ഞായറാഴ്‌ച

മിസ്സ്ഡ് കാള്‍സ് lmissed calls

കുടല്‍പുണ്ണിറുക്കിയ
ഞരക്കത്തെ തട്ടിക്കുടഞ്ഞെറിഞ്ഞ്
മണിശബ്ദത്തിന്റെ ഔപചാരികത
ഹൃദിസ്ഥമായ ഈണങ്ങളിലൂടെ
പുതപ്പ് പൊക്കി പുളഞ്ഞ് കയറുന്നു.
കണ്ണിറുക്കി മറച്ച് ചെവി തുറക്കവേ
മറുതലയ്ക്കല്‍, തണുപ്പുറങ്ങിയ ചില്ലില്‍
വിരലുരച്ച് പരിചിതസ്വരങ്ങള്‍!

തൊണ്ടയുണക്കി കണ്ണുപിടപ്പിച്ച
സുഖവിവരങ്ങളെ തുണിയുടുക്കാത്ത ആവശ്യങ്ങള്‍
അരഞ്ഞാണച്ചരടില്‍ കൊരുത്ത് മുറുക്കവേ,
ചോര്‍ച്ചയും മൂക്കൊലിപ്പും
കരിമ്പടമിട്ട കിടുകിടുപ്പും
അടിനാഭിചവുട്ടിക്കുഴിച്ച്
നാക്കുപറിച്ചെടുക്കവേ
ചെവിക്കല്ലിലിറ്റുന്നു അവസാനതുള്ളി...
“പെട്ടെന്ന് അയയ്ക്കണം. “

പൊട്ടിപ്പൊളിഞ്ഞ പേഴ്സിനുള്ളിലെ
വാടിക്കറുത്ത മുല്ലപ്പൂ
ഒന്നുകൂടി വിടര്‍ത്തിമണത്തു ഉറപ്പുവരുത്തി...
തുമ്പുകള്‍ കുരുങ്ങിക്കീറിയ ഓര്‍മ്മകള്‍
ഒടുവിലെ ഉറക്കത്തിനു ശേഷവും
കണ്ണുകള്‍ചുവന്നുതുറുപ്പിച്ച്
മഞ്ഞവെള്ളം മാത്രം പുറത്തേക്കൊഴുക്കി
എന്തിനെന്നു പറയാതെ വെറുതെ
വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മറുതലയ്ക്കലെ ആള്‍ക്കൂട്ടത്തിനിടയിലപ്പോഴും
പരിചിതമായ മുല്ലപ്പൂമണം മാത്രം ബാക്കിവച്ച്
എനിക്കുപിടിതരാതെ പതുങ്ങിനില്‍ക്കുന്നു
ഞാനറിയാത്ത ആരോ ഒരുവള്‍!

18 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

സൈലന്റാവാന്‍ മാത്രം വിധിക്കപ്പെട്ട
പ്രവാസത്തിലെ പാവം റിങ്ങ്ടോണുകള്‍ക്ക് സമര്‍പ്പണം.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ചോര്‍ച്ചയും മൂക്കൊലിപ്പും
കരിമ്പടമിട്ട കിടുകിടുപ്പും
അടിനാഭിചവുട്ടിക്കുഴിച്ച്
നാക്കുപറിച്ചെടുക്കവേ
ചെവിക്കല്ലിലിറ്റുന്നു അവസാനതുള്ളി...
“പെട്ടെന്ന് അയയ്ക്കണം. “
ഇഷ്ടപ്പെട്ടു ഈ വരികള്‍ !!!

Unknown പറഞ്ഞു...

മറുതലയ്ക്കലെ ആള്‍ക്കൂട്ടത്തിനിടയിലപ്പോഴും
പരിചിതമായ മുല്ലപ്പൂമണം മാത്രം ബാക്കിവച്ച്
എനിക്കുപിടിതരാതെ പതുങ്ങിനില്‍ക്കുന്നു
ഞാനറിയാത്ത ആരോ ഒരുവള്‍
അരായിരുന്നു തണലേട്ടാ അവള്‍
...................?

ഹാരിസ് പറഞ്ഞു...

അനുഭവിച്ചു

പാമരന്‍ പറഞ്ഞു...

ഒരു വരിയും വായിച്ചു തീരുന്നില്ലല്ലോ തണലേ..

Shabeeribm പറഞ്ഞു...

:)

ബാജി ഓടംവേലി പറഞ്ഞു...

:)

ജ്യോനവന്‍ പറഞ്ഞു...

