ണെരിച്ചീടവേ
അമ്മ, നിൻ നര വീണ ചങ്കത്തൊരു
കന്നിമാരിയായ് പെയ്തിറങ്ങീടുന്നൂ.
ഇന്നലെ നീയെറിഞ്ഞുപൊട്ടിച്ചൊരെൻ
വക്കുപൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ -
ചെന്നെത്തി നോക്കൂ മകനേ ഒരു മാത്ര
കണ്ടത്തോർത്തു നിൻ നെഞ്ചു പിടയ്ക്കൊല്ലേ..
എന്റെ പൊന്നിന്റെ പാൽപ്പുഞ്ചിരി മായ്ച്ച
മുൻ വരി പാൽ പല്ലു കാണാമതിൽ-
പിന്നെയങ്ങിങ്ങു പറ്റിപ്പിടിച്ചുണ്ടാം ,നിൻ-
അമ്മയേപ്പോൽ, ചില പഴങ്കഞ്ഞിവറ്റുകൾ!
****** ***************** *************************
ചിത്രത്തിനു കടപ്പാട്:-
http://meghatheertham.blogspot.com/2011/05/blog-post_02.html
Labels:
അമ്മ,
ഉപേക്ഷിക്കപ്പെട്ടവർ,
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)