ശനിയാഴ്‌ച

കളിപ്പാട്ടങ്ങള്‍

കപ്പയിലത്തണ്ടിന്റെ
ചുവപ്പ് ഒടിച്ചിരിഞ്ഞ്
ഈര്‍ക്കിലാല്‍
കൊളുത്തി വിളക്കി
കാപ്പിരിമുടി ചിതറിയ
വിയര്‍പ്പിലേക്കിറക്കി ചേര്‍ക്കെ
കുഞ്ഞുമുഖം കുനിഞ്ഞതും,
ഹൃദയം അനുസരണകെട്ട് ഒച്ച വെച്ചതും
തെക്കേ പറമ്പിലെ കൂവളവുംപാരിജാതവും
അടക്കം പറഞ്ഞമര്‍ത്തിചിരിക്കുന്നു

വിരലുടക്കി നൂലുപൊട്ടിപ്പോയ
കണ്‍മഷി മണക്കുന്ന കാറ്റിനെ
വലംകയ്യാലെത്തിപ്പിടിച്ച്
പറങ്കാപ്പഴം കറുപ്പിച്ച കവിളുകളുരസി
മണ്ണില്‍ പുതഞ്ഞു മറിഞ്ഞ്
കുഴിയാനകളായത്
പഴുത്തില കടിച്ചെടുത്ത ചില്ലാട്ടങ്ങള്‍
ആടിപ്പാടിക്കുറുകുന്നു.

തഴമ്പ് തിന്നൊടുക്കിയ സ്നിഗ്ദ്ധത
തുണിയൊതുക്കി പടിയിറങ്ങവേ,
പരിഭ്രാന്തിയുടെ ഇമകള്‍
തെരുതെരെ വെട്ടിച്ച്
നീ കൈവിട്ട നനഞ്ഞനോട്ടം
ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,
കണ്ണുകള്‍കുത്തിപ്പൊട്ടിച്ച്
തിരഞ്ഞ് നോക്കണം…
“ഞാന്‍ നിന്നെയണിയിച്ച
മഞ്ഞയോടിയ കപ്പയിലപ്പതക്കം”!

30 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

സംശയിക്കേണ്ട..ഇതു നിനക്കുള്ളതാണ്..നിനക്കു മാത്രം!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ട്ടേ...
ഹാവൂ ഞാനൊരു സഭവം
തന്നെ
തണലിനു കൈനീട്ടം കൊടുത്തേയ്..............

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തഴമ്പ് തിന്നൊടുക്കിയ സ്നിഗ്ദ്ധത
തുണിയൊതുക്കി പടിയിറങ്ങവേ,
പരിഭ്രാന്തിയുടെ ഇമകള്‍
തെരുതെരെ വെട്ടിച്ച്
നീ കൈവിട്ട നനഞ്ഞനോട്ടം
ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,

തണലേ
മേലാലിങ്ങനെയെഴുതരുത്
വേറൊന്നുമല്ല ഞാന്‍ കരഞ്ഞുപോകും..

പരദേശിയായിറങ്ങുമ്പോള്‍.....
തണലിലേക്ക് ആവാഹിച്ച "ചൊന പൊള്ളിക്കറുത്ത
ചുംബന..." മെന്നിലേക്കെത്തിയിരുന്നില്ല
എങ്കിലും അമ്മയുടെയും അനിയത്തിമാരുടെയും
......

പാമരന്‍ പറഞ്ഞു...

ആഹ്! അവളീ ആഴവും പരപ്പും അറിയുന്നുണ്ടോ?

"നീ കൈവിട്ട നനഞ്ഞനോട്ടം
ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,.."

നമിച്ചു മാഷെ.

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

നന്നായിട്ടുണ്ട്

siva // ശിവ പറഞ്ഞു...

തെക്കേ പറമ്പിലെ കൂവളവും പാരിജാതവും
അടക്കം പറഞ്ഞമര്‍ത്തിചിരിക്കുന്നു...ഇപ്പോളിതാ ഞാനും....നന്നായി കവിത....

ജ്യോനവന്‍ പറഞ്ഞു...

