വ്യാഴാഴ്‌ച

മയക്കത്തിലാണവന്‍..

കാറ്റ് തുപ്പിചോപ്പിച്ച
മണല്‍ത്തിട്ടയ്ക്കു താഴെ
ഒന്നും മിണ്ടാതെ കമിഴ്ന്നു
കിടക്കുന്നു അവന്‍..!

മെല്ലെ വിളിച്ചു നോക്കി..
കാതില്‍ “കുട്ടുകൂര്‍ “പറഞ്ഞ്
അസ്വസ്ഥനാക്കി..
ഉള്‍പാദങ്ങളില്‍
ചൊറിഞ്ഞ് ഇക്കിളികൂട്ടി..

എപ്പോഴും പോലെ പിണക്കം തന്നെ.
മടിയിലെടുത്ത് കിടത്തി..

ചങ്കില്‍ നിന്നുമൊരു താരാട്ട്
തികട്ടിപുറത്തേക്കൊഴുകി.
കടലിരമ്പത്തിനിടയിലും
ഒരു ചെറുമീന്റെ തുടിച്ചുതുള്ളല്‍..
കണ്‍പോളകള്‍ക്കു മുകളില്‍
ഇളം ചെതുമ്പലിന്റെ കുത്തിയിറങ്ങുന്ന
തണുപ്പ് .

ഇനീപ്പോ
ഉമ്മവച്ചുണര്‍ത്തിയാലോ..
വേണ്ട ,മയങ്ങട്ടേ..
ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ!

ഉള്ളില്‍ അവശേഷിച്ചിരുന്ന
ഉറക്കം ചൂഴ്ന്നെടുത്ത്
കുഞ്ഞികണ്ണുകള്‍ക്ക് മീതെ
വിതറി തിരിച്ചു നടന്നു.

വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന്‍ നല്ല മയക്കത്തത്തിലല്ലേ..!

17 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

വാര്‍ത്തകള്‍ വല്ലാതെ ശ്വാസം മുട്ടിക്കുന്നു.
ഞാനുമൊരച്ഛനല്ലേ..

ശ്രീ പറഞ്ഞു...

അതെ, ഉറങ്ങുകയാണെന്ന് കരുതുന്നതു തന്നെ നല്ലത്...

“ഇനീപ്പോ
ഉമ്മവച്ചുണര്‍ത്തിയാലോ..
വേണ്ട ,മയങ്ങട്ടേ..
ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ!”

നല്ല വരികള്‍, മാഷേ

പ്രയാണ്‍ പറഞ്ഞു...

സത്യമാണ് തണല്‍.....പേപ്പര്‍ വയിച്ചുകഴിയുമ്പോഴേക്ക് ചങ്കിടിപ്പ് കൂടാത്ത ഒരു ദിവസമില്ല ഇപ്പോള്‍.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വേദനിപ്പിക്കുന്നു ഈ വരികള്‍...

ഞാനുമൊരച്ഛനല്ലേ..

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഇനി ഇമ്മാതിരി കവിതകള്‍ എഴുതി സങ്കടപ്പെടുത്തരുത്; തണല്‍ജി...

കുറച്ച് സന്തോഷക്കവിതകള്‍ പോരട്ടേ, എനിക്കൊന്നു ചിരിക്കണം..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കാറ്റ് തുപ്പിചോപ്പിച്ച
മണല്‍ത്തിട്ട - അതെന്താ? മനസ്സിലായില്ല.

ചങ്കരന്‍ പറഞ്ഞു...

ഗംഭീര വരികള്‍!
നല്ല കവിത, വിഷമമാകുന്നു.

പാമരന്‍ പറഞ്ഞു...

"ഉള്ളില്‍ അവശേഷിച്ചിരുന്ന
ഉറക്കം ചൂഴ്ന്നെടുത്ത്"

ഉള്ളില്‍ കൂട്ടിവച്ചിരിക്കുകയല്ലേ ഉറക്കം? എനിക്കറിയാം.

Rare Rose പറഞ്ഞു...

വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന്‍ നല്ല മയക്കത്തത്തിലല്ലേ..!

ശരിക്കും സങ്കടപ്പെടുത്തി..:(

Unknown പറഞ്ഞു...

വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന്‍ നല്ല മയക്കത്തത്തിലല്ലേ
തണലുചേട്ടന്റെ കവിത ജീവിതം ഒപ്പിയെടുക്കുന്ന അനുഭവമാണ്

ചന്ദ്രകാന്തം പറഞ്ഞു...

നടുക്കം, നിത്യസന്ദര്‍ശകനായി മാറിയിരിയ്ക്കുന്നു. പോകെപ്പോകെ..ഇതൊക്കെ പതിവുകാഴചകള്‍ എന്ന ലേബലിലേയ്ക്ക്‌ മാറ്റിവയ്ക്കപ്പെടും. 'പൊതു'ചിന്തകള്‍ ആ വഴിയിലാണ്‌.

ഹരിത് പറഞ്ഞു...

കവിത ഇഷ്ടമായി.നന്നായിട്ടുണ്ട്. ഭാവുകങ്ങ്ങള്‍

Jayasree Lakshmy Kumar പറഞ്ഞു...

അകലേയിരുന്നു തേങ്ങുന്ന ഒരു പിതൃഹൃദയത്തിന്റെ വിങ്ങൽ വരികളിലുണ്ട്. എങ്കിലും അവ മനസ്സിനെ ആ വാർത്തയിലേക്കു വീണ്ടും വഴി നടത്തിച്ചു. ‘ആ വാർത്ത’ എന്നു പറയാനില്ല. എന്നും ഇങ്ങിനെ തന്നെ..അശുഭവാർത്തകൾ

പാവപ്പെട്ടവൻ പറഞ്ഞു...

ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ
വളരെ മനോഹരമായിരിക്കുന്നു

aneeshans പറഞ്ഞു...

ഇഷ്ടമായി

Mahi പറഞ്ഞു...

ഇഷ്ടമായ്‌

തണല്‍ പറഞ്ഞു...

ഇനി കുറച്ച് സന്തോഷക്കവിതകളുമായി എത്തും വരെ വിട..!
നണ്ട്രീ..,,വണക്കം..!!!