ശനിയാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ഉരുളയുരുട്ടി
പകുത്തു കൊടുക്കുമ്പോള്‍
പെണ്ണിന്റെ കണ്ണില്‍
നിറഞ്ഞ് വെട്ടിത്തിരിയുന്നത്
അസൂയയല്ലേന്ന്
കളി പറഞ്ഞൊതുക്കും..

നെഞ്ചില്‍ നിന്നും
കുഞ്ഞികൈയുംമുഖവുമുയര്‍ത്തി,
പടിക്കുപുറത്തെ അക്ഷമയുടെ
ചുവടിടറിയ ദിനരാത്രങ്ങളില്‍
തല കുടഞ്ഞ് നില്‍ക്കുമ്പോള്‍,‍
അച്ഛനെപ്പരതി വക്കുതെറ്റിയ
കുട്ടിത്തം വീണുമുഴയ്ക്കുന്നു
ഉള്ളിലെവിടെയോ....


അടപ്പിളകിയ മുറുക്കാന്‍ ചെല്ലം
വലിച്ച് നിരക്കുന്നതും
മുറുമുറുപ്പിന്റെ കുറുകലിനൊപ്പം
പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും
വാഴക്കൂമ്പിലെ വവ്വാല്‍
ചിറകടിച്ചേറ്റ് പറയും..


കവിതയും
പാട്ടുകളുമായി ബീഡിക്കുറ്റികള്‍
അണഞ്ഞൊടുങ്ങുന്നതും
മയക്കം തുടങ്ങിയ കണ്ണുകളുമായി
അവനോ ആന്തലൊടുങ്ങിയ
വഴികളിലേക്ക് നടന്നു മറയുന്നതും
ജേതാവിന്റെ മനവുമായി
കണ്ടിരുന്ന രാവുകള്‍..

ഒക്കെയും ഓര്‍ക്കുന്നുണ്ടാവണം.
അല്ലെങ്കിലെന്തിനാവും
അവന്റെ സ്വരം ഇടര്‍ച്ച വിഴുങ്ങിയതും
ഉറക്കച്ചടവിന്റെ മൂശേട്ടക്കിടയിലും
എന്റെ കണ്ണുകള്‍
സജലങ്ങളായതും…………….?

18 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആഹാ പിറന്നാളാണൊ ?? എന്നിട്ട് ഞങ്ങള്‍ക്ക് സദ്യ ഒന്നും ഇല്ലല്ലേ..പ്രതിഷേധിക്കുന്നു..നല്ല കവിത അതിനൊപ്പം പിറന്നാളാശംസകളും...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തണലേ പങ്കില്ല,
പിറന്നാളറിയിക്കാത്തതിന്‌,

തണല്‍ പറഞ്ഞു...

കവിത ആയി കാണരുത്..ലഹരി പിടിച്ച ചങ്ങാത്തങ്ങളിലൊന്ന്!

തണല്‍ പറഞ്ഞു...

കാന്താരിക്കുട്ടീ,
രഞ്ജിത്തേ,
ആരോഗ്യപരമായ കാരണങ്ങളാല്‍
ആ കമന്റ് നീക്കം ചെയ്തതില്‍ ഖേദിക്കുന്നു..:)

പാമരന്‍ പറഞ്ഞു...

അച്ഛനെപ്പരതി വക്കുതെറ്റിയ
കുട്ടിത്തം വീണുമുഴയ്ക്കുന്നു

അടപ്പിളകിയ മുറുക്കാന്‍ ചെല്ലം
വലിച്ച് നിരക്കുന്നതും
മുറുമുറുപ്പിന്റെ കുറുകലിനൊപ്പം
പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും

അതാണു തണല്‍ ടച്ച്‌..!

ഈ പിറന്നാളു പ്രശ്നം എന്താ.. വരാന്‍ വൈകിപ്പോയല്ലോ..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമുവണ്ണാ ആരോടും പറയില്ലാ എന്ന് ഉറപ്പ്
തരികയാണെങ്കില്‍ ഞാനൊരു
രഹസ്യം പറയാം,,,
അതെയ്, അതായത്
ഇന്നേയ്.... ഇന്ന്, തണലിന്റെ
പിറന്നാളായിരുന്നത്റേ...നമ്മളോടൊരു
വാക്കു പോലും പറഞ്ഞില്ലല്ലോ...
സങ്കടണ്ട് പാമുവേട്ടാ, സങ്കടം....