ചുംബനത്തിനു ചൊന വീഴ്ത്താനൊക്കുമെന്നും ചൊന ചുംബനത്തിനെ ഓര്‍മ്മയിലേയ്ക്ക് കറുപ്പിക്കുമെന്നും നോക്കുമ്പോള്‍ നിന്റെ കവിളിലൊരു ചുംബനം കണ്ടെന്ന് പറയിപ്പിക്കും. മേല്‍മേലെ ആരെന്തു പൂശിയാലും തെളിഞ്ഞുതെളിഞ്ഞു കിടക്കും. ഹൃദ്യമായി. ഒരിക്കല്‍ മാത്രം വിരിയുകയും പൊഴിയാതിരിക്കുകയും ചെയ്യുന്ന ആ പുഷ്പത്തെക്കുറിച്ച് ഇങ്ങനെ കവിത പാളിപ്പാളി സംസാരിക്കുമ്പോള്‍ മണ്ണിലടരാടിയ, കുഴിയിലെ കുഞ്ഞാനകളെ തരിപ്പൂഴിയുടെ നനുത്ത ഓര്‍മ്മകളില്‍ നിന്നും ഊതിയൂതി കണ്ടെടുക്കുന്നു. സന്തോഷം. അത്തരമൊരു സന്തോഷം.

ബാജി ഓടംവേലി പറഞ്ഞു...

:)

ചന്ദ്രകാന്തം പറഞ്ഞു...

നനഞ്ഞനോട്ടം.....!!!

മാന്മിഴി.... പറഞ്ഞു...

പിന്നെയ്, എനിക്കിഷ്ട്മായിരിക്കുന്നു കേട്ടോ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കണ്ണുകള്‍കുത്തിപ്പൊട്ടിച്ച്
തിരഞ്ഞ് നോക്കണം…
“ഞാന്‍ നിന്നെയണിയിച്ച
മഞ്ഞയോടിയ കപ്പയിലപ്പതക്കം”!

പഴയകാലത്തിന്റെ ഓറ്മകള്‍ മനസ്സില്‍ ഉണരുന്നു..അന്നു കപ്പയിലയുടെ തണ്ടു കൊണ്ട് മാല ഉണ്ടാക്കി കൂട്ടുകാരന്റെ കഴുതില്‍ ഇട്ടതും അവന്‍ തിരിച്ചൊരു മാല ഇട്ടു നമ്മള്‍ കല്യാണം കഴിച്ചെന്നു പറഞ്ഞതും ഒക്കെ നനുത്ത സുഖമുള്ള ഓര്‍മ...

Sharu (Ansha Muneer) പറഞ്ഞു...

:) നന്നായിരിക്കുന്നു

ഒരു സ്നേഹിതന്‍ പറഞ്ഞു...

ആശംസകള്‍...

നജൂസ്‌ പറഞ്ഞു...

ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,
നന്നായി മാഷേ... ഇവിടം എനിക്കങ്ങ്‌ പെര്‌ത്ത്‌ ഇഷ്ടായി...

നന്മകള്‍

Rare Rose പറഞ്ഞു...

തണലേ..,ഈ കപ്പയിലപ്പതക്കം കാണുമ്പോള്‍ കൂടുതലൊന്നും പറയാനാവുന്നില്ല....പറയാവുന്നതിലേറേ വരികളിലൂടെ പറഞ്ഞു വെച്ചുവല്ലോ...നന്നായീട്ടാ വരികളെല്ലാം..

തണല്‍ പറഞ്ഞു...

രഞ്ജിത്തേ,
കൈനീട്ടം നന്നായിട്ടുണ്ട്..
സത്യത്തില്‍ ഞാനാഗ്രഹിക്കുന്ന സ്നേഹത്തില്‍ കുതിര്‍ത്ത എന്തോ ഒന്നാണ് നിങ്ങളുടെ കമന്റിന്റെ ജീവന്‍..ഞാനീയെഴുതുന്നതും അത് അനുഭവിക്കാനാണെന്ന് തോന്നിപ്പോകും പലപ്പോഴും..!നല്ലതാണെങ്കിലും,കെട്ടതാണെങ്കിലും!
പാമര്‍ജീ,
വിനയത്തിന്റെ മൂടുപടമല്ലാ നിങ്ങള്‍ക്ക്..മനുഷ്യത്വത്തിന്റെ പറിഞ്ഞുപോരാത്ത
പുറം ചട്ട..ബ്ലോഗിടത്തില്‍ ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ ഒരുവന്‍!
സജീ,
വന്നതില്‍ സന്തോഷം!
ശിവ,
കുറെനാള്‍ കൂടിയിരുന്നു കാണുന്നു..സുഖമല്ലേ?
ജ്യോനവാ,
കൊല്ലും ഞാന്‍..എന്നെ വായിക്കുന്നുണ്ടല്ലോ നീ..അതു മതി..ധാരാളം:)
ബാജി ഭായി,
എന്നത്തെയും പോലെ ഈയുള്ളവ്ന്റെ ഒരു ചിരിയുണ്ട് തിരിച്ച്!

തണല്‍ പറഞ്ഞു...

