വ്യാഴാഴ്‌ച

യാത്രാമൊഴി

നിന്റെ
ചവിട്ടടിയിലെ
വരണ്ട് പോറിയ
വെളുത്ത വരകള്‍ക്ക് മീതെ
എന്റെ വലംകൈപ്പാടും
അഴുക്കുരുട്ടി കറുത്തുപോയൊരു
കര്‍ക്കിടകത്തുള്ളിയും.


മുമ്പില്‍,
തലവാല്‍ പിടപ്പിച്ച്
കുന്നോളം പൊങ്ങി നിലംതട്ടി
പൊടി ചിതറി തുടിക്കുന്നുണ്ട്
കുറുകെ വരഞ്ഞ്
ഉപ്പുപുരട്ടിയ
മനഃസ്സാക്ഷിക്കുത്തുകള്‍.


ചിരിയിറ്റുന്നു ചുണ്ടത്ത്…
അപഹാസ്യമായ തിരിവുകളിലും
നീ കുടഞ്ഞിട്ട സ്നേഹമോര്‍ത്ത്!
ഉറവ വറ്റുന്ന തൊണ്ടയിലോ
കിന്നാരം മുനകൂട്ടി
ഞാന്‍ നിന്നിലെറിഞ്ഞു തറപ്പിച്ച
വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!


മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം.

22 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ആര്‍ക്കോ വേണ്ടി...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം."

ഞാനൊന്നും പറയുന്നില്ല....
എല്ലാം വരികള്‍ തന്നെ പറയുന്നു.
വായിച്ചു ഞങ്ങള്‍ വിയറ്ക്കുന്നു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എല്ലായ്പ്പോഴും സങ്കടമാണല്ലോ.. അല്പം സന്തോഷം തരുന്ന ഓര്‍മ്മകളും കവിതയാക്കെന്നേ..

തണല്‍ പറഞ്ഞു...

“ദു:ഖമാണെങ്കിലും
നിന്നെക്കുറിച്ചുള്ള
ദു:ഖമെന്താനന്ദമാണെനിക്കോമനേ..
എന്നെന്നുമെന്‍ പാനപാത്രം
നിറയ്ക്കട്ടേ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.“

ചന്ദ്രകാന്തം പറഞ്ഞു...

"അഴുക്കുരുട്ടി കറുത്തുപോയൊരു
കര്‍ക്കിടകത്തുള്ളിയും...."
.....ഇത്രയും..
:(

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നൂ മാഷേ.

കാവലാന്‍ പറഞ്ഞു...

"മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം."

ഇരുളിന്റെ സന്താനങ്ങള്‍ക്കല്ലല്ലോ?

siva // ശിവ പറഞ്ഞു...

മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം....

നല്ല ചിന്ത...

സസ്നേഹം,

ശിവ.

ജ്യോനവന്‍ പറഞ്ഞു...

"വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!"

അല്ല തണലേ നിങ്ങള്‍
പൊന്‍‌വാക്കിന്റെ നിറവുള്ളവന്‍.

പാമരന്‍ പറഞ്ഞു...

"കുറുകെ വരഞ്ഞ്
ഉപ്പുപുരട്ടിയ
മനഃസ്സാക്ഷിക്കുത്തുകള്‍."

"ഞാന്‍ നിന്നിലെറിഞ്ഞു തറപ്പിച്ച
വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!"

ഇതൊക്കെ കള്ളുകുടിച്ചിട്ടു വെറുതെ എഴുതിയതാണെന്നു വിശ്വസിച്ചോട്ടെ ഞാന്‍.

Unknown പറഞ്ഞു...

മനസ്സിന്റെ ആഴങ്ങളീല്‍ വേരോടിയ ഒരു കവിത
കൂടി
തീക്ഷണമായ ഭാഷ.
ആസ്വാദനത്തിന്റെ വേറിട്ട ഒരു ഭാവം മനസ്സില്‍
പതിയുന്നു.
എപ്പോഴും വേദന.
നിറഞ്ഞു കിടക്കുന്ന കവി മനസ്സ്
ഞാന്‍ അറിയാത്ത എന്തൊക്കെയോ എന്നില്‍ അലിഞ്ഞു ചേരുമ്പോള്‍ ഞാന്‍ അറിയുന്നു,
തണലിലെ കവിയുടെ ചിത്രം

കരീം മാഷ്‌ പറഞ്ഞു...

മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
" It gives a Hope...."
"a Hope to security..."
"security to Pass a life"
" Life to Share the Sorrow"

ഗീത പറഞ്ഞു...