മണിശബ്ദത്തിന്റെ ഔപചാരികത
ഹൃദിസ്ഥമായ ഈണങ്ങളിലൂടെ.......
ഞാനും എന്തുപറയാന്‍.
കേട്ടു തരിച്ചിരിക്കുകയല്ലതെ.

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തണല്‍ പറഞ്ഞു...

കാന്താരിക്കുട്ടീ,
പെട്ടെന്നയയ്ക്കണമെന്ന് കണ്ടപ്പോള്‍ ചേട്ടനെ ഓര്‍ത്തുപോയോ? ഇവിടിപ്പോള്‍ ക്രൂഡോയിലിന്റെ മണവും മൂലക്കായിപ്പോകുന്ന മൂല്യങ്ങളും മാത്രമേയുള്ളൂ സോദരീ..:(
അനൂപേ,
ഞാനും തിരയുകയാണ് ആരാണവള്‍?
ഹാരിസേ,
സഹിച്ചൂന്ന് പറയുന്നതല്ലേ ഒന്നൂടെ നല്ലത്..:)
പാമര്‍ജീ,
എത്ര വട്ടം വായിച്ചു തീര്‍ന്നാലും അത് ഉള്‍ക്കൊള്ളാനാവാതെ ചിരിക്കുന്ന ബന്ധങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നതിനാലാ‍വാം എനിക്കും മുഴുവിപ്പിക്കാനാവുന്നില്ല.
അജ്ഞാതന്‍,ബാജിഭായി..ഒരു ചിരിയുണ്ട് ഈ തലയ്ക്കല്‍:)
ജ്യോനവാ,
ഇതു മാഷിനെ തരിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാനും തരിച്ച് പോയി..സന്തോഷമുണ്ട്..ഒരുപാട്!

ചന്ദ്രകാന്തം പറഞ്ഞു...

വായിയ്ക്കുന്തോറും...
വാക്കുകള്‍ കണ്ണില്‍ കുത്തുന്നല്ലോ... ദൈവമേ..!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"തൊണ്ടയുണക്കി കണ്ണുപിടപ്പിച്ച
സുഖവിവരങ്ങളെ തുണിയുടുക്കാത്ത ആവശ്യങ്ങള്‍
അരഞ്ഞാണച്ചരടില്‍ കൊരുത്ത് മുറുക്കവേ,
ചോര്‍ച്ചയും മൂക്കൊലിപ്പും
കരിമ്പടമിട്ട കിടുകിടുപ്പും
അടിനാഭിചവുട്ടിക്കുഴിച്ച്
നാക്കുപറിച്ചെടുക്കവേ
ചെവിക്കല്ലിലിറ്റുന്നു അവസാനതുള്ളി...
“പെട്ടെന്ന് അയയ്ക്കണം. “"

അകായിലൊരാന്തല്‍!
ഒന്നു നാടു ചുറ്റി വന്നു; തണലിന്റെ വരികളിലൂടെ...

അനുഭവിപ്പിക്കുന്നു!

Rare Rose പറഞ്ഞു...

ഈ മിസ്സ്ഡ് കാളിന്റെ മുഴക്കം മനസ്സില്‍ നിന്നും മായുന്നില്ലല്ലോ മാഷേ...
വരികളിലൂടെ കയറിയിറങ്ങിപോകുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നു......ആശംസകള്‍....

തണല്‍ പറഞ്ഞു...

ചന്ദ്രകാന്തം,അരീക്കോടന്‍,റഫീക്ക്,രഞ്ജിത്ത്,റോസ്,
സന്തോഷം മറച്ച് വയ്ക്കുന്നില്ല:)

കാവ്യ പറഞ്ഞു...

പാവം റിങ്ങ്ടോണുകള്‍ക്ക്
ആശംസകള്‍...

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

ഓരോ മിസ്സ്ഡ് കോളുകളും,ജീവിതത്തില്‍ മിസ്സായതിന്റെ ഒക്കെയും ബാക്കിപത്രങ്ങള്‍...മിസ്സായിക്കൊണ്ടിരിക്കുന്നതിന്റെയും.........മനസ്സു വരികള്‍ക്കിടയില്‍ക്കിടന്നു വിങ്ങുന്നു......

തണല്‍ പറഞ്ഞു...

കാവ്യ,കിലുക്കാം പെട്ടീ,
ആശംസകള്‍ക്കും വിങ്ങലുകള്‍ക്കും
നന്ദി!

കറുത്തവാവ് പറഞ്ഞു...

:)