ചന്ദ്രകാന്തം,
ഞാനൊന്നും പറയുന്നില്ലാ..അതൊരു കടമായിക്കിടക്കട്ടെ,നേരില്‍ കാണുമ്പോള്‍ പറഞ്ഞൊഴിക്കാന്‍ അങ്ങനെയെന്തെങ്കിലും...
ഷെറിക്കുട്ടീ,
സംശയിക്കേണ്ട..ആര്‍ക്കും ഈ പതക്കത്തില്‍ തെരുകിപ്പിടിച്ച് നാണിച്ച് മുഖമുയര്‍ത്താം..
കാന്താരി ക്കുട്ടീ,
കൂട്ടുകാരനണിയിച്ച കപ്പയിലപ്പതക്കം..ഓര്‍ക്കുന്നുണ്ടല്ലോ..സന്തോഷം!

Unknown പറഞ്ഞു...

തണലെ എന്നെ ശിഷ്യനാക്കു ഞാന്‍ നിങ്ങളെ പ്രണമിച്ചു പോകുന്നു എന്താ വരികളുടെ പകിട്ട്
ഈ തീക്ഷണത എന്നൊക്കെ പറയുന്നത് ഇതാണ്
കൊള്ളാട്ടൊ

തണല്‍ പറഞ്ഞു...

ഷാരു,
നന്ദി പെങ്ങളേ.
സ്നേഹിതാ,
സന്തോഷം!
നജൂസേ,
എന്നെ കുത്തികുത്തി കരയിപ്പിക്കല്ലേ..:)

തണല്‍ പറഞ്ഞു...

റോസേ,
ഞാനെന്താ പറയുക..എന്റെ പ്രചോദനങ്ങളിലെ
കുഞ്ഞു പട്ടുപാവാടക്കാരിയൊട്..സന്തോഷം മാത്രം പങ്കിടുന്നു!
അനൂപേ,
നീയെന്റെ ശിഷ്യനല്ലാ..അനുജനാണെന്ന് വീണ്ടും പറയിക്കണൊ മോനേ..:)

ഗീത പറഞ്ഞു...

എത്ര ഭാഗ്യവതിയാണവള്‍.....

തല്‍ക്കാലം വിരഹത്തിന്റെ ചൂടിലുരുകുകയാണെങ്കിലും ഈ സ്നേഹത്തണലിന്റെ കുളിര്‍മ്മ മുഴുവനും അവള്‍ക്കുള്ളതല്ലേ.....

തണല്‍ പറഞ്ഞു...

ഗീതേച്ചി,
കുത്തിക്കുത്തി ഒടുവിലെന്നെ കരയിച്ചു കേട്ടോ..:(

ഗീത പറഞ്ഞു...

അയ്യോ സങ്കടപ്പെടുത്തിയോ തണലേ ? മാപ്പ്...
ആ സങ്കടം എന്നെയും കരയിക്കുന്നു....

ഇഗ്ഗോയ് /iggooy പറഞ്ഞു...

വൈകിപ്പോയെങ്കിലും വായിക്കാതിരുന്നില്ലല്ലോ
എന്നോര്‍ത്ത് ഞാന്‍ സമാധാനിക്കുന്നു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കൊല്ലും ഞാന്‍ തണലേ..
എന്റെ കാക്കപ്പാതി എവിടെ?

തണല്‍ പറഞ്ഞു...

ഏത് കാക്കപ്പാതി..
ഞാനോര്‍ക്കുന്നില്ലാല്ലോ
..നീയെന്നെ നശിപ്പിച്ചേയടങ്ങൂ അല്ലേടാ.(താളവട്ടത്തിലെ ജഗതിയുമായി കൂട്ടിചേര്‍ത്ത് വായിക്കാന്‍ അപേക്ഷ..:))

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിതകള്‍..
ദയവായി എനിക്കൊരു മെയില്‍ ചെയ്യൂ...
vishnuprasadwayanad at gmail.com

അജ്ഞാതന്‍ പറഞ്ഞു...

തണലേ ആ കാക്കപ്പാതിയെടുത്തു തണലില്‍ വയ്ക്കൂ.... പാമരന്റെ പാതി ശംഖിലൂടെ വന്ന് ഞാനുമതു രുചിച്ചിരുന്നു.

പാമരന്‍ പറഞ്ഞു...

തണലേ..

വേണ്ടാ, വേണ്ടാ.. കളി എന്നോടു വേണ്ടാ.. മര്യാദയ്ക്കു പൊറത്തു വരുന്നതാ നല്ലത്‌... :)

ദേ വിഷ്ണുമാഷിന്‍റെ അഭിനന്ദനം..! ഇനിയെന്താ വേണ്ടേ....

നന്ദ പറഞ്ഞു...

പാമരന്‍ മാഷ് പറഞ്ഞപോലെ ‘അവളറിയുന്നുണ്ടാവുമോ..’
നന്നായി..