തണലേ ആരോഗ്യകരമായ കാരണത്താല്‍
ഇതും ഡിലീറ്റിക്കോളൂ......
പാമുവണ്ണന്‍ വായിച്ചു കാര്യത്തിന്റെ
കിടപ്പു മനസ്സിലായതിനു ശേഷം....

Unknown പറഞ്ഞു...

കവിതയും
പാട്ടുകളുമായി ബീഡിക്കുറ്റികള്‍
അണഞ്ഞൊടുങ്ങുന്നതും
മയക്കം തുടങ്ങിയ കണ്ണുകളുമായി
അവനോ ആന്തലോടുങ്ങിയ
വഴികളിലേക്ക് നടന്നു മറയുന്നതും
ജേതാവിന്റെ മനവുമായി
കണ്ടിരുന്ന രാവുകള്‍..
ആ ജേതാവിനിന്നും കോട്ടം തട്ടിട്ടില്ലാല്ലൊ
ആ ജേതാവ് ഇന്നും അജയനല്ലെ
അവനെ സേനഹത്തിന്റെ തണലെന്ന് വിശേഷിപ്പിക്കാന്‍ പാടില്ലെ
എന്റെ പിറന്നാള്‍ ആശംസകള്‍
സസ്നേഹം
അനിയന്‍
പിള്ളേച്ചന്‍

Unknown പറഞ്ഞു...

ദുഷടനായ ചേട്ടന്‍ തണലെ എന്നെ പിറന്നാള്‍
അറിയിച്ചില്ലാ
ആരേലും എന്തേലും കുരുത്തകേട് കാട്ടൂന്ന് പേടിച്ചിട്ടാണോ
എന്തായാലും
വിളിച്ചില്ലേലും അറിയിച്ചില്ലേലും
എന്റെ സന്തോഷം ഞാന്‍ പങ്കു വയ്ക്കുന്നു.
ആശംസകള്‍
ഒരുപ്പാട് ഉയരങ്ങളിലേക്ക് ചിറകടിച്ച് പറക്കാന്‍
മറ്റുള്ളവര്‍ക്കും തണലാവാനും ഈശ്വരന്‍ അനുഗ്രഹിക്കട്ടേ
ആശംസകളൊടെ
അനിയന്‍
പിള്ളേച്ചന്‍

ചന്ദ്രകാന്തം പറഞ്ഞു...

."..പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും"...

ഒതുക്കിപ്പറയലിന്റെ തെളിമയുള്ള മുഖം.

:)

പാമരന്‍ പറഞ്ഞു...

ഹയ്യോ വീണ്ടും ലേറ്റായല്ലോ...

ഞങ്ങള്‍ക്ക്‌ കടഞ്ഞെടുത്ത കവിതകളുമായി രമിക്കാന്‍ ഒത്തിരിക്കാലം ഭാഗ്യമുണ്ടാകട്ടെ എന്ന്‌ സ്വയം ആശംസിക്കുന്നു..!

രണ്‍ജിത്തേ താങ്ക്സ്‌..!

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan പറഞ്ഞു...

nice

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കലിപ്പ്‌കള്‌ തീറ്ന്ന്,
എന്തരായാലും ഇനി പറഞ്ഞിട്ട് എന്തര്‌ കാര്യം,
കൊറച്ച് സമയങ്ങളങ്ങ് വൈകിയാലും
ച്വോര ച്വോരതന്നെയാണല്ല്....
തണലണ്ണാ,.... ഹാപ്പി ബര്‍ത്ത്ഡേയ് പറയണ്‌ കെട്ടാ....
(വെച്ചിട്ടണ്ട് കെട്ടാ)....

smitha adharsh പറഞ്ഞു...

:)

Rare Rose പറഞ്ഞു...

