തിങ്കളാഴ്‌ച

മാനിഷാദ

പുതു പുത്തനാണിത്..
നീയൊന്നു സഹകരിക്ക്,

മറ്റൊന്നിനുമല്ലാ,
കുളവാഴപോലെ വീര്‍ത്ത്
മൂന്നാം ഹുക്കു പൊട്ടിതൂങ്ങിയ
കുഞ്ഞിജാക്കറ്റിന്റെ വിടവുകളെ
ഈ തിളങ്ങുന്ന മോഡലിലൊന്ന്
സൂം ചെയ്തൊതുക്കട്ടെ…,
പ്ലീസ്.!

തുറിച്ചുന്തിയ കണ്ണുകള്‍
അതിശയോക്തി കലര്‍ത്താതെ
അവശേഷിപ്പിച്ചുപോയ
ജലഛായാചിത്രങ്ങളെ
നീ കണ്ടതിലും മികവോടെ ,
മിഴിവോടെ
ഈ മെഗാപിക്സലുകളില് കൊരുത്തുടക്കി
ഞാനൊന്നു വലിച്ചെടുക്കട്ടെ..

ഹാ..! നീയൊന്നു സഹകരിക്ക്,

ചുഴികളില്‍
പൂര്‍ണവൃത്തം തീര്‍ത്തിട്ടും
ചൂടാറാത്ത നിന്റെയീ
കരിമ്പന്‍ തല്ലി പതം വന്ന കൊഴുപ്പിനെ
ഒരായിരം ഉദ്ധാരണ കമ്പനികള്‍ക്ക്
കൂട്ടത്തോടെ ഭോഗിച്ചുഭോഗിച്ച്
കണ്ണുനീരൊഴുക്കുവാനുള്ളതല്ലേ..

മണ്ടപോയൊരാ തെങ്ങിഞ്ചോട്ടില്
കുമ്പിട്ടിരുന്ന് നിന്റെ പുഞ്ചിരി തിരയുന്ന
സൈലന്റ് മോഡുകളില്‍ കുരുങ്ങി
എന്റെ മെമ്മറികാര്‍ഡും ബാറ്ററിയും
ശൂന്യമാകും മുമ്പ്
നീയൊന്നു സഹകരിക്ക് ശവമേ..,

ഞാനീ ക്യാമറാക്കണ്ണിന്റെ വിശപ്പൊന്ന് ഒതുക്കട്ടേ.
പുതു പുത്തനാണിത്!

വ്യാഴാഴ്‌ച

ഉത്സവമേളങ്ങള്..

വീര്‍പ്പിച്ചു പിടിച്ച
നിറക്കൂട്ടുകളിലെ ഇളക്കങ്ങളില്‍
തലങ്ങനേം വിലങ്ങനേം
കാറ്റിനൊപ്പിച്ച്
സദാനേരവും ചുറ്റിപ്പിണഞ്ഞു കിടക്കും
ആറരവയസ്സുകാരന്റെ
കൊതി കൊത്തിയ നോട്ടങ്ങള്‍.

കുപ്പിവളക്കൂട്ടത്തില്‍
കരുതലോടെ പരതി കഴക്കുന്നുണ്ടാവും
കുഞ്ഞനുജത്തിയോടുള്ള
വാത്സല്യമത്രയും.

“തിരക്കില് പെടാതെ
അച്ഛന്റെ കൈയില് മുറുക്കെ പിടിച്ചോണേന്ന്“
കല്‍വിളക്കുകള്‍ക്കരികില്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ഉറപ്പുവരുത്തുന്നുണ്ട് അമ്മ.

എങ്കിലും ആഘോഷങ്ങളുടെ
കൊടിയേറ്റവും
കൊടിയിറക്കവും
ആനക്കൊട്ടിലിനരികിലെ
ഇരുളിനൊപ്പമാവും..

പരാതി ചൊല്ലി
ചുണ്ടു പിളര്‍ത്തിയേങ്ങുമ്പോള്‍
കൊലക്കൊമ്പില്‍ കോര്‍ത്തു പിടഞ്ഞ്
രണ്ടായി പിളര്‍ന്നൊടുങ്ങിയോരു അച്ഛന്‍ വേഷം
തെച്ചിക്കാടിനപ്പുറം
വിറച്ചു തുള്ളുന്നുണ്ടാവും
അവനൊപ്പം!