കണ്ടിരിക്കാൻ നല്ല രസമുണ്ട്
കൃത്യമായ
അളവുകളിലൊതുക്കാതെ
വെയിലുപൊള്ളിയടർത്തുന്ന
അടയാളപ്പണികൾ..
ചിത്രങ്ങളാണെന്നു
ചിലരോട് മാത്രം പിറുപിറുക്കുന്നവ.
കണ്ണെടുക്കാതെ നിൽക്കേ
കാഴ്ച കലങ്ങുമാറ്
ഇരമ്പിയിരച്ച് വീഴും..
പ്രാചീനവും ഗഹനവുമാർന്ന
നിശബ്ദതകളുമുണ്ടാവും കൂട്ടത്തിൽ.
കലക്കവെള്ളത്തിൽ വീഴ്ത്താതെ
കൈപിടിച്ചു നടത്തിയ
ഇടവഴികളെ ഓർമ്മപ്പെടുത്തുന്നവ.
തീ തിന്നു കരിയിച്ച
വിടവിനുള്ളിൽ നിന്നും
“എന്റെ ശവമടക്കിനു
വരാഞ്ഞതെന്താ മഹാപാപീ“-
ന്നൊരച്ഛന്റെ
വാക്കിരുന്നു തിളക്കുന്നു.
ഓട്ട വീണൊരു
“പെഷറി”ന്റെ ഗുളികപ്പാട്ട
മടിക്കുത്തിലൊതുക്കി,
ഇടത്തേ ഭിത്തിക്കോണിൽ
കാലുനീട്ടിയിരുന്ന് നാമം ജപിക്കും
ദീർഘനിശ്വാസങ്ങളുടെ
മൊത്തവില്പ്പനക്കാരി.
മുഖം ചേർത്ത്
ഉരയ്ക്കാവുന്നൊരകലത്തിൽ
എല്ലാ രാവിലും
അടർത്തിപുതുക്കുന്നുണ്ട്
ഒഴിഞ്ഞ കലങ്ങളിൽ
ചുരണ്ടിയുണരുന്ന പ്രണയരാഗങ്ങളെ.
ഇരട്ടവരിയിൽ
പകർത്തിയെഴുതുമ്പോൾ
പെൻസിൽമുന
മുറിച്ച് നോവിച്ച
അക്ഷരങ്ങളെപ്പോലെ
പകപ്പോടെ നോട്ടമെറിയുന്ന
ചിത്രശലഭങ്ങളേ,
ഇവിടെ
ഈ നിസ്സഹായതയുടെ
തുരുത്തിലിരുന്ന്
ചിത്രങ്ങൾ കണ്ട് രസിക്കുകയാണ് ഞാൻ!
ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
തടവ്/തടവ്/തടവ്
കണ്ണെടുക്കാതെ നിൽക്കേ
കാഴ്ച കലങ്ങുമാറ്
ഇരമ്പിയിരച്ച് വീഴും..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