തണലേ..,..ഈ കണ്ണാടിക്കാഴ്ച്ചകള്‍ക്ക് ഒട്ടും മങ്ങലില്ലായിരുന്നു...കണ്ണിമ പൂട്ടാതെ നോക്കിയങ്ങിരുന്നു പോയി...
അടപ്പിളകിയ മുറുക്കാന്‍ ചെല്ലം
വലിച്ച് നിരക്കുന്നതും
മുറുമുറുപ്പിന്റെ കുറുകലിനൊപ്പം
പനി പിടിപ്പിക്കും ചെക്കനെന്നു
ഇടത്തെ അണയിലേക്ക്
പറഞ്ഞൊതുക്കുന്നതും
വാഴക്കൂമ്പിലെ വവ്വാല്‍
ചിറകടിച്ചേറ്റ് പറയും.....
ഈ വരികള്‍ മനസിലേക്കെടുക്കുന്നു......:)
പിറന്നാളാണെന്നു കണ്ടല്ലോ...ആരോഗ്യപരമായ കാരണമൊന്നും മനസ്സിലായില്ല.....ഈ ചില്ലയില്‍ തണല്‍ വിരിക്കാന്‍ ഇനിയുമൊരുപാട് കാലം കഴിയട്ടെ..പിറന്നാളാശംസകള്‍..:)

തണല്‍ പറഞ്ഞു...

എല്ലാവര്‍ക്കുമായി:-
പിറന്നാളിന്റെ ആഘോഷങ്ങളൊക്കെ ആസ്വദിക്കാനുള്ള പ്രായം കഴിഞ്ഞതിനാലാവും ആരോടും പറയാന്‍ തോന്നിയില്ല..ക്ഷമിക്കുക.
അതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട് താനും.
ഈ വരികള്‍ എഴുതുമ്പോള്‍ കുട്ടിക്കാലം മുതലുള്ള ഒരു ചങ്ങാതിയുടെ ഫോണ്‍കോളിന്റെ ഹാങ്ങോവറിലായിരുന്നു ഞാന്‍...ഒരു വഴിപാടുപോലെ എല്ലാ പിറന്നാളിനും ഓര്‍ത്തിരുന്നവന്‍ വിളിക്കും.ഇത്തവണയും പതിവുകള്‍ തെറ്റിച്ചില്ലവന്‍.അപ്പോള്‍ രണ്ട് വരിയെഴുതിപ്പോയതാണേ..:)

കാന്താരിക്കുട്ടീ,
ആദ്യപ്രതിഷേധത്തിന് റൊമ്പ താങ്ക്സ് കേട്ടാ..:)
രഞ്ജിത്തേ,
നീയെന്റെ ആരോഗ്യം നശിപ്പിച്ചേയടങ്ങൂ അല്ലേ..എന്തായാലും വൈകിയാണേലും ച്വോര തിരിച്ചറിഞ്ഞല്ലോയപ്പീ...അത് മതി.വെച്ചിട്ടുള്ളതും കൊണ്ടിങ്ങു വാ..ശരിയാക്കിത്തരാം.:)
പാമര്‍ജീ,
പിണങ്ങല്ലേയിഷ്ടാ..നിങ്ങളൊക്കെയില്ലെങ്കില്‍ എനിക്കെന്ത് ആഘോഷം.ആശംസകള്‍ക്ക് നന്ദി.

തണല്‍ പറഞ്ഞു...

പിള്ളേച്ചനനിയോ..,
നിന്റെ സ്നേഹവും ആശംസകളും വല്ലാതെ ശ്വാസം മുട്ടിക്കുന്നെന്നെ.സന്തോഷമുണ്ട്..ഒരുപാട്!
ചന്ദ്രകാന്തം,
ഒതുക്കിപറഞ്ഞ് പറഞ്ഞ് ഞാനൊരു വിധമായേ...:)
ഇന്ദ്രാ,
കൌടില്യകീറാമുട്ടിയില്‍ വന്നിരുന്നു ഞാന്‍..നടക്കട്ടേ,നടക്കട്ടേ..:)
സ്മിതാ,
ഒരു ചിരികണ്ടാല്‍.....:)
കുഞ്ഞുറോസേ,
ആശംസകള്‍ക്ക് നന്ദി.ഈ ആരോഗ്യപരമായ കാരണമെന്നു തമാശിച്ചെഴുതിയതാണ് കേട്ടോ.ഇവരെല്ലാം കൂടി തല്ലികൊല്ലേണ്ടെന്നു കരുതി ഡിലീറ്റിയതാ റോസേ...:)

ജ്യോനവന്‍ പറഞ്ഞു...

!
(ആശംസകള്‍)
:)