തിങ്കളാഴ്‌ച

കാറ്റ് പറയുന്നതെന്തെന്നാല്‍...

അസ്വസ്ഥമായ
ചെവിക്കല്ലുകള്‍ക്കുള്ളില്‍
വീണുപൊട്ടിയൊരു മുട്ടന്‍ നിശബ്ദത
നാട്ടുപാതയിലെ
രണ്ടാമത്തെ തിരിവും കഴിഞ്ഞ്
അവ്യക്തതയുടെ തുരുത്തില്‍
മുങ്ങി നിവരാന്‍ പരക്കം പായുന്നത്,


അന്തിത്തിരി കെട്ടുപോയിട്ടും
പടം പൊഴിക്കാത്തൊരാവേശം
പിളര്‍ന്നെട്ടായി തിരിഞ്ഞ്
തെക്കെക്കവലയിലെ ഇരുട്ടില്‍
നിലാവിനെ പകയോടെ പ്രാപിച്ച്
സീല്‍ക്കാരങ്ങളെറിയുന്നത്,


കൈപ്പത്തികള്‍ക്കിടയില്‍
കോരിയെടുത്തൊരാകാശം
പടിഞ്ഞാറ്റെയിലെ അടുക്കളയില്‍
വ്യാകുലതകള്‍ പാകം ചെയ്ത്
ഉറങ്ങുമുമ്പേ പാനം ചെയ്യാന്‍
ആറ്റിപ്പകര്‍ത്തിയെടുക്കുന്നത്,


ആത്മ ബന്ധത്തിന്റെ
ഊഞ്ഞാല്‍ വള്ളികളില്‍ പ്രണയികള്‍
ഉത്കണ്ഠകള്‍ പുകച്ചെടുത്ത
ചുണ്ടുകളുടെ ചുവപ്പും തിരഞ്ഞ്
ചാക്രികമായ പായല്‍ വഴികളിലൂടെ
തിരിഞ്ഞു മറിഞ്ഞുമലയുന്നത്.....
ആരോ തലതല്ലിക്കരയുന്നത്...!!

12 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

കാറ്റിന്റെ മൂളലിനൊപ്പം
അസ്വസ്ഥതകള്‍ മാത്രം തേടുന്ന മനസ്സുകള്‍...
വരികള്‍ക്കിടയില്‍ ബാക്കിയായി പോകുന്ന
ജീവിതമേ..മടുപ്പുതോന്നുന്നു...വല്ലാതെ..,
നിന്നോടും
നിന്നെ വിഴുങ്ങുന്ന അര്‍ത്ഥമറ്റ ഈ വരികളോടും..!

കാപ്പിലാന്‍ പറഞ്ഞു...

കാറ്റില്‍ വാരിയെറിഞ്ഞ അസ്വസ്ഥതകള്‍ നന്നായി .

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എത്രയോ നാളായി തണലിന്റെ ഒരു കവിത വായിച്ചിട്ട്.എന്തു പറ്റിയിരുന്നു ഇത്രയും നാളത്തെ അഞ്ജാതവാസം? നാട്ടിലായിരുന്നോ
കാറ്റിന്റെ അസ്വസ്ഥതകള്‍ നന്നായീ ട്ടോ

പാമരന്‍ പറഞ്ഞു...

ഇതൊക്കെ ഇപ്പോഴും കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലേ..
മനസ്സു നിറച്ചും കവിതയുമായാണു തിരികെ വന്നതെന്നു തോന്നുന്നല്ലോ?

ചന്ദ്രകാന്തം പറഞ്ഞു...

കാറ്റേ.......നീയിനിയും ഇതുപറയല്ലേ..
കേട്ടിരിയ്ക്കാൻ വയ്യ.

ജ്യോനവന്‍ പറഞ്ഞു...

ചെവിക്കല്ലില്‍ വഴുക്കുന്ന കാറ്റിന്റെ പായല്‍ വാക്ക്!

റിനുമോന്‍ പറഞ്ഞു...

തണലോളം വരുമോ കാറ്റ് !

Mahi പറഞ്ഞു...

ആരോ തല തല്ലി കരയുന്നുണ്ടുള്ളില്‍

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കാറ്റിന്റെ പറച്ചില്‍ കൊള്ളാമല്ലോ സുഹൃത്തേ...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നിറയുന്നു; ഓരോ വായനയിലും
തണലിന്റെ മാത്രമായ നാട്ടു ഗന്ധകക്കൂട്ടുകള്‍!!!

K C G പറഞ്ഞു...

അസ്വസ്ഥതകള്‍ക്കിടയിലും ഇത്തിരി സ്വസ്ഥത കണ്ടുപിടിക്കാന്‍ നോക്കണം തണലേ.

നവരുചിയന്‍ പറഞ്ഞു...

ആദ്യാവസാനം അസ്വസ്ഥതകള്‍ പേറി കൊണ്ടുള്ള കാറ്റിന്റെ അലച്ചില്‍ ഇനിയും എത്ര കാലം ......