ഞായറാഴ്‌ച

റിയാലിറ്റി ഷോ

ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!

മോങ്ങിയതേയില്ല,

ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!

കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,

കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!

ഒടുവില്‍
എലിമിനേഷന്‍ റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!

08-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)

നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.

പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.

എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?

ശനിയാഴ്‌ച

അവനിവിടെത്തന്നെയുള്ളപ്പോള്‍..

ഇനി ദിവസവും അധികം ഇല്ല.

സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.

പക്ഷെ എന്നാലും എഴുതും. മരണം വരെ......

എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...

-ജ്യോനവന്‍

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

തിങ്കളാഴ്‌ച

മഴയാണ്..

മഴയാണ്,

മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.

മഴയാണ്..,,

മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!

മഴയാണ്..,,

മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.

മഴയാണ്!

കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!

...............

നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..

എന്റെ മഴേ...!!





ചൊവ്വാഴ്ച

ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍

ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

താരാട്ടാണത്..

ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..

ചാപിള്ളകള്‍ക്കായുള്ള താ‍രാട്ട് പാട്ട് !

ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.

ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..

വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!

തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!