ബുധനാഴ്‌ച

കവല/കവിത

കാക്കത്തീട്ടത്തിന്റെ
“ധവളിമ“ പേറുന്ന
നിഴലുകൾക്ക് മീതെ
കൂട്ടിമുട്ടലുകളോ
വേർപിരിയലുകളോന്ന
സന്ദേഹമടക്കിപ്പിടിച്ച്
മടിമൂത്ത് ചുരുളുന്നൂ,
കവലകളിലൊന്ന്!
ഒപ്പം ചൂടന്റെ ചായക്കടയിലെ
പുട്ടും കടലയും
ഉറക്കച്ചടവാറാത്ത
മുഖങ്ങൾ നോക്കിയുണർന്ന്
പരിചിതമായി ചിരിയെറിയുന്നു.
തലേന്ന് കെടുത്തിവെച്ച
മുറിബീഡിമേൽ കനലെരിച്ച്
വഴികളേ മറന്നുപോയൊരു
നരച്ച നിഷേധം കണ്ണിലെ പീളനുള്ളി
പിന്നെയും പിന്നെയും നുള്ളി നുള്ളി
കളി തുടങ്ങിയിട്ടുമുണ്ട്.

ഒരു തെറിപകുത്ത്നുണഞ്ഞ്
വായ്നാറ്റമകറ്റി,
കള്ളുമണക്കുന്ന മറപ്പുരതേടി
ശങ്കരാടിയും വിജയനും
“ഇടയത്തിര“കളായ്
ഒലിച്ചകന്നു മാഞ്ഞുപോകവേ
തെക്കുനിന്നെത്തിയ
സെന്റ് ജോർജ്ജ് വണ്ടിക്കു മുമ്പിൽ
കെഴക്കു നിന്നെത്തിയ
പാൽക്കാരൻ അച്ചായന്റെ
പുറമ്പോക്ക് ജീവിതത്തെ
ആ “മൂന്നുപിള്ളേർക്കിനിയാരാ“ ന്ന
ഇത്തിരീമ്പോന്നോരു
ആനുകൂല്യത്തിൽ
പടിഞ്ഞാറുകടത്തി ചങ്കത്ത്
വിരൽ വെപ്പിക്കുന്നുണ്ട് ,
കവല!

ഒമ്പതരയുടെ ബസ്സിനുള്ളിൽ
പൂത്തുലയുന്ന
നാണത്തെ തേടുന്നൊരു
ഉണ്ടക്കണ്ണൻ നോട്ടം
തയ്യക്കാരൻ ശിവന്റെ
കട്ടിങ്ങ്ടേബിളിനു
മുകളിൽ നെഞ്ചിടിപ്പോടെ ,,

രാഗം സ്റ്റോഴ്സിൽ
കുപ്പിവളകൾ കിലുങ്ങുന്നൂ..

മൂപ്പെത്തിയ മൊലകൾ തേടി
തട്ടുകൾ ഇളക്കുന്നൂ
മൂപ്പിലാൻ പിള്ളേച്ചന്റെ
മുറുക്കാൻ കട;
നാറിത്തെറിക്കുന്ന
മുറുക്കാൻ തുപ്പലിൽ
മൂത്തതും മൂക്കാത്തതുമൊന്നായി
തെറിച്ചു പായുന്നൂ
“ഏന്ധ്യാനീ‍ച്ചികൾ”!!

പനിവന്നു പൊള്ളിച്ച കണ്ണുകൾ..,,
അടർന്നുപോയ
പുസ്തകത്താൽ മറച്ച്
കുനിഞ്ഞ് പോകുന്ന
ചന്തികീറിപ്പറിഞ്ഞ നിക്കറുകൾ!!

എങ്കിലും
മഴചാറുമ്പോഴെല്ലാം
അതിപ്രാചീനമെന്നു
തോന്നിയേക്കവുന്നാരായിരം
അലമുറകൾ ചുറ്റിയൊരു
യൗവനച്ചിതല്പ്പുറ്റിൽ
കെട്ടിപ്പുണരാറുണ്ട്..,
കവല.!

അറ്റുവീണൊരിടംകാലും നോക്കി
മൗനമാർന്നൊരു ദയനീയത
മഴവെള്ളത്തിൽ അലിഞ്ഞു പോയിടം..,
“ജീവിക്കുന്നൂ ഞങ്ങളിലൂടെ“ന്നൊരാരവം
“നിനക്ക് തണുക്കുന്നുണ്ടോ മോനേ“ന്നൊരു
വിതുമ്പലിൽ ചിതറിത്തെറിക്കുന്നിടം…!!

ഉറക്കം മുറിയുന്നിടം
അവിടെ മുതൽക്കാണത്രേ..
ഇനിയുമാരോ എത്തപ്പെടാനുണ്ടെന്ന്
എരിപൊരികൊള്ളുന്നതും
അപ്പോൾ മുതൽക്കാണത്രേ.,,!!
……..

10 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഞാൻ,
എന്റെ നാട്..

ക്ലീഷേ!
:(

പാമരന്‍ പറഞ്ഞു...

എന്റെ നാട്..!!!!

കാവലാന്‍ പറഞ്ഞു...

"ഉറക്കം മുറിയുന്നിടം
അവിടെ മുതൽക്കാണത്രേ.."

.

:

:)

Junaiths പറഞ്ഞു...

നമ്മുടെ..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഉറക്കം മുറിയുന്നിടം!!

Thommy പറഞ്ഞു...

Enjoyed my fisrt visit

Asok Sadan പറഞ്ഞു...

കൊള്ളാം


www.undisclosedliesaboutme.blogspot.com

(കൊലുസ്) പറഞ്ഞു...

വായിചൂട്ടോ. ആശംസകള്‍.

അനൂപ്‌ .ടി.എം. പറഞ്ഞു...

നൊസ്റ്റാള്ജിയ..!!

Unknown പറഞ്ഞു...

അപ്പൂ ഏറെ ഗൃഹാതുരതകളുയരുന്നൂ നിന്‍റെ ഈ വരികളില്‍ നിന്നും
ഒരു ഹൈ സ്കൂള്‍ മുക്കുകാരന്‍റെ നെഞ്ചിടിപ്പാണ് ഇത്.