തണലേ, ഇതിനു ഞാനൊരു കടുത്ത കവിതയെഴുതി പകരം വീട്ടും നോക്കിക്കോ.
(എനിക്കു കവിതയൊന്നും വരൂല്ല. എന്നാലും ഞാനെഴുതും കഷ്ടപ്പെട്ട്)
ആ പാമു പറഞ്ഞതുപോലെ കള്ളും കുടിച്ച് വായില്‍ തോന്നിയതെന്തും എഴുതുമെന്നു വച്ചാല്‍.

തണല്‍ പറഞ്ഞു...

രഞ്ജിത്തേ,
എപ്പോഴും എവിടെയും നീ ഒന്നാമനാകുന്നു..മനസ്സു വായിച്ചെടുക്കാന്‍ കഴിയുന്നവനെപ്പോലേ..!
കാന്താരി,
ദു:ഖത്തില്‍ കുതിര്‍ത്ത സ്നേഹത്തിന്റെ ശക്തി വല്ലാതെ ഇഷ്ടപ്പെടുന്നതു കൊണ്ടാവാം..:)
സന്തോഷം തന്ന ഓര്‍മ്മകള്‍ ഒന്നു ചികഞ്ഞ് നോക്കട്ടേ.
ചന്ദ്രകാന്തം,
ചിലനേരങ്ങളിലെ ചിന്തകള്‍ മാത്രം.കറ കളയാന്‍ കണ്ണീരിനു തുല്യം മറ്റെന്ത്??
ശ്രീ,
സ്വീകരിച്ചിരിക്കുന്നു ചങ്ങാതീ:)

തണല്‍ പറഞ്ഞു...

കാവലാനേ,
ഏറ്റവും മുകളില്‍ പറക്കുമ്പോഴും
താഴത്തെ പുല്‍ച്ചാടിയെപ്പോലും നീ കാണുന്നുവെന്നൊരു തോന്നല്‍..:)
ശിവ,
മെഴുകുതിരികള്‍ക്ക് സ്വയമുരുകാനല്ലേ ആവൂ..നന്ദി!
ജ്യോനവാ,
വെറും രണ്ട് വരികളിലൂടെ നീയെന്തൊക്കെയോ നിര്‍ത്താതെ പറഞ്ഞ്കൊണ്ടേയിരിക്കുന്നല്ലോ ചങ്ങാതീ..:)

തണല്‍ പറഞ്ഞു...

പണ്ഡിതാ,
ഒത്തിരി ദൂരത്തിരുന്നും കയ്യെത്തി നിങ്ങളെന്നെ തൊടുന്നുണ്ട്..ഞാനതറിയുന്നു..നന്ദി പറയില്ല പക്ഷേ..:)
അനിയാ അനൂപേ,
നീ യെന്നെ അറിയുന്നുവെന്നത് സന്തോഷം തരുന്നു കേട്ടോ.സത്യത്തില്‍ ഇതൊക്കെ മാത്രമാണ് ഞാന്‍.ഒരൊറ്റ ചാലിലോടി മടുത്ത് തുടങ്ങിയെനിക്കും.
കരീം മാഷേ,
മതി..ഇത്രയും മാത്രം മതി!

തണല്‍ പറഞ്ഞു...

ഗീതേച്ചി,
വന്നു അല്ലേ..:)
ആവാഹനങ്ങള്‍ ഫലിച്ചല്ലോ ഈശ്വരാ..നന്ദി!
പകരംവീട്ടാനിങ്ങ് വാ,എടുക്കുമ്പോഴൊന്ന് തൊടുക്കുമ്പോള്‍ പത്ത്..അങ്ങിനെ ഞാനുമെഴുതും കേട്ടാ..കേട്ടാ...:)

പാമരന്‍ പറഞ്ഞു...

ആവാഹനം ഫലിച്ചു!

ഗീത പറഞ്ഞു...

കൊള്ളുമ്പോള്‍ ഒരു നൂറ് ..ഒരു നൂറ്..

പാമൂ,ഇല്ലാ.

തണല്‍ പറഞ്ഞു...

ഗീതേച്ചീ,
ആ കൊള്ളുന്ന നൂറ് അമ്പുകളിലും സ്നേഹത്തിന്റെ നറുമണം കാണുമെന്നു മാത്രം..:)

Doney പറഞ്ഞു...

ഞാന്‍ നിന്നിലെറിഞ്ഞു തറപ്പിച്ച
വെറും വാക്കുകളുടെ
വ്യഥാവിലായ തണല്‍!


കൊള്ളാം കേട്ടോ...

Manikandan പറഞ്ഞു...

നന്നായിട്ടുണ്ട്‌