തിങ്കളാഴ്‌ച

മഴയാണ്..

മഴയാണ്,

മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.

മഴയാണ്..,,

മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!

മഴയാണ്..,,

മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.

മഴയാണ്!

കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!

...............

നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..

എന്റെ മഴേ...!!





18 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഒരിക്കല്‍ ആരുമറിയാതെ ഒന്നു പോസ്റ്റിയതാണ്
എങ്കിലും കിടക്കട്ടെ,
ഒരു വഴിക്കു പോകുന്നതല്ലേ.

(നാട്ടിലേക്കേ..)
:)

ആഗ്നേയ പറഞ്ഞു...

പ്രണയം പൂത്തുലഞ്ഞു പെയ്യുന്നു..
(നാട്ടിലേക്കുള്ള വഴിക്കാണിതല്ലേ?എനിക്കെല്ലാം മനസ്സിലാവണ്ണ്ട് ട്ടാ ;)

എറക്കാടൻ / Erakkadan പറഞ്ഞു...

പക്ഷെ നന്നായി ..ഒന്നുകൂടെ വായിക്കാൻ പറ്റിയില്ലേ

കാവലാന്‍ പറഞ്ഞു...

"കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു"..

അണ്ണാ.......... :)

Jayasree Lakshmy Kumar പറഞ്ഞു...

നിറയേ പ്രണയം പെയ്യുന്നു

പാമരന്‍ പറഞ്ഞു...

വൃത്തികെട്ടവനേ.. നീയെന്‍റെ മനസ്സുകുത്തിത്തുറന്നു.

എന്‍റെ മഴേ, എന്‍റെ മാത്രം മഴേ.

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

അതെ..പ്രണയത്തിന്റെ മഴ...

ഗീത പറഞ്ഞു...

മഴയുടെ, കാറ്റിന്റെ, പിച്ചകപ്പൂവിന്റെ, കൈതപ്പൂവിന്റെ, ചന്ദനക്കുറിയുടെ ഒക്കെ വാസന നിറഞ്ഞുതുളുമ്പുന്ന കവിത.

ഇങ്ങനത്തെ കവിതയും എഴുതാനറിയും അല്ലേ തണലേ?
ആഗ്ന പറഞ്ഞപോലെ എനിക്കും എല്ലാം മനസ്സിലായീ.....

ചന്ദ്രകാന്തം പറഞ്ഞു...

മനതാരിലനുരാഗമുണരും വസന്തം!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

..മഴയാണ്

തണല്‍ പറഞ്ഞു...

ആഗ്നേയ - ഒക്കെ മനസ്സിലാക്കി കളഞ്ഞല്ലേ...ഗൊച്ചു ഗള്ളീ‍ീ‍ീ..:)
ഏറനാടാ - വീണ്ടും വായനയ്ക്ക് വളരെ നന്ദി.
കാവലാനേ - കൂയ്യ്യ്യ്യ്യ്യ്യ്..:)
ലക്ഷ്മി - സന്തോഷം
പാമരാ - എടാ ഡബിള്‍ വൃത്തികെട്ടവനേ..ഉമ്മ!
keralainside.net - എന്തരോ എന്തോ..ന്നാലും വന്നതല്ലേ..നന്ദി
കുമാരാ - പുഞ്ചിരി
തൃശൂര്‍ക്കാരന്‍ ഗഡി - :)
ഗീതേച്ചീ - സന്തോയം വന്നാലും കവിതയെഴുതും സങ്കടം വന്നാലും കവിത വരും..എന്നെ സമ്മതിക്കണം.
:)
ചേച്ചീ - ഈ വസന്തങ്ങള്‍ പൊലിയാതിരിക്കട്ടെ!
സീപീ - മം..മഴ ..മഴ..മഴ..

ഫസല്‍ ബിനാലി.. പറഞ്ഞു...

കൈതപ്പൂവിന്‍റെ മണമുള്ള മഴ...
ആശംസകള്‍

Micky Mathew പറഞ്ഞു...

മഴയാണോ പ്രണയമാണോ

ശ്രീ പറഞ്ഞു...

നനഞ്ഞു...
:)

ഭൂതത്താന്‍ പറഞ്ഞു...

"കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!"

ഈ ചുംബനങ്ങള്‍ ചേര്ത്തു വച്ചോളു മാഷേ ....നാട്ടിലെക്കല്ലേ യാത്ര ..ഉപകാരപ്പെടും ....ഡിങ്കി...ടിക

ബിനോയ്//HariNav പറഞ്ഞു...

ഞാനും കുതിര്‍ന്നു.. :))

Sreejith പറഞ്ഞു...

:)

Manoraj പറഞ്ഞു...

പ്രണയം പൂത്തുലഞ്ഞു പെയ്യുന്നു..